വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓണത്തിനൊരുക്കിയ ചെണ്ടുമല്ലി കൃഷി നഷ്ടത്തിൽ

ഓണത്തിനൊരുക്കിയ ചെണ്ടുമല്ലി കൃഷി നഷ്ടത്തിലായതോടെ സങ്കടക്കടലിലാണ് വനിതാ സംരംഭകർ. സഹകരണ ബാങ്കിൽനിന്ന് വായ്പ എടുത്തു ഒരുക്കിയ കൃഷിക്ക് പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടിയായി മാറിയത്. കൊക്കയാർ പഞ്ചായത്തിലെ വെംബ്ലിയിൽ നാല് വനിത കുടുംബശ്രീ പ്രവർത്തകരാണ് കൊക്കയാർ സഹകരണ ബാങ്കിൽ നിന്നും വ്യക്തിഗത വായ്പയെടുത്ത് ഓണ വിപണിക്കായി ചെണ്ടുമല്ലി പുഷ്പ കൃഷി നടത്തിയത്. എന്നാൽ ഓണം സീസൺ കടന്നുപോയതിന് ശേഷമാണ് വിളവെടുപ്പിനായി പൂക്കൾ വിരിഞ്ഞത്. ഇതേതുടർന്ന് വിൽപന നടത്താൻ കഴിഞ്ഞില്ല,
ഓണക്കാലത്ത് പൂക്കൾ വിറ്റഴിച്ച് മികച്ച വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിക്ക് ഇറങ്ങിയത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ഒരുങ്ങുകയാണിവർ. വിളവെടുത്ത പൂക്കൾക്ക് അനുയോജ്യമായ വിപണി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഈ വനിതാ കൂട്ടായ്മ.
പൂക്കളുടെ ആവശ്യക്കാരെ കണ്ടെത്തി വിപണി പിടിക്കാനാണ് ശ്രമം നടക്കുന്നത്. ആദ്യം ആശങ്കക്കിടയാക്കിയെങ്കിലും കൃഷിയിൽ നിന്നും പിൻമാറാതെ സജീവമാക്കാനാണ് ഇവരുടെ തീരുമാനം.
സമാന സംഭവം പഞ്ചായത്തിലെ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. കൊക്കയാർ സഹകരണ ബാങ്കിലെ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേർന്ന് നാരകം പുഴയിൽ പുഷ്പകൃഷി നടത്തിയെങ്കിലും ഇതുവരെ പൂക്കൾ വിരിഞ്ഞിട്ടില്ല. ഇതുമാത്രമല്ല പലസ്ഥലങ്ങളിലും ഇത്തവണ താമസിച്ചാണ് അതായത് ഓണം കഴിഞ്ഞ് ഇപ്പോഴാണ് പൂക്കൾ വിരിഞ്ഞു തുടങ്ങുന്നത്.
"
https://www.facebook.com/Malayalivartha


























