കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്

കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമി കേസിൽ ട്വിസ്റ്റ്. നടന്നത് കൊലപാതകമോ സമാധിയോ അല്ല. സ്വാഭാവിക മരണം. മാസങ്ങളുടെ അന്വേഷണത്തിനൊടുവിൽ ആ തീരുമാനത്തിലെത്തി പോലീസ്. നെയ്യാറ്റിൻകര ആറാലുമൂട്ടിൽ അച്ഛനെ മക്കൾ ‘സമാധി’യിരുത്തിയെന്ന ആരോപണം സംബന്ധിച്ച കേസിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ആറാലുമൂട് കാവുവിളാകം വീട്ടിൽ ഗോപൻസ്വാമി എന്ന 81-കാരന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ആണ് പോലീസ് അവസാനിപ്പിച്ചത്.
2025 ജനുവരി 11-ന് ഇവരുടെ വീടിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ ഗോപൻസ്വാമി മരിച്ചതായി അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഗോപൻ സ്വാമി സമാധിയായെന്നായിരുന്നു ഭാര്യയും മക്കളും അവകാശപ്പെട്ടത്. ഇതോടെയാണ് നാട്ടുകാരിൽ സംശയം ജനിച്ചത്. അച്ഛന് എന്താണ് പറ്റിയത്, എങ്ങനെയാണ് മരിച്ചത് തുടങ്ങിയ കാര്യങ്ങൾ മക്കളോട് അന്വേഷിച്ചപ്പോൾ വിചിത്രവും പരസ്പരവിരുദ്ധവുമായി മറുപടികളാണ് ലഭിച്ചതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.
ജനുവരി 10-ാം തീയതി രാവിലെ 11 മണിയോടെ ഗോപൻ സ്വാമി മരിച്ചു, അതിനുശേഷം രാത്രിയോടെ മരണാനന്തര ചടങ്ങുകൾചെയ്ത് സമാധിയാക്കി എന്നായിരുന്നു മക്കളുടെ നിലപാട്. പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് ആരോപിച്ച് അവർ വാർഡ് മെമ്പറെയും നെയ്യാറ്റിൻകര പോലീസിനെയും സമീപിച്ചു. അച്ഛന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹത്തെ 'സമാധി' ഇരുത്തിയതെന്ന് മക്കൾ മാധ്യമങ്ങളോടും പോലീസിനോടും ആവർത്തിച്ചു.
നാട്ടിൽ ഗോപൻ സ്വാമി എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം, വീടിനോട് ചേർന്ന് ഒരു ശിവക്ഷേത്രം നിർമിച്ച് വർഷങ്ങളായി പൂജാകർമങ്ങൾ ചെയ്തുവരികയായിരുന്നു. മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം അസുഖബാധിതനായി, ഇതോടെ താൻ മരിച്ചതിനുശേഷം സമാധിയാക്കണം എന്ന് മക്കളോടും ഭാര്യയോടും പറഞ്ഞിരുന്നതായാണ് അവർ പോലീസിന് നൽകിയ മൊഴി. ഇതേ ആവശ്യം അദ്ദേഹം നാട്ടുകാരിൽ ചിലരോടും വാർഡ് മെമ്പറോടും പറഞ്ഞിരുന്നു.
ഏറെക്കാലം മുമ്പുതന്നെ, തന്നെ സമാധിയായി അടക്കാനുള്ള സ്ഥലം ഒരുക്കുകയും പദ്മപീഠം പണിയുകയും അതിൽ സ്ഥാപിക്കാനുള്ള കല്ല് വരുത്തിക്കുകയുമെല്ലാം ചെയ്തിരുന്നു. താൻ മരിച്ചശേഷം ഈ സ്ഥലത്ത് സമാധിയാക്കണമെന്നും അതിനുശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാൻ പാടുള്ളൂ എന്നും ഭാര്യയോടും മക്കളോടും ചട്ടംകെട്ടിയിരുന്നതായും അവർ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
ശിവനെ ആരാധിക്കുന്നതിനാൽ ഇപ്രകാരം ചെയ്താൽ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ എന്ന വിശ്വാസമാണ് പിതാവിന് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് ആരെയും അറിയിക്കാതെ 'സമാധി' ചടങ്ങുകൾ നടത്തിയതെന്നുമാണ് ഗോപൻ സ്വാമിയുടെ രണ്ടുമക്കളും പോലീസിന് നൽകിയ മൊഴി.
എന്നാൽ, സ്വാമി പണികഴിപ്പിച്ച ക്ഷേത്രത്തിൽ അർധരാത്രിയിലും മറ്റുമാണ് പൂജകൾ നടന്നിരുന്നതെന്നും ഇവർ ദുർമന്ത്രവാദം നടത്തുന്നവരാണ് എന്നുമായിരുന്നു നാട്ടുകാരുടെ ആരോപണം. ഒരുവേള മക്കൾ അദ്ദേഹത്തെ കൊന്നുകുഴിച്ചുമൂടിയതാണോ എന്നുവരെ നാട്ടുകാർ സംശയം ഉന്നയിച്ചു. ഇതോടെയാണ് പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
പിന്നാലെ, പോലീസ് സമാധി പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയയ്ക്കുകയായിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലത്തിലും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കൊലപാതകത്തിന്റെ സാധ്യതകൾ ഒന്നും കണ്ടെത്തിയിരുന്നില്ല. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത് എന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തിൽ പോലീസ് ഈ കേസിൽ വിദശമായ അന്വേഷണം നടത്തിയിരുന്നു.
അത്തരം സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പരിശോധനയിൽ കൊലപാതകത്തിന്റെ സാധ്യതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കാണിച്ചാണ് പോലീസ് കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























