ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയോഗിച്ചതെന്തിനെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
നിരവധി ആരോപണങ്ങള്‍ നേരിടുന്ന ടോമിന് ജെ.തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എ.ഡി.ജി.പിയായി തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. സെന്‍കുമാര്‍ വിരമിക്കുന്നത് കാത്തിരിക്കുകയാണോ സര്‍ക്കാരെന്നും കോടതി രൂക്ഷമായ ഭാഷയില്‍ ചോദിച്ചു. തച്ചങ്കരിയ്ക്കെതിരായ ഹര്‍ജിയില്‍ നിലപാട് അറിയാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഡി.ജി.പി സ്ഥാനത്ത് തിരികെയെത്തിയ ടി.പി. സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടൊപ്പം തച്ചങ്കരിക്കെതിരായ കേസുകളുടെ വിവരങ്ങളും കോടതി തേടിയിരുന്നു. എന്നാല്‍, ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. എന്നാല്‍, ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്ന് ഡിവിഷന് ബെഞ്ച് കര്‍ശന നിര്‍ദേശം നല്കി. ഇനി സമയം നീട്ടി നല്‍കില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha