ലോക്കോപൈലറ്റിന്റെ മനസ്സാന്നിധ്യം 150 യാത്രക്കാരുടെ ജീവന് രക്ഷിച്ചു!
പുനലൂര്‍ -മധുര ട്രെയിന്‍ കുരി റെയില്‍വേ സ്റ്റേഷനും കൊട്ടാരക്കരയ്ക്കും ഇടയില്‍ മൈലം പഞ്ചായത്തതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഞായറാഴ്ച വൈകിട്ട് 4.18 ആയിരുന്നു. (ആവണീശ്വരം-കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയ്ക്ക് കൊല്ലം ജില്ലയിലാണ് കുരി റെയില്‍വേ സ്റ്റേഷനുള്ളത്).
കുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ടിട്ട് എകദേശം ഒന്നര കിലോമീറ്റര്‍ പിന്നിട്ടിരുന്നതിനാല്‍ ട്രെയിനിന്റെ വേഗം കൂട്ടുന്നതിനിടെയാണ് കണ്മുന്നില് അപകടസാധ്യത കണ്ടത്. ട്രാക്കിലേക്ക് ഒരു മരം പിഴുതുവീണു കിടക്കുന്നു.
ലോക്കോ പൈലറ്റ് എസ്. ജയചന്ദ്രന് മനഃസാന്നിധ്യം കൈവിട്ടില്ല. ട്രെയിനിലെ 150 ഓളം യാത്രക്കാരായിരുന്നു മനസ്സുനിറയെ. രണ്ടും കല്പിച്ചു ബ്രേക്കിട്ടു ട്രെയിന്‍ നിര്‍ത്തിയെങ്കിലും മരത്തിന്റെ ശിഖരങ്ങള്‍ക്കു മുകളിലൂടെ എന്ജിന് കയറിയതിനു ശേഷമാണ് ട്രെയിന്‍ നിന്നത്.
കുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെടുമ്പോഴും ട്രാക്കില്‍ മരം വീണതായി അറിഞ്ഞിരുന്നില്ല. ഒന്നര കിലോമീറ്റര്‍ പിന്നിട്ടു ട്രെയിനിന്റെ വേഗം കൂടുന്നതിനിടെയാണു മരം ശ്രദ്ധയില്‍പ്പെടുന്നത്. ട്രാക്കില്‍ വളവില്ലാത്തതിനാല് 500 മീറ്റര്‍ അകലെവച്ചു മരം കാണാനായതിനാല്‍ വലിയ അപകടം ഒഴിവായി.റെയില്‍വേ സുരക്ഷാ ജീവനക്കാരെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. 42 മിനിറ്റ് വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്.
എന്‍ജിനിലെ എയര്പൈപ്പില് ചെറിയ തകരാര്‍ സംഭവിച്ചെങ്കിലും കൊല്ലത്തേക്ക് യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അസി.ലോക്കോ പൈലറ്റ് എസ്.എസ്. അബിന്‍ ചെറിയ തടിക്കഷ്ണം ഉപയോഗിച്ച് എയര്‍ പൈപ്പിലെ ചോര്‍ച്ച തല്‍ക്കാലത്തേക്ക് അടച്ചു. ഇങ്ങനെ കൊല്ലത്തെത്തിയ ട്രെയിന്‍ എന്ജിന് മാറ്റിയാണ് മധുരയ്ക്കു പോയത്.
https://www.facebook.com/Malayalivartha