രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരിന് തിരിച്ചടി നല്‍കാനായാണ് ഭൂരിപക്ഷം ജനങ്ങളും വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു. ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരിന് തിരിച്ചടി നല്‍കാനായാണ് ഭൂരിപക്ഷം ജനങ്ങളും വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്. വിലക്കയറ്റം, നികുതി വര്‍ദ്ധന, അഴിമതി, വെള്ളക്കരം- വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന, സമയത്ത് ക്ഷേമപെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കാതിരിക്കുക, മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ശിങ്കിടികള്‍ക്ക് പണവും പദവിയും ആനുകൂല്യങ്ങളും നല്‍കുക, മുഖ്യമന്ത്രി എന്ന പദം ഉപയോഗിച്ചുകൊണ്ട് മകള്‍ വീണയുടെ കമ്പനി പണം കൈപ്പറ്റുകയും ഇ.ഡിയും ആദായനികുതി വകുപ്പും അതേക്കുറിച്ച് അന്വേഷണം നടത്തുക ഇതെല്ലാം ഇടത് സര്‍ക്കാരിന് വലിയ തിരിച്ചടായാകുമെന്നാണ് വിലയിരുത്തല്‍.
പ്രചരണത്തിന്റെ അവസാന ലാപ്പിലെത്തുമ്പോഴേക്കും ഇടത് മുന്നണി കൂടുതല്‍ പ്രതിരോധത്തിലായി. തൃശൂര്‍ പൂരം അലംകോലമാക്കാന്‍ പോലീസ് ശ്രമിച്ചതാണ് അതില്‍ പ്രധാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പോലീസിന്റെ നിയന്ത്രണം സര്‍ക്കാരിനല്ലെങ്കിലും സാധാരണ ജനത്തിനത് മനസ്സിലായിട്ടില്ല. ചരിത്രത്തിലാദ്യമായി പകല്‍ വെടിക്കെട്ട് നടത്തേണ്ടിവന്നു. കെടാവിളക്കില്‍ എണ്ണയൊഴിക്കാന്‍ പോയവരെയും ആനയ്ക്ക് പട്ടയുമായി എത്തിയ പാപ്പാന്‍മാരെയും കമ്മിഷ്ണര്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു.
വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറുടെ പേരില്‍ വ്യാജ വീഡിയോ യു.ഡി.എഫ് പ്രചരിപ്പിക്കുന്നെന്ന് ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. വീഡിയോ എവിടെയെന്ന് പലരും ചോദിച്ചിട്ടും അങ്ങനെയൊന്നില്ലായിരുന്നു. അതോടെ ചിത്രമാണ് പ്രചരിപ്പിച്ചതെന്ന് പറഞ്ഞ് തടിതപ്പി. കോണ്‍ഗ്രസ് 'പോണ്‍ഗ്രസ്' ആയെന്ന് ദേശാഭിമാനി വാര്‍ത്ത എഴുതിയെങ്കിലും എല്ലാം ചീറ്റിപ്പോയി.
പ്രചരണത്തിനിടെ ബോംബ് നിര്‍മിച്ച് രാഷ്ട്രീയ എതിരാളികളെ വകവരുത്താനും സി.പി.എം ശ്രമമുണ്ടായതായി ആരോപണം ഉയര്‍ന്നുയ പാനൂരില്‍ ബോംബ് പൊട്ടി യുവാവ് മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് സി.പി.എം പറഞ്ഞത്. അറസ്റ്റിലായവരെല്ലാം ഡിവൈഎഫ്‌ഐക്കാരായിരുന്നു. സ്‌ഫോടനം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോയവരെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് എം.വി ഗോവിന്ദന്‍ പ്ലേറ്റ് തിരിച്ചു.
നിര്‍മാണത്തിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിക്കുന്നതിന് ഒരാഴ്ച മുമ്പ് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് പക വീട്ടാനാണ് ബോംബ് നിര്‍മിച്ചതെന്നാണ് ആരോപണം. കാസര്‍കോട് പെരിയ ഇരട്ട കൊലപാതകം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വലിയ തിരിച്ചടിയായിരുന്നു. പാനൂരിലെ സ്‌ഫോടനം പാര്‍ട്ടി വോട്ടുകള്‍ തന്നെ ചോരാനുള്ള സാധ്യതയിലേക്കാണ് പോകുന്നത്.
