കാഴ്ചകള്‍ തേടി കോട്ടയം-കുമളി റോഡിലൂടെ

പ്രകൃതി അതിന്റെ സൗന്ദര്യംകൊണ്ട് വിരുന്നൂട്ടിയ, കോടമഞ്ഞും മൗനവും പുതച്ചുനില്‍ക്കുന്ന, മലകള്‍ക്കുള്ളില്‍ ഏലത്തിന്റെയും തേയിലയുടെയും കാപ്പിയുടെയും ഗന്ധം നിറഞ്ഞുനില്‍ക്കുന്ന ഒരു പാത. അതാണ് കോട്ടയം കുമളി റോഡ് അഥവാ കെ.കെ റോഡ്. മനുഷ്യനും മലകളും കണ്ടുമുട്ടുമ്പോള്‍ മഹത്തായത് സംഭവിക്കുന്നു എന്ന് വില്യം ബ്‌ളേക് പാടിയത് എത്ര ശരിയാണ്. അതിന്റെ വലിയ ഉദാഹരണമാണ് കെ.കെ റോഡ്. ദൈവത്തിന്റെ ഈ സ്വന്തം പാതക്ക് പറയാന്‍ ഒരുപാട് കഥകളും കാണിച്ചുതരാന്‍ ഒരുപാട് വിസ്മയങ്ങളമുണ്ട്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ ദിവസേനെ സഞ്ചരിക്കുന്ന പാതയാണിത്. പ്രത്യേകിച്ചു വിദേശസഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ഇവിടം. എന്നാല്‍, അതില്‍ എത്രപേര്‍ക്കറിയാം അവരുടെ മുന്‍ഗാമികള്‍ പണിയിച്ചതാണ് ഇതെന്ന്.
109 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത നിലവില്‍ വന്നിട്ട് ഏകദേശം 150 വര്‍ഷമായി. മധ്യ കേരളത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണിത്. കോട്ടയത്തുനിന്ന് ഒന്നാം ഘട്ടമായി മുണ്ടക്കയംവരെ റോഡ് പണിയാന്‍ ഏകദേശം നാലു വര്‍ഷമെടുത്തു. പിന്നീട് കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍ വഴി കുമളിയിലേക്ക് റോഡ് നീട്ടാന്‍ നാലു വര്‍ഷംകൂടി വേണ്ടിവന്നു. കാടും പാറകളും വെട്ടിക്കീറി ഈ മലനിരകളില്‍ റോഡ് പണിയാന്‍ ഒരു ദിവസം 2000 പേര്‍വരെ ജോലി ചെയ്തുവെന്ന് ചരിത്രം.
മുള്‍ക്കാടുകളും സര്‍പ്പങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു ഇന്നത്തെ പൊന്‍കുന്നം. റോഡ് വെട്ടുന്നതില്‍നിന്ന് പണിക്കാര്‍ പിന്‍തിരിഞ്ഞപ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ ഒരു ഉപായം കണ്ടത്തെി. പണിയില്‍ പങ്കെടുക്കുന്ന തൊഴിലാളികളില്‍ ഭാഗ്യശാലികള്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി കൊടുത്തു. അവിടം പിന്നീട് പൊന്‍കുന്നായി മാറിയെന്നത് ചരിത്രകഥ.
ഇത്രയും കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ഈ റോഡിലൂടെ ഒന്നു യാത്ര ചെയ്യാന്‍ തോന്നും. ഈ റോഡ് നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത് കാഴ്ചയുടെ വസന്തങ്ങളാണ്. കോട്ടയം കുമളി റോഡില്‍ കോട്ടയത്തുനിന്ന് ഏകദേശം 62 കി.മീ. പിന്നിടുമ്പോള്‍ വലതു ഭാഗത്തേക്ക് തിരിഞ്ഞ് ഏഴ് കി.മീ. സഞ്ചരിക്കുമ്പോള്‍ ആദ്യ വ്യൂ പോയിന്റായ പാഞ്ചാലി മേട്ടിലത്തൊം.
