ഇടവേളയില്ലാതെ വയനാട്ടിൽ പരക്കെ മഴ: പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുന്നു; വനത്തിനുള്ളിൽ മണ്ണടിച്ചിൽ ഉണ്ടായെന്ന് സൂചന: റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം നിരോധിച്ചു: 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു; ആളുകളെ മാറ്റിപ്പാർപ്പിച്ചു...

വയനാട്ടിൽ മഴ ഭീകരത ശക്തമാകുന്നു… പുഴയിൽ നീരൊഴുക്ക് അതിശക്തം ആണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം തന്നെ വെള്ളം കയറിയതായാണ് വിവരം. തവിഞ്ഞാൽ പഞ്ചായത്ത് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായോ എന്ന് പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫയർഫോഴ്സിനും പോലീസിനും വിവരം നൽകി. വനത്തിനുള്ളിൽ മണ്ണടിച്ചിൽ ഉണ്ടായെന്നാണ് സൂചന. വയനാട്ടില്‍ ഇന്ന് ഇടവേളയില്ലാതെ പരക്കെ മഴ പെയ്തു. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴയാണ് പകലും തുടർന്നത്.
മഴ കനക്കുന്ന സാഹചര്യത്തില്‍ മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ 9 പഞ്ചായത്തുകളില്‍ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം നിരോധിച്ചു. ചൂരല്‍മല -മുണ്ടക്കൈ പ്രദേശത്തെ നോ ഗോസോണ്‍ മേഖലയിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പരക്കെയുള്ള മഴയെ തുടർന്ന് തോടുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തലപ്പുഴയില്‍ പുഴ കരകവിഞ്ഞു. കാപ്പിക്കളത്ത് 4 വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിൽ ഇന്നലെ 68 കി.മി വേഗത്തില്‍ കാറ്റ് വീശിയത്.
ളാഹയില്‍ 65 കി.മി, മണ്ണാര്‍ക്കാട് 63 കി.മി വേഗത്തില്‍ കാറ്റ് റെക്കോര്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി 9 നുള്ള വിവരം അനുസരിച്ച് വടക്കന്‍ ചത്തീസ്ഗഡിനു മുകളില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം കിഴക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങുകയാണ്. മണിക്കൂറില്‍ 10 കി.മി വേഗതയിലാണ് ന്യൂനമര്‍ദം സഞ്ചരിക്കുന്നത്. ന്യൂനമര്‍ദം നീങ്ങുന്നതനുസരിച്ച് കേരളത്തില്‍ ഉള്‍പ്പെടെ മഴ കുറയുകയും ശക്തമായ കാറ്റ് കുറയുകയും ചെയ്യും.
നിരവധിയിടങ്ങളിൽ കാറ്റിൽ മരം വീണും നാശമുണ്ടായി. ചുരം നാലാം വളവിൽ ശക്തമായ കാറ്റിലും മഴയിലും മരം മുറിഞ്ഞ് വീണ് ഗതാഗത തടസം ഉണ്ടായി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചുരം സംരക്ഷണ സമിതി പ്രവർത്തകരും യാത്രക്കാരും ചേർന്ന് മുറിച്ച് മാറ്റി. കനത്ത മഴയെ തുടർന്ന് മാനന്തവാടി വില്ലേജിൽ പ്രിയദർശിനി എസ്റ്റേറ്റിലെ 21 കുടുംബങ്ങളെ പിലാ കാവിലെ സെൻറ് ജോസഫ് എൽ പടിഞ്ഞാറത്തറ വില്ലേജിലെ 6കുടുംബങ്ങളെ തെങ്ങുമുണ്ട ഗവൺമെൻറ് എൽ പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 8 പുരുഷന്മാരും 9 സ്ത്രീകളും ആറ് കുട്ടികളുമാണ് ഇതിൽ ഉൾപ്പെടുന്നത്.
ചുരം എട്ടാം വളവിൽ രണ്ട് വലിയ പാറക്കല്ലുകൾ റോഡിലേക്ക് വീണിട്ടുണ്ട്. നിലവിൽ ഗതാഗത തടസ്സങ്ങൾ ഇല്ല. മഴക്കൊപ്പം ശക്തമായ കാറ്റും വീശി അടിക്കുന്നതാണ് നാശനഷ്ടങ്ങൾ വർധിക്കാൻ കാരണമാകുന്നത്. തലപ്പുഴ കരകവിഞ്ഞ് മക്കിമലയിൽ മണ്ണിടിച്ചിൽ ഉണ്ടായത് കാരണം, ഇന്നലെ രാത്രി തലപ്പുഴയുടെ തീരത്തുള്ള വരെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ പലയിടങ്ങളിലും മരം കടപുഴകി വീണിട്ടുണ്ട്. ബത്തേരിയിലും മരങ്ങൾ കടപുഴകിയിട്ടുണ്ട്.
അതേസമയം, ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന ക്ലാസുകൾക്ക് ഇന്ന് ( ജൂലൈ 27) ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മാനന്തവാടി, വെെത്തിരി താലൂക്കുകളിലെ ഒമ്പത് പഞ്ചായത്തുകളിൽ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം നിരോധിച്ചു.
https://www.facebook.com/Malayalivartha