ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ മൺസൂൺ വൈകും....

അറബിക്കടലിൽ രൂപപെട്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ മൺസൂൺ വൈകിയേക്കും. മൺസൂൺ കാറ്റിനെ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 6 മുതല്‍ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപെട്ട ബിപോർജോയ് ചുഴലിക്കാറ്റ് – ഇന്ന് തീവ്ര ചുഴലിക്കാറ്റ് ആയി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ബിപോർജോയ് തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ നിന്ന് വടക്ക് ദിശയിൽ സഞ്ചരിക്കുകയാണ്. മധ്യ കിഴക്കൻ അറബിക്കടലിനു തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ മൺസൂൺ എത്തുന്നതിന് ചുഴലിക്കാറ്റിന്റെ സാന്നിധ്യം തടസമാകുന്നുണ്ട്. ചുഴലിക്കാറ്റ് അകന്നുപോകുന്നതോടെ ഏതാനും ദിവസമായി ലക്ഷദ്വീപിലെത്തി നിൽക്കുന്ന കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കാനുള്ള അനുകൂല സാഹചര്യം ഒരുങ്ങും. ജൂൺ 2ന് മിനിക്കോയ് ദ്വീപിലും കന്യാകുമാരി കടലിലും ശ്രീലങ്കയുടെ തെക്കൻ മേഖലയിലും എത്തിയ കാലവർഷക്കാറ്റ് അറബിക്കടലിലെ ന്യൂനമർദത്തെ തുടർന്ന് കേരളത്തിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. കേരളത്തിനു സമീപം ദുർബലമായ കാലവർഷക്കാറ്റ് നിലവിലുണ്ട്.
എന്നാൽ കാലവർഷം എത്തി എന്നു സ്ഥിരീകരിക്കാനുള്ള മാനദണ്ഡം പൂർത്തിയായതുമില്ല. മാനദണ്ഡം പൂർത്തിയാകാൻ ചുഴലിക്കാറ്റ് അകന്നു പോയി ദുർബലമാകേണ്ടിവരും. കാലവർഷക്കാറ്റിൽ നിന്ന് വരുന്ന ഈർപ്പത്തെ ചുഴലിക്കാറ്റ് ആകർഷിച്ച് കടലിൽ മഴ നൽകുകയാണ് ഇപ്പോൾ. ഈ സ്ഥിതിക്ക് ഏതാനും ദിവസത്തിനകം മാറ്റമുണ്ടാകുമെന്നാണ് നിരീക്ഷണം. മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഇത് വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ വെച്ച് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കേരള തീരത്ത് (പൊഴിയൂർ മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക. നാളെ ആലപ്പുഴ, എറണാകുളം ജില്ലയിലും, മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ജില്ലയിലും പത്താം തീയതി പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്നും മുന്നറിപ്പ് ഉണ്ട്. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടായിരിക്കില്ല എന്ന് അറിഞ്ഞിരിക്കുക. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. ആ സമയം പാഴാക്കാതെ മിന്നലേറ്റ ആളിന് എത്രയും വൈദ്യ സഹായം എത്തിച്ചാൽ അയാളുടെ ജീവൻ രക്ഷിയ്ക്കാൻ സാധിച്ചേയ്ക്കാം.
https://www.facebook.com/Malayalivartha