വെടിയേറ്റ് നിലംപതിച്ചിട്ടും തീവ്രവാദികളെ വകവരുത്തിയ ധീരനായ സൈനികന്!
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തത് ഋഷികുമാര്‍ എന്ന സൈനികന്റെ ധീര ഇടപെടല്‍. തലയ്ക്കു വെടിയേറ്റ് നിലം പതിച്ചിട്ടും പിന്മാറാതെ ഋഷികുമാര്‍ കാണിച്ച അസാമാന്യ ധൈര്യമാണ് ഭീകരരുടെ നീക്കം പൊളിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ തുണച്ചത്. അരമണിക്കൂറോളം നടന്ന വെടിവയ്പ്പിനെ കുറിച്ച് സൈനിക വക്താവ് തന്നെയാണ് വിശദീകരിച്ചത്.
തലയ്ക്കു വെടിയേറ്റുവെങ്കിലും ചാടിയെഴുന്നേറ്റ ഋഷികുമാര്‍ രണ്ടു ഭീകരരെ വെടിവച്ചിടുകയായിരുന്നു. പ്രൊട്ടക്ടീവ് ഗിയര്‍ (സുരക്ഷാ കവചം) ധരിച്ചിരുന്നതു കൊണ്ട് മാത്രമാണ് ഋഷികുമാര്‍ മരണത്തില്‍നിന്നു രക്ഷപ്പെട്ടതെന്നും സൈനിക വക്താവ് വിശദീകരിച്ചു. ഒരു ധീര സൈനികനു ചേര്‍ന്ന പെരുമാറ്റമായിരുന്നു ഋഷികുമാറില് നിന്ന് ഉണ്ടായതെന്നും സൈനിക വക്താവ് പറഞ്ഞു.
സൈനികര്‍ക്കുനേരെ ആക്രമണം നടക്കുന്നുവെന്ന് മനസിലായതോടെ ജാഗ്രതയിലിരുന്നുവെന്നും തന്റെ സമീപത്തേക്ക് ഭീകരര്‍ നടന്നടുക്കുന്നുവെന്ന് മനസിലായതോടെ ആക്രമണത്തിനു തയാറെടുത്തിരുന്നതായും ഋഷികുമാര്‍ പറഞ്ഞു. ഭീകരന് ആക്രമണത്തിനുശേഷം രക്ഷപ്പെടുന്നതിനിടെയാണ് ഋഷികുമാറിനു നേരെ വെടിയുതിര്‍ത്തത്. ബിഹാര്‍ സ്വദേശിയായ ഋഷികുമാര്‍ എട്ടുവര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നു.
ശ്രീനഗറില്‍നിന്നും നൂറു കിലോമീറ്റര്‍ മാത്രം അകലെയുള്ള ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ ക്യാപ്റ്റന്‍ ആയുഷ് യാദവ് ഉള്‍പ്പെടെ മൂന്നു സൈനികര്‍ വീരമൃത്യു വരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha