നാളെ മുതൽ ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകൾക്ക് മുന്നറിയിപ്പ്

ഈ മാസം കേരളത്തിൽ ചില ഭാഗങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലുമാണ് സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുക. തെക്കൻ ജില്ലകളിലും ഇടുക്കിയുൾപ്പെടെയുള്ള കിഴക്കൻ മേഖലയിലും മഴ സാധാരണ തോതിലാകും ലഭിക്കുക. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ഗുജറാത്ത് തീരം മുതൽ കേരളതീരം വരെ നിലനിൽക്കുന്ന ന്യൂനമർദപ്പാത്തിയുമാണു മഴ ശക്തമാകുമെന്ന പ്രവചനങ്ങൾക്കു പിന്നിൽ.
നാളെ മുതൽ ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്കു (24 മണിക്കൂറിനിടെ 11.5 സെന്റിമീറ്റർ മുതൽ 20.5 സെന്റിമീറ്റർ വരെ) സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.ജില്ലകളിലും, കണ്ണൂരിൽ ബുധനാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ടിനു സമാനമായ അതിതീവ്രമഴ മുന്നറിയിപ്പ് ഉണ്ട്.
അതിനിടെ ഇന്ത്യയിൽ ജൂണിൽ ദേശീയ അടിസ്ഥാനത്തിൽ 10 ശതമാനം മഴ കുറഞ്ഞു. ജൂണിൽ 165.3 എം.എം മഴയാണ് ദേശീയതലത്തിൽ ലഭിക്കേണ്ടത്. എന്നാൽ 148.6 എം.എം മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത് ദക്ഷിണേന്ത്യയിലാണ്. ഇതിൽ കൂടുതൽ കേരളത്തിലും. കേരളത്തിൽ 60 ശതമാനം മഴക്കുറവും കർണാടകയിൽ 53 ശതമാനം മഴക്കുറവും മഹാരാഷ്ട്രയിൽ 46 % മഴക്കുറവും രേഖപ്പെടുത്തി. 72 തീവ്രമഴ, 377 അതിശക്തമായ മഴ ജൂണിൽ ഇന്ത്യയിൽ 72 തീവ്രമഴ രേഖപ്പെടുത്തി. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്നതിനെയാണ് തീവ്രമഴ എന്നു പറയുന്നത്.
ജൂണിൽ 377 അതിശക്തമായ മഴയും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 115.6 മുതൽ 204.5 മില്ലി മീറ്റർ മഴ ലഭിക്കുമ്പോഴാണ് അതിശക്തമായ മഴയായി കണക്കാക്കുക. സാധാരണ കേരളത്തിൽ വന്ന ശേഷമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം തുടങ്ങുന്നത്. എന്നാൽ ഇത്തവണ മറിച്ചായിരുന്നു.
കാലവർഷത്തിന്റെ ശക്തിക്കുറവും ബിപർജോയ് ചുഴലിക്കാറ്റും ജൂണിലെ മഴയെ ബാധിച്ചതായാണ് വിദഗ്ധരുടെ അഭിപ്രായം. ഗുജറാത്തിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്താകെ പ്രളയ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലാകെ വെള്ളം കയറിയിരിക്കുകയാണ്. പല ജില്ലകളിലും പ്രളയം രൂക്ഷമായിട്ടാണ് ബാധിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും സംസ്ഥാനത്ത് സജീവ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
കച്ച്, ജാംനഗര്‍, ജുനഗഡ്, നവസാരി മേഖലകളിലാണ് പ്രളയം ശക്തമായി ബാധിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ചു. സംസ്ഥാനത്തെ പ്രളയ സമാന സാഹചര്യത്തെ കുറിച്ച് അമിത് ഷാ ചോദിച്ചറിഞ്ഞു. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ധാരണയായിട്ടുണ്ട്. ആംറേലി, ഡാങ്‌സ്, വല്‍സദ് ജില്ലകളിലും അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജുനഗഡ്, ആംറേലി, നവസാരി, ഡാങ്‌സ്, വല്‍സദ് ജില്ലകളില്‍ അതിതീവ്രമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂലായ് അഞ്ച് വരെ ഗുജറാത്തില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ജുനഗഡിലെ സത്രജിലുള്ള ഗ്രാമത്തില്‍ കുടുങ്ങി പോയ രണ്ട് പേരെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവര്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമാണ് ഇവിടെ കുടുങ്ങി പോയത്. മഴയെ തുടര്‍ന്ന് കണ്ട് രണ്ട് ദിവസത്തിനിടെ ഒന്‍പത് പേരാണ് സംസ്ഥാനത്ത് മരിച്ചതെന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha