അടുത്ത 3 മണിക്കൂറിൽ ആറ് ജില്ലകളിൽ ശക്തമായ മഴ സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ 19-ന് രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് അടുത്ത മാസം വരെ ശക്തമായ മഴ തുടരും...

ഈ കാലവര്‍ഷക്കാലത്തെ ഏറ്റവും കനത്ത മഴയില്‍ കേരളം. വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി തോരാമഴയാണ്. തൃശ്ശൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പെയ്തത്. വടക്കന്‍ കേരളത്തില്‍ തീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ 19-ന് രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഓഗസ്റ്റ് മൂന്നു വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കിയിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴ പ്രവചിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ തെക്കൻ ചൈന കടലിലും വിയറ്റ്നാമിനും മുകളിലുള്ള ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും. ഇത് 19 ന് പുതിയൊരു ന്യൂനമർദമായി മാറും. കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.
ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തന്നെ തുടരുന്നതും കേരളത്തിൽ വ്യാപകമായ മഴ ലഭിക്കുന്നതും.കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കോഴിക്കോട് ഡിടിപിസി കേന്ദ്രങ്ങളിലും വിലക്കുണ്ട്. പാലക്കാട്ടെ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിന് നിയന്ത്രണം.
വയനാട്ടിൽ അഡ്വഞ്ചർ പാർക്കുകളുടെ പ്രവർത്തനവും ട്രെക്കിംഗും നിർത്തിവയ്ക്കാൻ കളക്‌ടറുടെ നിർദേശം. തിരുവനന്തപുരം പൊന്മുടിയിൽ യാത്രാവിലക്ക്. കോട്ടയത്ത് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്ക് യാത്ര പാടില്ല. ഈരാട്ടുപേട്ട-വാഗമൺ റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം. അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം മേഖലകളിൽ നിരോധനം. അടുത്ത 3 മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.
https://www.facebook.com/Malayalivartha