കുരിശടി (പാഞ്ചാലിമേട്)
ഹരിതാഭമായ പച്ചക്കുന്നുകളാണ് മേടില്‍നിന്ന് കണ്ണോടിച്ചാല്‍ ദൃശ്യമാകുക. നട്ടുച്ചക്കുപോലും ശക്തമായി വീശുന്ന തണുത്ത കാറ്റ്, നീലനിറത്തില്‍ പരന്നുകിടക്കുന്ന താഴ്വാരങ്ങള്‍, തെളിമയാര്‍ന്ന ഈ പ്രകൃതിസൗന്ദര്യം എല്ലാവരെയും ആകര്‍ഷിക്കും. സുഗന്ധ തൈലമൂറ്റാന്‍ ഉപയോഗിക്കുന്ന തെരുവ പുല്ലിനിടയിലൂടെ കല്ലുകള്‍ നിറഞ്ഞ മണ്‍പാതയിലൂടെ കയറി മേട്ടിലത്തെുമ്പോള്‍ കണ്ണില്‍പെടുക നിത്യ പൂജയില്ലാത്ത ഒരു ദേവി ക്ഷേത്രവും അതിപുരാതനമായ സര്‍പ്പപ്രതിഷ്ഠകളും പഴക്കമേറിയതും അപൂര്‍വുമായ ഒരു ശിവലിംഗവുമാണ്.
പഞ്ചപാണ്ഡവര്‍ ഇവിടെ താമസിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. ഒരു പാഞ്ചാലി കുളവും ഭീമന്റെ കാലടി പതിഞ്ഞ ഒരു ഗുഹയും ഇവിടെയുണ്ട്. മകരവിളക്ക് ദിവസം ഇവിടെനിന്ന് മകരജ്യോതി കാണാന്‍ ധാരാളം ഭക്തര്‍ എത്താറുണ്ട്.
വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
പാഞ്ചാലിമേടില്‍നിന്ന് മടക്കയാത്ര കോട്ടയം ഭാഗത്തേക്കാണെങ്കില്‍ പാഞ്ചാലിമേട് ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വള്ളിയാംകാവ് എസ്‌റ്റേറ്റ് വഴി മുണ്ടക്കയം റോഡിലേക്ക് പോകുന്നതായിരിക്കും നല്ലത്. ആ വഴിയുള്ള യാത്ര കുത്തനെയുള്ള ഇറക്കമായതിനാല്‍ സുഖമായിരിക്കും. പക്ഷേ, മേട്ടിലേക്ക് വരാന്‍ ഈ വഴി തെരഞ്ഞെടുത്താല്‍ കയറ്റം കയറി വാഹനവും നമ്മളും മടുക്കും. നമുക്ക് വന്നവഴിയിലൂടെ തന്നെ തിരിച്ചിറങ്ങാം. റോഡില്‍ കയറി ഏഴ് കി.മീ. പിന്നിടുമ്പോഴേക്കും വളഞ്ഞങ്ങാനം വെള്ളച്ചാട്ടമായി. കുട്ടിക്കാനത്തേക്കുള്ള വഴിയില്‍ ഒരു നല്ല വളവിലാണ് ഈ വെള്ളച്ചാട്ടം. വര്‍ഷകാലത്ത് അതിശക്തമാകുന്ന ഈ വെള്ളച്ചാട്ടം വേനല്‍ക്കാലം ആകുമ്പോഴേക്കും ശോഷിക്കുന്നു. കുട്ടിക്കാനം മലനിരകളില്‍നിന്നാണ് ഉദ്ഭവം. വിനോദസഞ്ചാരികള്‍ക്ക് കുളിക്കാന്‍ സൗകര്യത്തിനുവേണ്ടി പ്രത്യേകം കോണ്‍ക്രീറ്റ് പ്‌ളാറ്റ്‌ഫോമുകള്‍ തീര്‍ത്തിട്ടുണ്ട്. കെ.കെ റോഡിലെ വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണമാണ് ഈ വെള്ളച്ചാട്ടം.
മുറിഞ്ഞപുഴ, നിന്നുമുള്ളിപ്പാറ കേസരി എന്നീ പേരുകളിലും ഈ വെള്ളച്ചാട്ടത്തെ അറിയപ്പെടുന്നു. ധാരാളം കുഞ്ഞുകടകളും ചായക്കടകളും ഉള്ളതിനാല്‍ പതിവുയാത്രക്കാരുടെ വിശ്രമസ്ഥലമാണിവിടം. ഈ തണുത്ത വെള്ളച്ചാട്ടത്തില്‍ ഒരു കുളി പാസാക്കി തണുപ്പകറ്റാന്‍ ചൂട് ചായയും കുടിച്ച് ബാക്കി യാത്ര ആരംഭിക്കാം.
