വന്‍ ദുരന്തം സംഭവിക്കാതിരുന്നത് വന്‍ഭാഗ്യം കൊണ്ടു തന്നെ!
ഭര്‍ത്താവിന്റെ തലയില്‍ ഒറ്റകൈ മാത്രം കുത്തി തലകീഴായിനില്‍ക്കുന്ന ഒരു യുവതിയുടെ ചിത്രം സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ രൂക്ഷമായ വിമര്‍ശനങ്ങളുയരുന്നു. കായികാഭ്യാസ പ്രകടനങ്ങളില്‍ പലപ്പോഴും നാമൊക്കെ ആവര്‍ത്തിച്ചു കണ്ടു മടുത്ത ഒരു സ്ഥിരം നമ്പര്‍; അതിത്ര വലിയ കാര്യമാക്കാന്‍ എന്തിരിക്കുന്നു എന്നു ചോദിക്കാന്‍ വരട്ടെ. ആ ചിത്രം ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ, പറന്നിറങ്ങാനൊരുങ്ങുന്ന ഒരു വിമാനത്തിന്റെ ചക്രങ്ങളെ തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് യുവതിയുടെ നില്പ്പെന്നു കൂടി പറഞ്ഞാലെ ചിത്രം പൂര്‍ണമാകുകയുള്ളൂ.
കരീബിയയിലെ സെയിന്റ് മാര്ട്ടിന് ബീച്ചില്‍ നിന്നുള്ള ഈ ദൃശ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉക്രൈന് സ്വദേശികളായ ദമ്പതികള്‍ ഇപ്പോള്‍ കടുത്ത വിമര്‍ശനത്തിന്റെ തീച്ചൂളയിലാണ്. സ്വന്തം ജീവനും മറ്റു നൂറോളം പേരുടെ ജീവനും അപകടത്തിലാക്കിയുള്ള കൈവിട്ട കളിയായിരുന്നു ഇതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.ഒരു പക്ഷി വന്ന് ഇടിച്ചാല്‍ തന്നെ തീപിടിക്കാനോ യാത്ര മാറ്റി വയ്ക്കേണ്ട വിധത്തില്‍ കേടുപാടുകള്‍ ഉണ്ടാകുവാനോ ഒക്കെ സാദ്ധ്യത ഉള്ളതാണ് വിമാനം.
ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ റണ്‍വേകളില്‍ ഒന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിന്‍സസ് ജൂലിയാന രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങാനായി താഴ്ന്നു പറന്നിരുന്ന വിമാനത്തിന് കീഴെയായിരുന്നു ദമ്പതികളുടെ അഭ്യാസ പ്രകടനം. ഭര്‍ത്താവ് ചിത്രം സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നത്.
എന്നാല്‍ സുരക്ഷിതമായ അകലം പാലിച്ചാണ് ഇത്തരമൊരു സാഹസിക അഭ്യാസം നടത്തിയതെന്നാണ് 36-കാരനായ കൊളിസ്നിചെങ്കോ അവകാശപ്പെടുന്നത്. തന്റെ ഭാര്യയുടെ കാല്പാദവും വിമാനവും തമ്മില്‍ മീറ്ററുകളുടെ അകലം ഉണ്ടായിരുന്നുവെന്നും എല്ലാം പരിപൂര്‍ണ നിയന്ത്രണത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനോദസഞ്ചാരികളുടെ തലയ്ക്ക് മുകളിലൂടെ വിമാനം പറന്നിറങ്ങുന്ന സെയിന്റ് മാര്ട്ടിന് ബീച്ച് ലോകപ്രശസ്തമായ ഉല്ലാസ കേന്ദ്രമാണ്. വിമാനങ്ങള്‍ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴുമുള്ള ശക്തമായ കാറ്റ് ഗുരുതരമായ പരിക്കേല്‍പ്പിക്കാന്‍ ശക്തമാണെന്നും അതീവ ജാഗ്രത വേണമെന്നും വിനോദസഞ്ചാരികളെ ഓര്‍മിപ്പിക്കുന്ന ബോര്‍ഡുകള്‍ പോലും ഉണ്ട് ഇവിടെ.
https://www.facebook.com/Malayalivartha