തോരാ മഴ, ഭൂമിക്കടിയിൽ മുഴക്കം, മിന്നൽച്ചുഴലി, കടൽ ക്ഷോഭം.... ഭയന്ന് വിറച്ച് ജനം

കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴ ഏറെ ദുരിതമാണ് സംസ്ഥാനത്ത് വിതച്ചത്. തോരാ മഴ, ഭൂമിക്കടിയിൽ മുഴക്കം, മിന്നൽച്ചുഴലി, കടൽ ക്ഷോഭം. കാലവർഷ കെടുതിയിൽ ജനം നട്ടം തിരിയുകയാണ്. . ഇന്നലെ പകൽ മഴയ്ക്ക് ചിലയിടങ്ങളിൽ അൽപ്പം ശക്തി കുറഞ്ഞെങ്കിലും രാത്രി മഴ കനത്തു. വിവിധ സ്ഥലങ്ങളിൽ നൂറുക്കണക്കിന് മരങ്ങളാണ് കടപുഴകിയത്. ഡാമുകളിൽ ഉൾപ്പെടെ ജലനിരപ്പ് രണ്ട് ദിവസം കൊണ്ട് ഉയർന്നു. പുതുക്കാട്, ആമ്പല്ലൂർ, തൃക്കൂർ മേഖലകളിൽ ഇന്നലെ രാവിലെയുണ്ടായ ഭൂചലനവും മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ചാലക്കുടി മേഖലയിലുണ്ടായ മഴയും അതോടൊപ്പം നിറുത്താതെ പെയ്യുന്ന മഴയും ലക്ഷങ്ങളുടെ നാശനഷ്ടമാണ് വരുത്തിയത്.
കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2 സെക്കന്‍ഡിൽ താഴെ മാത്രമാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ മൂന്നിൽ താഴെ തീവ്രത വരുന്ന ചലനങ്ങൾ രേഖപ്പെടുത്താനാകില്ല. കളക്ടർ വി.ആർ.കൃഷ്ണ തേജ, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ് ഉൾപ്പടെയുള്ളവർ സ്ഥലങ്ങൾ സന്ദർശിച്ചു. പുതുക്കാട്, കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. ഇത് ഭൂമികുലക്കമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ചാലക്കുടി, ആളൂർ, പോട്ട, കൂടപ്പുഴ മേഖലകളിൽ വെറും ഒന്നര മിനിറ്റ് മാത്രം നീണ്ടുനിന്ന മിന്നൽച്ചുഴലിയിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്.
വാഴ, ജാതി, തെങ്ങ്, കവുങ്ങ് ഉൾപ്പെടെ ആയിരക്കണക്കിന് ഫലവൃക്ഷങ്ങളാണ് ഈ സമയത്തിനുള്ളിൽ നിലംപൊന്തിയത്. കൂടപ്പുഴയിൽ ഒരാളുടെ വിളവെടുക്കാറായ 3,500 ഓളം നേന്ത്രവാഴകളാണ് നിലം പതിച്ചത്. മാസങ്ങൾക്ക് മുമ്പ് ചാലക്കുടി മേഖലയിൽ മിന്നൽച്ചുഴലിയുടെ ആവർത്തനമായിരുന്നു ഇന്നലെ രാവിലെ കണ്ടത്. വൈദ്യുതി ബന്ധം തകരാറിലാക്കി നിരവധി വൈദ്യുതി പോസ്റ്റുകളാണ് നിലം പതിച്ചത്. മാപ്രാണത്ത് ബസിന് മുകളിൽ മരക്കൊമ്പ് വീണു. ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു.
ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ കടൽ ക്ഷോഭത്തെത്തുടർന്ന് അഞ്ചങ്ങാടി വളവിലെ കെട്ടിടം നിലംപൊത്തി. നിരവധി വീടുകൾ വെള്ളക്കെട്ടിലായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മേഖലയിൽ കടൽക്ഷോഭം അനുഭവപ്പെട്ടത്. കടൽത്തിര അടിച്ചുകയറി കടപ്പുറം പഞ്ചായത്തിലെ മൂസാറോഡ്, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി ഉൾപ്പെടെ പലയിടത്തും വെള്ളം റോഡ് കവിഞ്ഞൊഴുകി. കരിങ്കൽ ഭിത്തി തകർന്ന മേഖലകളിലാണ് കടൽക്ഷോഭം ശക്തമായത്. അഞ്ചങ്ങാടി വളവിൽ കടൽ തീരത്തുണ്ടായിരുന്ന കെട്ടിടം പൂർണമായും നിലംപൊത്തി.
ബ്ലാങ്ങാട്, തൊട്ടാപ്പ് ബീച്ചുകളിൽ കരയ്ക്ക് കയറ്റി വെച്ചിരുന്ന ഫൈബർ വഞ്ചികളും ചെറുവള്ളങ്ങളും സുരക്ഷിതമായ ദൂരത്തേക്ക് മാറ്റിയതിനാൽ കേടുപാട് സംഭവിച്ചില്ല. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. നിലവിൽ 70 ഓളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്നുണ്ട്. ഇന്നലെ രണ്ടിടത്ത് കിണർ ഇടിഞ്ഞ് താഴ്ന്നിരുന്നു. സംസ്ഥാനത്തു 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha