നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച 1.43 ലക്ഷം വ്യാജ ആപ്പുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു

ട്വിറ്ററിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ ട്വിറ്റര്‍ 1,43,000 വ്യാജ ആപ്പുകള്‍ നീക്കം ചെയ്തു. അപകടകാരികളായ ആപ്ലിക്കേഷനുകളെ തടയുന്നതിന് മെച്ചപ്പെട്ട ടൂളുകളും സംവിധാനങ്ങളും ഒരുക്കുമെന്നും ട്വിറ്റര്‍ പറഞ്ഞു.
ട്വിറ്ററിലെ പ്രശ്‌നകാരികളായ ആപ്പുകളും സുരക്ഷാ പിഴവുകളും ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് കമ്പനി. ഇതിന്റെ ഭാഗമായി ട്വിറ്ററിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സ് ലഭ്യമാകുന്നതിന് പുതിയ രീതിയും ഡെവലപ്പര്‍മാരെ നിരന്തരം നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള സംവിധാനവും ട്വിറ്റര്‍ ഒരുക്കിയിട്ടുണ്ട്.
ട്വിറ്ററുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് ആപ്പുകള്‍ക്കു പുതിയ നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വ്യാജ ആപ്പുകളെ തുടക്കത്തില്‍തന്നെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണിത്. ട്വിറ്ററിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാനുള്ള സംവിധാനം ആവിഷ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇത് ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ട്വിറ്റര്‍ അറിയിച്ചു.
ആപ്ലിക്കേഷനുകള്‍ക്ക് അനുമതി ലഭിക്കണമെങ്കിലോ നിലവിലുള്ള ആപ്പുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ അവതരിപ്പിക്കുമ്പോഴോ കര്‍ശനമായ പരിശോധനകള്‍ക്ക് ഡെവലപ്പര്‍മാര്‍ വിധേയരാകേണ്ടിവരും. ഒരു ഡെവലപ്പര്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന പരമാവധി ആപ്ലിക്കേഷനുകളുടെ എണ്ണം പത്തായി നിജപ്പെടുത്തി.
വ്യാജ അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വിലക്കാനുള്ള സുരക്ഷാ സംവിധാനങ്ങളും ട്വിറ്റര്‍ ഒരുക്കിയിട്ടുണ്ട്. ട്വിറ്ററിലെ ട്രോളുകളും ബോട്ടുകളും നീക്കം ചെയ്യുന്നതിനായി മേയിലും ജൂണിലുമായി ഏഴ് കോടിയോളം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ പ്രതിമാസം 33 കോടി സജീവ ഉപയോക്താക്കളാണ് ട്വിറ്ററിനുള്ളത്.
ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ട്വിറ്റര്‍ ഉപയോഗിച്ച് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അധികൃതരെ അറിയിക്കാനുള്ള സംവിധാനവും ട്വിറ്ററില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ, 70 മില്യണ്‍ വ്യാജ ഉപയോക്താക്കളെ ട്വിറ്റര്‍ വിലക്കിയിരുന്നു.
https://www.facebook.com/Malayalivartha