ഇടുക്കി ചെറുതോണി അണക്കെട്ടിലുണ്ടായ സുരക്ഷ വീഴ്ചയിൽ ആറ് പോലീസുകാർക്ക് സസ്‌പെൻഷൻ:- ഒറ്റപ്പാലം സ്വദേശിയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും:- നിലവിൽ നടക്കുന്നത് ഗുരുതര വീഴ്ച വരുത്തിയ ഇടുക്കി എസ്എച്ച്ഒയെ സംരക്ഷിക്കുന്ന നടപടി

ഇടുക്കി ചെറുതോണി അണക്കെട്ടിലുണ്ടായ സുരക്ഷ വീഴ്ചയിൽ പോലീസുകാർക്കെതിരെ നടപടി. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു ആറു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് നിയാസ് ആണ് ജൂലൈ 22ന് ഇടുക്കി - ചെറുതോണി ഡാമുകൾ കാണാനായി എത്തിയത്. ഹൈമാസ്റ്റ് ലൈറ്റുകൾക്ക് താഴെ ഏഴിടങ്ങളിലായി 11 താഴുകൾ ഉപയോഗിച്ച് പൂട്ടിയതായും ഷട്ടറിന്റെ റോപ്പ് വേയിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.
ഈ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് നടപടി. പരിശോധനയിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ. ഇടുക്കി എആർ ക്യാമ്പിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വിഎ, അബ്ദുൾ ഗഫൂർ, സുരേന്ദ്രൻ പിആർ, അജേഷ് കെജി, ഒ മനു എന്നിവർക്കെതിരെയാണ് നടപടി. വ്യാഴാഴ്ച രാത്രിയിലാണ് ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി വിയു കുര്യക്കോസിന്റെ അറിയിപ്പ് പുറത്തുവന്നത്. വിനോദസഞ്ചാരികൾ എത്തുമ്പോൾ കെഎസ്ഇബി കൂടുതൽ മുൻകരുതൽ എടുക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര - സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തിടുക്കത്തിലുള്ള നടപടിവരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തത് എട്ടുദിവസം ആകുമ്പോഴാണ് നടപടി. വിഷയത്തിൽ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആദ്യം മുതൽ ആരോപണമുണ്ടായിരുന്നു.
എന്നാൽ ഗുരുതര വീഴ്ച വരുത്തിയ ഇടുക്കി എസ്എച്ച്ഒയെ സംരക്ഷിക്കുന്ന നടപടികളാണ് നിലവിലും തുടരുന്നത്. ഏതാനും മാസങ്ങളായി ഇദ്ദേഹം നേരിട്ട് സുരക്ഷാ ചുമതലയുള്ള അണക്കെട്ടുകളിൽ എത്തിയിരുന്നില്ല. സുരക്ഷാവീഴ്ചയുടെ കാരണം കണ്ടെത്തുന്നതിനോ കുറ്റവാളിയിലേക്ക് എത്തുന്നതിനോ ഇപ്പോൾ നടക്കുന്ന അന്വേഷണം പര്യാപ്തമല്ലെന്നാണു രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നത്.
പ്രതി മുഹമ്മദ് നിയാസിനെ പിടികൂടാൻ ഉടൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. സംഭവത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് പോയി. ഇതുവരെ തിരിച്ചെത്താത്തതിനെ തുടർന്നാണ് നടപടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കാനുള്ള റിപ്പോർട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി . തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോർട്ട്.
ഒറ്റപ്പാലം സ്വദേശിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമെ കൃത്യമായി കാര്യങ്ങൾ അറിയാൻ കഴിയൂ. എന്നാണ് പോലീസ് പറയുന്നത്. ചെറുതോണി അണക്കെട്ട് പൂർണമായും സുരക്ഷിതം ആണെന്ന് ഡാം സേഫ്റ്റി അധികൃതർ അറിയിച്ചു. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പരിശോധിച്ച ശേഷമായിരുന്ന പ്രതികരണം. വിദേശത്ത് നിന്ന് എത്തിയ ഒറ്റപ്പാലം സ്വദേശിയായ യുവാവ് വാടക്ക് എടുത്ത കാറിലാണ് ഇവിടേയ്ക്ക് എത്തിയത്. ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.
ഇതിനിടെ ഇയാൾ വീണ്ടും വിദേശത്തേക്ക് പോയി. സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രാഥമികമായി പരിശോധന നടത്തി. ഇതിന് ശേഷമുള്ള വിശദമായി പരിശോധന കഴിഞ്ഞ ദിവസം നടന്നു. ഡാമിന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി എന്നാണ് നാട്ടുകാർ പറയുന്നത്. അണക്കെട്ടുകളിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇന്റലിജൻസും അന്വേഷണം തുടങ്ങി. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷനോഗ്രഫിക് ലബോറട്ടറിയുടെ പ്രവർത്തനം കുളമാവ് അണക്കെട്ടിനോടു ചേർന്നു പ്രവർത്തിക്കുന്നതിനാലാണിത്.
https://www.facebook.com/Malayalivartha