ലാലിഗയില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്...

ലാലിഗയില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്. റയോ വലെകാനോയാണ് റയലിനെ 1-1ന് തളച്ചത്. മത്സരം തുടങ്ങി മൂന്ന് മിനിറ്റിനകം ജൊസേലുവിലൂടെ റയല്‍ ലീഡ് പിടിച്ചു. വലതു വിങ്ങില്‍ നിന്ന് വാല്‍വെര്‍ദെ നല്‍കിയ ക്രോസ് ജൊസേലു വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
27ാം മിനിറ്റില്‍ റയോ തിരിച്ചടിച്ചു. ബോക്‌സില്‍ വെച്ച് എഡ്വാര്‍ഡോ കമവിംഗയുടെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്ന് വി.എ.ആര്‍ പരിശോധനയിലൂടെയാണ് റഫറി പെനാല്‍റ്റിയിലേക്ക് വിസിലൂതിയത്. കിക്കെടുത്ത റൗള്‍ ഡി തോമസ് പന്ത് അനായാസം പോസ്റ്റിലെത്തിച്ചു.
35ാം മിനിറ്റില്‍ റയല്‍ ഗോളിനടുത്തെത്തിയെങ്കിലും ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചത് തിരിച്ചടിയായി.
ഇടവേളക്ക് തൊട്ടുമുമ്പ് റയോക്കും മികച്ച അവസരം ലഭിച്ചെങ്കിലും റയല്‍ ഗോള്‍കീപ്പര്‍ വിലങ്ങിട്ടു. 80ാം മിനിറ്റില്‍ ടോണി ക്രൂസിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് റയോ ഗോള്‍കീപ്പര്‍ ഇടത്തോട്ട് പറന്ന് തട്ടിയകറ്റി. ഇഞ്ചുറി സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ എതിര്‍താരത്തെ ഇടിച്ചിട്ടതിന് അന്റോണിയോ കാര്‍വജല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകുന്നതിനും മത്സരം സാക്ഷിയായി.
https://www.facebook.com/Malayalivartha