ലിംഗോദ്ധാരണം ഒരാഴ്ച നീണ്ടു നിന്നതിനെ തുടര്‍ന്ന് 52 കാരന്റെ ലിംഗം നീക്കംചെയ്തു!
ഒരാഴ്ചയിലേറെയായി ലിംഗം ഉദ്ധരിച്ചു തന്നെ നില്ക്കുകയായിരുന്നതിനാല് തെയ്വാനില്‍ ഒരു 52-കാരന്റെ ലിംഗം ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്തു. ലൈംഗികോത്തേജനത്തിന്റെ ഫലമായല്ല അയാള്‍ക്ക് ലിംഗോദ്ധാരണമുണ്ടായത്.
ലിംഗോദ്ധാരണം നടന്നതിനുശേഷം അതി തീവ്രമായ വേദന അനുഭവപ്പെടുകയും അവയവം പൊട്ടിത്തെറിക്കാന്‍ പോവുകയാണോ എന്ന തോന്നല്‍ ഉണ്ടാകുകയും ചെയ്തപ്പോഴാണ് അയാള്‍ മെഡിക്കല്‍ സഹായം തേടിയത്.
ബ്ലാഡര്‍ ക്യാന്‍സര്‍ (മൂത്രസഞ്ചിയിലെ ക്യാന്‍സര്‍) മൂലമാണ് അയാള്‍ക്ക് ഇത്തരത്തില്‍ അനുഭവപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പു തന്നെ ബ്ലാഡര്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ അയാള്ക്കുണ്ടെന്ന് അറിയിച്ചിരുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
നാലു മണിക്കൂറിലധികം നീണ്ടു നില്ക്കുന്ന ലിംഗോദ്ധാരണം ആരോഗ്യ പ്രശ്നമാണെന്നു മനസ്സിലാക്കണമെന്നും ഈ അവസ്ഥയെ പ്രയാപിസം (Priapism) എന്നാണ് പറയുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ബ്ലാഡറിന് പുറത്തേക്കും ക്യാന്‍സര്‍ വ്യാപിച്ചു കഴിഞ്ഞതിനാല്‍ തെക്കു പടിഞ്ഞാറന്‍ തെയ്വാനിലെ കയോസിയുങ് ചാങ് ഗുങ് മെമ്മോറിയല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ലിംഗത്തിന്റെ പകുതി നീക്കം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചു വരുന്ന അയാള്‍ കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പിയ്ക്ക് തയ്യാറെടുക്കുകയാണ്.
പ്രസ്തുത രോഗിയുടെ ലിംഗത്തിലെ രക്തകുഴലുകളിലൂടെയുള്ള രക്തയോട്ടം ക്യാന്‍സര്‍ മൂലം തടസ്സപ്പെട്ടതിനാലാണ് ലിംഗത്തിന് ഉദ്ധാരണവും അസാധാരണമായ വേദനയും അനുഭവപ്പെട്ടതത്രേ.
2014-ല്‍ തന്നെ ബ്ലാഡര്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ അയാള്ക്കുണ്ടെന്ന് അറിയിച്ചിരുന്നെന്നും ശസ്ത്രക്രിയയിലൂടെ ബ്ലാഡര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതുമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ ശരീരത്തിന് പുറത്ത് ഒരു മൂത്രസഞ്ചി ചുമക്കേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രോഗി ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ അന്ന് ഒഴിവാക്കിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
ഇപ്പോള്‍ രോഗം ബ്ലാഡറിനപ്പുറത്തേക്കും വ്യാപിച്ചതിനാല്‍ ബ്ലാഡറും ലിംഗത്തിന്റെ പകുതിയും നീക്കം ചെയ്യുകയായിരുന്നുവെന്ന് അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. 52-കാരനായ അയാള്‍ വിവാഹിതനല്ലെന്നും ലൈംഗിക ജീവിതം തനിക്ക് സാധ്യമാകുമോ എന്നതിനെ കുറിച്ച് അയാള്‍ അഭിപ്രായം ആരാഞ്ഞിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഡോക്ടര്‍മാര്‍ അറിയിച്ചു.
നാലു മണിക്കൂറിലധികം നീണ്ടു നില്ക്കുന്ന ലിംഗോദ്ധാരണത്തിന് സ്ഖലനത്തിനുശേഷവും മാറ്റം ഉണ്ടാകില്ല. ലൈംഗികതയുമായി യാതൊരു ബന്ധവുമില്ലാത്ത ലിംഗോദ്ധാരണമാണത്. കാന്‍സര്‍ കാരണമല്ലാതെ, മറ്റേതെങ്കിലും കാരണത്താല്‍ ലിംഗത്തിലൂടെയുള്ള രക്തയോട്ടം തടസ്സപ്പെട്ടാലും ഇത്തരത്തിലുള്ള ലിംഗോദ്ധാരണം സംഭവിക്കാനിടയുണ്ട്. ഇത്തരം ചില സാഹചര്യങ്ങളില്‍ സിറിഞ്ചും സൂചിയും ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ലിംഗത്തില്‍ നിന്നും രക്തം വലിച്ചെടുത്ത് കളയാറുണ്ട്.
https://www.facebook.com/Malayalivartha