കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരു തെന്ന മുന്‍ ഉത്തരവ് സംസ്ഥാനത്തിനു മുഴുവന്‍ ബാധകമാക്കണ മെന്ന് ഹൈക്കോടതി

ഭൂപതിവ് ചട്ടപ്രകാരം കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകള്‍ക്ക് മാത്രമായി 2019 ഓഗസ്റ്റ് 22-നു വിജ്ഞാപനം ഇറക്കിയിരുന്നു. കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കരുതെന്ന മുന്‍ ഉത്തരവ് സംസ്ഥാനത്തിനു മുഴുവന്‍ ബാധകമാക്കണമെന്ന ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ ഈ വിജ്ഞാപനം അസ്ഥിരപ്പെട്ടു.
ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താക്കാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍ ഉത്തരവ് നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി തേടി വ്യക്തികള്‍ സമീപിച്ചാല്‍ പ്രസ്തുത ഭൂമി ഭൂപതിവ് ചട്ടപ്രകാരം കൈമാറിയ കൃഷിഭൂമിയാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഭൂമിയുടെ പട്ടയത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍പ്രകാരം വില്ലേജ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബില്‍ഡിങ് പെര്‍മിറ്റ് നല്‍കാവു എന്നാണ് ചട്ടം. ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കണം.
കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ ഉത്തരവിന്റെ കോപ്പി ലഭ്യമായി ഒരാഴ്ചയ്ക്കകം സംസ്ഥാനത്തെ എല്ലാ റവന്യൂ അധികൃതര്‍ക്കും നല്‍കേണ്ടതും ഉത്തരവ് ബന്ധപ്പെട്ട അധികൃതര്‍ നടപ്പിലാക്കേണ്ടതുമാണെന്ന് അഡ്വ.പിയൂസ്.എ.കൊറ്റം മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























