അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ള ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ള ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും. തിരുവനന്തപുരം വിഎസ്എസ്സിയില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 കുട്ടികള്‍ പങ്കെടുക്കും.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്ന് ഹാം റേഡിയോ സംവിധാനം വഴിയാണ് കുട്ടികളുമായി സംവദിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആക്സിയം-4 ദൗത്യകേന്ദ്രവുമായി ബന്ധപ്പെട്ട് വിഎസ്എസ്സിയില്‍ ബുധനാഴ്ച ടെസ്റ്റിങ് നടന്നു.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം 2.30 മുതല്‍ 2.40 വരെയുള്ള സമയത്താണ് ശുഭാംശു ശുക്ല വിഎസ്എസ്സിയിലെ കുട്ടികളുമായി സംവദിക്കുക. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് ശുഭാംശുവിനോട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭ്യമാകും. നാലു ചോദ്യങ്ങള്‍ക്കാണ് അനുമതി. കുട്ടികള്‍ക്കു പ്രചോദനമാവുകയെന്നതു ലക്ഷ്യം വച്ചാണ് ബഹിരാകാശനിലയത്തിലുള്ള സഞ്ചാരിയുമായി നേരിട്ടു സംവദിക്കാന്‍ അവസരമൊരുക്കിയത്.
പൊതുവിദ്യാലയങ്ങള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇവരെ വ്യാഴാഴ്ച രാവിലെ വിഎസ്എസ്സിയില്‍ എത്തിച്ച് ബഹിരാകാശപരിപാടികളെക്കുറിച്ചുള്ള ബോധവത്കരണം നല്‍കും. തുടര്‍ന്ന് കുട്ടികള്‍ ബഹിരാകാശ മ്യൂസിയവും സന്ദര്‍ശിക്കുന്നതാണ്.
https://www.facebook.com/Malayalivartha