ഐഎസ്എല്ലില്‍ ഇന്നലെ നടന്ന എഫ്സി ഗോവ - ഒഡിഷ എഫ്സി മത്സരം സമനിലയില്‍

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന എഫ്സി ഗോവ - ഒഡിഷ എഫ്സി മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഒരു ഗോളിന് മുന്നില്‍ നിന്ന ഒഡിഷയ്ക്കെതിരേ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ ഗോവ സമനില പിടിക്കുകയായിരുന്നു.
തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ 61-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജൊനാഥാസ് ക്രിസ്റ്റ്യനാണ് ഒഡിഷയെ മുന്നിലെത്തിച്ചത്. ഹാവിയര്‍ ഹെര്‍ണാണ്ടസിനെ ആല്‍ബര്‍ട്ടോ നൊഗ്വേര ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.
കിക്കെടുത്ത ജൊനാഥാസ്, ഗോവ ഗോള്‍ കീപ്പര്‍ നവീന്‍ കുമാറിന് യാതൊരു അവസരവും കൊടുക്കാതെ പന്ത് വലയിലെത്തിച്ചു. മത്സരം ഒഡിഷ സ്വന്തമാക്കിയെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് കബ്രേറയുടെ ക്രോസ് വലയിലെത്തിച്ച് അലക്സാണ്ടര്‍ ജെസുരാജ് ഗോവയ്ക്ക് സമനില നേടിക്കൊടുത്തത്. 18 പോയന്റുമായി ഒഡിഷ ഏഴാം സ്ഥാനത്തും 15 പോയന്റുള്ള ഗോവ ഒമ്പതാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha