ധോണിയുടെ ദേശസ്‌നേഹത്തിന് കോട്രലിന്റെ സല്യൂട്ട്

സൈനിക സേവനത്തിനായി ക്രിക്കറ്റിന് താല്‍ക്കാലിക അവധി നല്‍കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ദേശസ്‌നേഹത്തെ, സൈനികന്‍ കൂടിയായ വെസ്റ്റിന്‍ഡീസ് താരം ഷെല്‍ഡന്‍ കോട്രല്‍ വാനോളം പുകഴ്ത്തി. കളത്തിലും കളത്തിനു പുറത്തും തീര്‍ത്തും മാതൃകാപരവും പ്രചോദനാത്മകവുമായ ജീവിതമാണ് ധോണിയുടേതെന്ന് കോട്രല്‍ പ്രശംസിച്ചു. ട്വിറ്ററിലൂടെയാണ് വിന്‍ഡീസിന്റെ ലോകകപ്പ് താരത്തിന്റെ പ്രശംസ.
'ക്രിക്കറ്റ് കളത്തില്‍ ഈ മനുഷ്യന്‍ (മഹേന്ദ്രസിങ് ധോണി) തീര്‍ച്ചയായും ഒരു പ്രചോദനമാണ്. തന്റെ സാധാരണ കടമകള്‍ കൂടാതെ തന്നെ രാജ്യത്തിനായി സേവനം ചെയ്യുന്ന ഇദ്ദേഹം ഒരു തികഞ്ഞ രാജ്യസ്‌നേഹി കൂടിയാണ്. കഴിഞ്ഞ ഏതാനും ആഴ്ചയായി ജമൈക്കയിലെ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഞാന്‍. അവിടെയെനിക്ക് വിചിന്തനത്തിന് ധാരാളം സമയം ലഭിച്ചു' - ഇതാണ് കോട്രലിന്റെ ആദ്യ ട്വീറ്റ്.
തൊട്ടുപിന്നാലെ ധോണിയുടെ രാജ്യസ്‌നേഹത്തിനു പുറമെ ഭാര്യയോടുള്ള സ്‌നേഹത്തെയും പുകഴ്ത്തി രണ്ടാമത്തെ ട്വീറ്റും കോട്രല്‍ പോസ്റ്റ് ചെയ്തു.
'ഈ വിഡിയോ ഞാന്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പങ്കുവച്ചിരുന്നു. ഇത്തരത്തില്‍ ആദരിക്കപ്പെടുക എന്നത് എനിക്ക് എത്രമാത്രം ആവേശം പകരുമെന്ന് അവര്‍ക്കറിയാം. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പരസ്പരം സ്‌നേഹവും അവര്‍ക്കു രാജ്യത്തോടുള്ള സ്‌നേഹവും ഈ വിഡിയോയിലുണ്ട്' - 'എന്നെപ്പോലെ നിങ്ങളും ആസ്വദിക്കൂ' എന്ന കുറിപ്പോടെ 2011-ല്‍ ധോണി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി സ്വീകരിച്ചതിന്റെ വിഡിയോയും കോട്രല്‍ പങ്കുവച്ചു.
ധോണിയുടെ സൈനിക പശ്ചാത്തലത്തേക്കുറിച്ച് പറഞ്ഞ് കോട്രല്‍ ആവേശഭരിതനാകുന്നത് വെറുതെയല്ല. ജമൈക്കന്‍ പട്ടാളത്തിലായിരുന്നു കക്ഷി. അവിടെനിന്ന് അനുമതി വാങ്ങിയാണ് അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് ടീമിനായി കളത്തിലിറങ്ങിയത്.
ലോകകപ്പിലെ ഓരോ വിക്കറ്റ് നേട്ടവും 'മിലിട്ടറി സല്യൂട്ടിന്റെ' അകമ്പടിയോടെ ആഘോഷിച്ച കോട്രല്‍, ആരാധകര്‍ക്ക് ആവേശം പകര്‍ന്നൊരു കാഴ്ചയായിരുന്നു. ഓരോ വിക്കറ്റ് നേട്ടത്തിനു ശേഷവും കൃത്യമായ ചുവടുകള്‍ വച്ച് കോട്രല്‍ നല്‍കുന്ന സല്യൂട്ടിന് ആരാധകരുമേറെയായിരുന്നു. ആ സല്യൂട്ട് കാണാന്‍ വേണ്ടിമാത്രം, കോട്രലിനു കൂടുതല്‍ വിക്കറ്റ് കിട്ടട്ടെ എന്നാഗ്രഹിച്ചവര്‍ പോലുമുണ്ട്.