ഇവിടെ നിന്ന് നാലു കി.മീ. കഴിയുമ്പോള്‍ കുട്ടിക്കാനം ടൗണായി. അവിടെനിന്ന് വലതു ഭാഗത്തക്ക് തിരിഞ്ഞ് ഒരു കി.മീ. പിന്നിട്ടാല്‍ പൈന്‍ കാടുകള്‍ ആയി. ഇവിടത്തെ പൈന്‍ മരങ്ങള്‍ സൂര്യഭഗവാനെ തങ്ങളുടെ സാമ്രാജ്യത്തിനകത്തേക്ക് കയറ്റില്ല എന്ന വാശിയിലാണ്. പൈന്‍ മരങ്ങള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ വളരെ കഷ്ടപ്പെട്ട് എത്തിനോക്കുന്ന കാഴ്ച ആരും കാമറയില്‍ പകര്‍ത്തും.
ഇനി യാത്ര പരുന്തുംപാറക്കാണ്. ഏഴ് കി.മീ. കെ.കെ റോഡിലൂടെ മുന്നോട്ട് പോയാല്‍ കല്ലാര്‍ കവലയായി. അവിടുന്ന് വലതു ഭാഗത്തേക്ക് നാല് കി.മീ. ആണ് പരുന്തുംപാറക്ക്.
പരുന്തുംപാറ
തേയിലക്കാടുകള്‍ പച്ചപുതപ്പിച്ച കുന്നുകള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന നാട്ടുവഴിയിലൂടെയുള്ള യാത്ര അവസാനിക്കുന്നത് പരുന്തുംപാറയിലാണ്. ഇന്നുവരെ നാം മനസ്സില്‍ സൂക്ഷിച്ച പ്രകൃതിസൗന്ദര്യത്തെക്കുറിച്ചുള്ള എല്ലാ സങ്കല്‍പങ്ങളെയും മനസ്സില്‍നിന്ന് പറിച്ചെറിയും പരുന്തുംപാറ. മൊട്ടക്കുന്നുകളാല്‍ സുന്ദരം, പച്ചപ്പുനിറഞ്ഞ മലമടകള്‍ക്കിടയിലൂടെ വെള്ളിയരഞ്ഞാണംപോലെ ഒഴുകുന്ന ചെറുകാട്ടരുവികള്‍. മഞ്ഞില്‍ മുങ്ങിപ്പൊങ്ങുന്ന പ്രഭാതങ്ങള്‍, ഹൈറേഞ്ചിന്റെ കുളിര്‍മ മുഴുവന്‍ ആവാഹിച്ചെടുത്ത കാറ്റ്. പരുന്തിന്റെ രൂപത്തിലുള്ള ഒരു പാറ ഇവിടെയുണ്ട്. അതിനാലാവണം പരുന്തുംപാറ എന്ന പേരുകിട്ടിയത്. മലഞ്ചെരുവിലൂടെ അല്‍പം മുന്നോട്ട് ഇറങ്ങിച്ചെന്നാല്‍, ആകാശത്തില്‍ മുട്ടിനില്‍ക്കുന്ന ഒരു വലിയ പാറ കാണാന്‍ സാധിക്കും. പാറയുടെ മുകളില്‍നിന്ന് ശബരിമല വനങ്ങളുടെ വിദൂര ദൃശ്യത്തിലേക്ക് ഒഴുകിയിറങ്ങുന്ന മലഞ്ചെരിവുകളുടെ കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനസ്സിനെ പുതിയ അനുഭവങ്ങളിലേക്ക് നയിക്കുമെന്ന് തീര്‍ച്ച.
വര്‍ഷങ്ങള്‍ക്കു മുമ്പുവരെ പുറംലോകത്തിനു മുന്നില്‍ വെളിപ്പെടാതെ കിടന്ന ഈ പ്രദേശം ഇപ്പോള്‍ വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയാണ്. താമസ സൗകര്യങ്ങള്‍ കുറവായിരുന്ന ഇവിടെ ഇപ്പോള്‍ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. കാഴ്ചകളൊക്കെ കണ്ടുനില്‍ക്കവെ പൊടുന്നനെ കണ്‍പോളകളില്‍ തണുപ്പ് നിറഞ്ഞു. മൊട്ടക്കുന്നുകളെയും മലഞ്ചെരുകളെയും കോട പൊതിഞ്ഞു. കാഴ്ചകളൊക്കെ മറക്കപ്പെടും.
https://www.facebook.com/Malayalivartha