ഇരുപത് മണ്ഡലങ്ങളിലും പിണറായി വിജയന്‍ പൊതുസമ്മേളനങ്ങളും വാര്‍ത്താസമ്മേളനങ്ങളും നടത്തിയെങ്കിലും പലപ്പോഴും മാധ്യമങ്ങളെയും മറ്റുള്ളവരെയും തെറിപറയാനുള്ള വേദിയായി മാറിയത്. രാഹുല്‍ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന നാണംകെട്ട പരാമര്‍ശവുമായി പി.വി അന്‍വര്‍ എം.എല്‍.എ എത്തുകയും പിണറായി അതിനെ പിന്തുണയ്ക്കുകയും ചെയ്തത് ലജ്ജയോടെയാണ് കേരളം കേട്ടത്. ഇവിടെ നിന്ന് വിജയിച്ചാല്‍ പാര്‍ലമെന്റില്‍ ഒരുമിച്ചിരിക്കേണ്ടവര്‍ ഇങ്ങിനെ കടിപിടി കൂടുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
അതുകൊണ്ട് ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്കത് ഗുണം ചെയ്യും. സി.പി.ഐയും കേരളാ കോണ്‍ഗ്രസും മത്സരിച്ച മണ്ഡലങ്ങളില്‍ സി.പി.എം നേതാക്കളുടെ സാനിധ്യം വളരെ കുറവായിരുന്നു. തുടക്കം മുതലേ ഇത് ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന നേതാക്കള്‍ വരെ ആറ്റിങ്ങലിലെ സി.പി.എം സ്ഥാനാര്‍ത്ഥി വി. ജോയിയുടെ പ്രചരണത്തിലായിരുന്നു.
തൃശൂരില്‍ സി.പി.എം സൃഷ്ടിച്ച കരവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പും ഇ.ഡി അന്വേഷണവും സി.പി.ഐ സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍കുമാറിന് വലിയ തലവേദനയാണ് ഉണ്ടാക്കിവെച്ചത്. സി.പിഎം ജില്ലാ സെക്രട്ടറിയേയും പി.കെ ബിജുവിനെയും ഇ.ഡി പലതവണ ചോദ്യം ചെയ്തു. പ്രചരണത്തിനിടെയായിരുന്നു ഇതെല്ലാം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ജനം കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടിയെ പോലും വെല്ലുവിളിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും മരുമോന്‍ മുഹമ്മദ് റിയാസും നടത്തുന്ന നീക്കങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് പോലും ഇഷ്ടപ്പെടുന്നില്ല. കെ. സുധാകരന്‍, തോമസ് ഐസക്ക്, എം.എ ബേബി അടക്കമുള്ള നേതാക്കളെ വെട്ടിനിരത്തി. ഇവരെല്ലാം കടുത്ത അതൃപ്തിയിലാണ്. ലോക്‌സഭയിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചപ്പോള്‍ പോലും വെട്ടിനിരത്തല്‍ നടന്നതായി ആക്ഷേപം ഉണ്ടായി. എം.എല്‍.എ ശൈലജ ടീച്ചര്‍, മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവരെ മത്സരിപ്പിച്ചത് മുഹമ്മദ് റിയാസിന് വേണ്ടിയാണെന്നാണ് ആരോപണം. പിണറായി താമസിയാതെ സ്ഥാനം ഒഴിയുമെന്നും മരുമകനെ അവിടേക്ക് ഇരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപിക്കുന്നു.
സാധാരണ പാര്‍ട്ടിക്കാരും വലിയ നേതാക്കളില്‍ ഭൂരിപക്ഷവും ഈ നീക്കത്തെ എതിര്‍ക്കുന്നെന്നാണ് ലഭ്യമായ വിവരം. മതന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുക്കുന്നതും സി.പി.എമ്മിന് ദോഷം ചെയ്യാനാണ് സാധ്യത. ഭൂരിപക്ഷ വോട്ടുകള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ലഭിക്കാനാണ് സാധ്യത. പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി, സി.എ.എ അടക്കമുള്ള വിഷയങ്ങളില്‍ വലിയ തിടുക്കമാണ് സി.പി.എം കാണിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ എടുത്ത കേസ് പോലും പിണറായി സര്‍ക്കാര്‍ പിന്‍വലിക്കാതെയാണ് ഈ നാടകം നടത്തിയത്. അങ്ങനെ എല്ലാം കൊണ്ടും ഇടത്പക്ഷത്തിന് അനുകൂലമായ അന്തരീക്ഷമല്ല നിലവിലുള്ളത്. കഴിഞ്ഞ തവണ ഒരു സീറ്റാണ് ലഭിച്ചത്. കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതോടെ അത് രണ്ടായി. ഇത്തവണ രണ്ടോ മൂന്നോ സീറ്റ് ലഭിച്ചേക്കാം. അതുകൊണ്ട് സ്ഥിതി മെച്ചപ്പെട്ടെന്ന് ആശ്വസിച്ച് കഴിയാം.
https://www.facebook.com/Malayalivartha