പാക്കിസ്ഥാനെതിരായ ആദ്യ മല്‍സരത്തിലാണ് ലോകകപ്പ് മുഴുവന്‍ 'കോട്രല്‍ സല്യൂട്ടി'ന്റെ ആരാധകരായത്. പാക്കിസ്ഥാന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഇമാമുല്‍ ഹഖിനെ രണ്ടു റണ്‍സിനു പുറത്താക്കിയ ശേഷം ആഹ്‌ളാദപ്രകടനത്തിനുമുമ്പ് കോട്രല്‍ ഒന്നുനിന്നു. പിന്നെ എണ്ണിയെടുത്ത ചുവടുകള്‍. ഒടുവില്‍ നെഞ്ചു വിരിച്ച്, തലയുര്‍ത്തി കിടിലനൊരു സല്യൂട്ടും. ശേഷമായിരുന്നു കൈകള്‍ ആകാശത്തേക്കു വായുവിലുയര്‍ത്തിയുള്ള വിജയാഹ്ലാദം. അതുമൊരു സൈനികനു ചേര്‍ന്ന വിധം, ഗാംഭീര്യത്തോടെ. ഓസ്‌ട്രേലിയയ്ക്കെതിരെ വിന്‍ഡീസ് പൊരുതിത്തോറ്റ മല്‍സരത്തിലും കോട്രലിന്റെ സല്യൂട്ട് തരംഗമായി. ഡേവിഡ് വാര്‍ണറായിരുന്നു ആദ്യ ഇര. പിന്നെ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്വെലും. രണ്ടിനും ആരാധകര്‍ക്കു കിട്ടി; അഭിമാനമിരമ്പുന്ന അഭിവാദ്യങ്ങള്‍.
ഇതിനിടെ, ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തില്‍ ഇതേ സല്യൂട്ടിന്റെ പേരില്‍ കോട്രലും ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയും ചെറുതായൊന്ന് ഉരസുകയും ചെയ്തു. ഈ മല്‍സരത്തില്‍ മുഹമ്മദ് ഷമിയുടെ വിക്കറ്റ് വീഴ്ത്തിയത് കോട്രലായിരുന്നു. പതിവുപോലെ മിലിട്ടറി സല്യൂട്ടുമായാണ് കോട്രല്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. രണ്ടാമതു ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് നിരയില്‍ കോട്രലിനെ പുറത്താക്കിയത് യുസ്വേന്ദ്ര ചെഹലായിരുന്നു. ഇതിനു പിന്നാലെ ഷമി കോട്രലിന്റെ മിലിട്ടറി സല്യൂട്ട് അനുകരിച്ചിരുന്നു.
കിങ്സ്റ്റണില്‍ ജനിച്ച ഈ 29 വയസ്സുകാരന്‍ കളത്തില്‍ വെസ്റ്റിന്‍ഡീസിന്റെ ഊര്‍ജകേന്ദ്രമാണ്. വിന്‍ഡീസ് ബോളിങ്ങിന്റെ കുന്തമുനയായ കോട്രല്‍ ഇതുവരെ ആകെ 22 ഏകദിനങ്ങളേ കളിച്ചിട്ടുള്ളൂ. 29 വിക്കറ്റുകളാണ് നേടിയത്. 46 റണ്‍സിന് 5 വിക്കറ്റാണ് മികച്ച പ്രകടനം. 13 ട്വന്റി20യില്‍നിന്ന് 20 വിക്കറ്റും 2 ടെസ്റ്റുകളില്‍നിന്ന് 2 വിക്കറ്റും സ്വന്തമാക്കി. 2013-ല്‍ കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ ആയിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. പിന്നീട് ടീമില്‍നിന്നു പുറത്തായി. രണ്ടു വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന അരങ്ങേറ്റം. ലോകകപ്പ് ടീമിലും ഇടം നേടിയെങ്കിലും പിന്നീട് പുറത്ത്. അതിനുശേഷം 2017-ലാണ് ദേശീയ ടീമിലെത്തിയത്.
https://www.facebook.com/Malayalivartha