കാന്‍സര്‍ രോഗിയെ വെച്ച് കോടിക്കണക്കിന് രൂപയ്ക്ക് പന്തയം!
ഇത് ഒരുമാതിരി മനുഷ്യത്വമില്ലാത്ത പന്തയമായിപ്പോയി എന്നേ ഇതിനെക്കുറിച്ചറിയുന്ന ആര്‍ക്കും പറയാനാകൂ. കാന്‍സര്‍ ബാധിതനായി അത്യാസന്ന നിലയില്‍ കഴിയുന്ന രോഗിയെ വെച്ചാണ് 'അവന്റെയൊക്കെ' ബെറ്റിങ്. തായ്വാനിലാണ് സംഭവം. കാന്‍സര്‍ ബാധിതനായ ഒരു രോഗി മരിയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിലാണ് വന്‍ തുകയ്ക്ക് പന്തയം നടക്കുന്നത്. മനുഷ്യത്വ രഹിതമായ ഈ വിനോദത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിക്കഴിഞ്ഞു.
തായ്വാനിലെ ഏറ്റവും വലിയ പട്ടണങ്ങളില്‍ ഒന്നായ തായ്ച്ചുങ്ങില് ആണ് ഈ ബെറ്റ് സജീവമാകുന്നത്. ഏറ്റവും കൗതുകകരമായ വസ്തുത ആശുപത്രിയിലെ ഡോക്റ്റര്‍മാരും നഴ്സുമാരും രോഗിയുടെ ബന്ധുക്കളും വരെ പന്തയത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നതാണ്. മുപ്പത് മില്ല്യന്‍ ഡോളര്‍ ആണ് ഇത്തരം 'ജീവന് വച്ചുള്ള' പന്തയങ്ങള്‍ക്ക് വേണ്ടി ഒഴുകുന്നത്. ഈ പട്ടണത്തില്‍ ഇത്തരം അറുപതോളം പന്തയ ക്ലബ്ബുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
കാന്‍സര്‍ രോഗികള്‍ രാവിലെ ഉറങ്ങി എണീക്കുമ്പോള്‍ കാണുന്നത് ബന്ധുക്കളും ഡോക്റ്റര്‍മാരും ഉള്‍പ്പെടെ ഒരു കൂട്ടം ആളുകളെയാണ്. രോഗിയുടെ സുഖവിവരം അന്വേഷിയ്ക്കാന്‍ ഒന്നുമല്ല, പ്രധാനപ്പെട്ട ശാരീരികാവയവങ്ങള്‍ പരിശോധിയ്ക്കനാണ് എല്ലാവരും കൂടിയിരിയ്ക്കുന്നത്. അത് അറിഞ്ഞിട്ടു വേണം മരിയ്ക്കുമോ ഇല്ലയോ എന്ന് പന്തയം ആരംഭിയ്ക്കാന്‍.
ഒരുമാസത്തെ കണക്കിലാണ് പന്തയം. ഒരു മാസത്തിനുള്ളില്‍ രോഗി മരിച്ചാല്‍ പണം വീട്ടുകാര്‍ക്ക് ലഭിയ്ക്കും. അതിജീവിച്ചാല്‍ പിന്നീടുള്ള ഓരോ ദിവസത്തിനും വേണ്ടി അടുത്ത പന്തയം തുടങ്ങും. കുടുംബാംഗങ്ങളുടെ അനുവാദം ചോദിച്ചിട്ടാണ് പന്തയം തുടങ്ങുന്നത്. മൊത്തം തുകയുടെ പത്തു ശതമാനം എന്തായാലും തങ്ങള്‍ക്ക് ലഭിയ്ക്കും എന്നതിനാല്‍ കുടുംബാംഗങ്ങള്‍ ഇത് സമ്മതിയ്ക്കുകയും ചെയ്യും. ശവ സംസ്ക്കാരത്തിനു പോലും പണം ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങള്‍ പലതും ഇപ്പോള്‍ ഈ പന്തയത്തില്‍ സജീവമാണ്.
https://www.facebook.com/Malayalivartha