ബഗ്ഗി സര്‍വീസ് കൊല്ലം റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലേക്ക് എത്തി!
ഇനി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ കേള്‍ക്കാന്‍ ഇടയുള്ള ഒരറിയിപ്പ് ഇതാ... 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.! ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ തെക്കു നിന്നു വടക്കോട്ടേക്കു പുറപ്പെടാനുള്ള ബഗ്ഗി സര്‍വീസ് ഏതാനും നിമിഷങ്ങള്‍ക്കകം പുറപ്പെടുന്നതാണ്'! ഇങ്ങനെയൊരു അറിയിപ്പു കേട്ടാല്‍ അതിശയിക്കരുത്.
പ്രായാധിക്യവും രോഗവും അവശതയും കാരണം ലഗേജുകളുമായി പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തു നിന്നു മറ്റേയറ്റത്തേക്കോ മറ്റൊരു പ്ലാറ്റ്ഫോമിലേക്കോ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്കു വേണ്ടിയുള്ള സംവിധാനം ഇവിടെ ഓട്ടം തുടങ്ങി.
കാഴ്ചയില്‍ മൂട്ടയെ പോലെ തോന്നിക്കുന്ന ചെറിയ ഇലക്ട്രിക് കാറുകളാണ് ഇവ. അതുകൊണ്ടു തന്നെയാണ് ഇവയ്ക്കു ബഗ്ഗി സര്‍വീസ് എന്നു പേരും. ഉദ്ഘാടനം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നടത്തി.
ബഗ്ഗി ഓടിക്കാനുള്ള കരാര്‍ എടുത്തിട്ടുള്ളത് ബെംഗളൂരു ആസ്ഥാനമായുള്ള മെയ്നി മെറ്റീരിയല്‍സ് മൂവ്മെന്റ് എന്ന സ്ഥാപനമാണ്. ആറുപേര്‍ക്ക് ഇതില്‍ ഒരേ സമയം സഞ്ചരിക്കാം. ഒരാള്‍ക്ക് 25 രൂപയാണ് നിരക്ക്.
എറണാകുളത്ത് ഈ മാസം ആദ്യം മൂന്നു ബഗ്ഗികളുമായി സര്‍വീസിനു തുടക്കം കുറിച്ചിരുന്നു. കോട്ടയം, ആലപ്പുഴ, തൃശൂര്‍, ഗുരുവായൂര്‍, തിരുവനന്തപുരം സ്റ്റേഷനുകളിലും ബഗ്ഗി സര്‍വീസിനുള്ള കരാര്‍ ഈ കമ്പനി നേടിയിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭിക്കും.
https://www.facebook.com/Malayalivartha