അച്ചടക്കത്തിന്റെ വാളുമായി കാനം; സംസ്ഥാന സമിതിയില്‍ കൂട്ടവിമര്‍ശനം, നടപടി ഇനി കേന്ദ്രത്തില്‍, എല്‍.ഡി.എഫില്‍ നിന്ന് ഔട്ട്
തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലിയുണ്ടായ അഭിപ്രായപ്രകടനങ്ങളില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയ മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരെ സംസ്ഥാന സമിതി അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തു. കേന്ദ്രനേതൃത്വമാണ് ഇത് സംബന്ധിച്ച നിലപാട് എടുക്കുക. ഇനിയുള്ള എല്‍.ഡി.എഫ് യോഗങ്ങളില്‍ ഇസ്മയില്‍ പങ്കെടുക്കേണ്ടെന്നും ംസ്ഥാന നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന്, കെ.ഇസ്മയില്‍, പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് ഇ.ചന്ദ്രശേഖരന് തുടങ്ങിയവരാണ് എല്‍.ഡി.എഫില്‍ പങ്കെടുത്തിരുന്നത്. തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടിവിരുദ്ധ നിലപാടാണ് കെ.ഇ ഇസ്മയില്‍ സ്വീകരിച്ചതെന്ന് നിര്‍വാഹക സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ആരോപിച്ചു. നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം പാര്‍ട്ടിയെ വെട്ടിലാക്കിയെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ഗതാഗതമന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജി വൈകിയില്ലെന്നും സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ട് നിന്നത് അറിഞ്ഞില്ലെന്നുമാണ് കെ.ഇ ഇസ്മയില്‍ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയത്. ഇത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. അതിനാല്‍ അച്ചടക്ക നടപടിവേണമെന്ന് പലരും അഭിപ്രായപ്പെട്ടു. ദേശീയ കൗണ്‍സില്‍ അംഗമായതിനാല്‍ അവിടെയേ നടപടി എടുക്കാനാവൂ എന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അറിയിച്ചു. തുടര്‍ന്നാണ് നടപടി എടുക്കാന്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത്. കാനവും ഇസ്മയിലും തമ്മിലുള്ള ഗ്രൂപ്പ് വൈരം ഇതോടെ കൂടുതല്‍ വഷളായി. ഇസ്മയിലിന്റെ നിലപാട് സി.പി.എമ്മിന് സി.പി.ഐയെ അടിക്കാനുള്ള ആയുധമായെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
തന്റെ നിലപാടിലെ ഗൗരവം മനസിലാക്കിയ കെ.ഇ ഇസ്മയില്‍ അന്ന് തന്നെ കാനംരാജേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും ഇസ്മയില്‍ തിരുത്ത് നല്‍കിയിരുന്നു. പക്ഷെ, അതൊന്നും അച്ചടക്കത്തില്‍ നിന്ന് രക്ഷപെടുത്താനായില്ല. മുതര്‍ന്ന നേതാവെന്ന പരിഗണന പോലും പലരും നല്‍കിയില്ലെന്നും ഇസ്മയില്‍ പക്ഷത്തെ നേതാക്കള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയിലും മുന്നണിയിലും അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്നും അവര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha