നിര്‍ണായകമായ ശാസ്ത്രപരീക്ഷണങ്ങളില്‍ മുഴുകി ശുഭാംശു ശുക്ലയും സംഘവും...

ശാസ്ത്രപരീക്ഷണങ്ങളില്‍ മുഴുകി ശുഭാംശു ശുക്ലയും സംഘവും. ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് സുസ്ഥിരവും പോഷകസമൃദ്ധവുമായ ഭക്ഷണം രൂപകല്പനചെയ്യാനായി സഹായിക്കുന്ന മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു . ഭക്ഷ്യയോഗ്യമായ മൈക്രോ ആല്‍ഗെകള്‍ മൈക്രോ ഗ്രാവിറ്റിയില്‍ വികിരണങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നാണ് പഠിക്കുന്നത്. ഇതിനായി കൂടെ കൊണ്ടുപോയ മൈക്രോ ആല്‍ഗെ സാംപിളുകള്‍ പുറത്തെടുത്ത് അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി.
ഭാവിയിലെ ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്നതാണ് സൂക്ഷ്മജീവികളായ ആല്‍ഗെകളെന്ന് ആക്സിയം സ്പെയ്സ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ബഹിരാകാശത്ത് മൈക്രോ ഗ്രാവിറ്റിയില്‍ ശരീരപേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുന്നതിനുള്ള പരീക്ഷണം ശുഭാംശു കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. ബഹിരാകാശ യാത്രികര്‍ക്കുണ്ടാകുന്ന പേശീസംബന്ധമായ അസുഖങ്ങളുടെ കാരണത്തിലേക്ക് വെളിച്ചംവീശുന്ന പരീക്ഷണമാണിത്.
നിലയത്തിലെ അഞ്ചാംദിവസമായിരുന്നു ശുഭാംശുവിനും സംഘത്തിനും തിങ്കളാഴ്ച. ആക്സിയം-4 ദൗത്യത്തില്‍ വ്യാഴാഴ്ച വൈകുന്നേരം 5.44-നായിരുന്നു നിലയത്തിലേക്കുള്ള പ്രവേശനം. മൈക്രോ ഗ്രാവിറ്റിയില്‍ കംപ്യൂട്ടര്‍ സ്‌ക്രീനുകള്‍ പോലുള്ള ഇലക്ട്രോണിക് ഡിസ്പ്ലേകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന പഠനം, ജലക്കരടി (വാട്ടര്‍ ബെയര്‍) എന്ന സൂക്ഷ്മജലജീവികള്‍ മൈക്രോ ഗ്രാവിറ്റിയില്‍ പ്രതികരിക്കുന്നതിന്റെ പഠനം, ജലത്തില്‍ ജീവിക്കുന്ന പ്രകാശസംശ്ലേഷണശേഷിയുള്ള സയനോബാക്ടീരിയയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പഠനം, ആറുതരം വിത്തുകളുടെ വളര്‍ച്ച, ഇലകളുടെ വികാസം എന്നിവയെക്കുറിച്ചുള്ള പഠനം, വിത്ത് മുളപ്പിക്കല്‍ പരീക്ഷണം എന്നിവയാണ് ഐഎസ്ആര്‍ഒയ്ക്കുവേണ്ടി വരുംദിവസങ്ങളില്‍ ശുഭാംശു നടത്താന്‍പോകുന്നത്. ബാക്കിയുള്ളവരും വിവിധ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha