ഐ.എസ്.ആര്‍.ഒയുടെയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെയും സംയുക്ത ദൗത്യമായ 'നിസാര്‍'ഭൗമ നിരീക്ഷണ ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും

ഐ.എസ്.ആര്‍.ഒയുടെയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെയും സംയുക്ത ദൗത്യമായ 'നിസാര്‍' (നാസ- ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍) ഭൗമ നിരീക്ഷണ ഉപഗ്രഹം ബുധനാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍നിന്ന് വൈകുന്നേരം 5.40ന് ജി.എസ്.എല്‍.വി എഫ്-16 റോക്കറ്റിലേറിയാണ് നിസാര്‍ കുതിക്കുക.
ഐ.എസ്.ആര്‍.ഒയും നാസയും ചേര്‍ന്ന ആദ്യ ദൗത്യം കൂടിയാണിത്. ഭൂമിയില്‍നിന്ന് 743 കിലോമീറ്റര്‍ അകലെ സൗര-സ്ഥിര ഭ്രമണപഥത്തില്‍ സഞ്ചരിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും നിരീക്ഷിക്കുകയാണ് ലക്ഷ്യം. 12 ദിവസത്തെ ഇടവേളയില്‍ ഭൂമിയിലെ ഓരോ പ്രദേശത്തിന്റെയും വ്യക്തമായ വിവരങ്ങള്‍ ഉപഗ്രഹം ശേഖരിക്കുകയും ചെയ്യും. ഈ വിവരങ്ങള്‍ നാസയുടെയും എന്‍.ആര്‍.എസ്.സിയുടെയും (നാഷനല്‍ റിമോട്ട് സെന്‍സറിങ് സെന്റര്‍) വെബ്‌സൈറ്റുകള്‍ വഴി പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നതാണ്.
നാസയും ഐ.എസ്.ആര്‍.ഒയും വികസിപ്പിച്ച രണ്ടു വ്യത്യസ്ത ആവൃത്തികളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ റഡാറുകളാണ് 2,392 കിലോഗ്രാം ഭാരമുള്ള നിസാറിന്റെ സവിശേഷത. പ്രകൃതിദുരന്ത സാധ്യതകള്‍ കണ്ടെത്താനും കാരണങ്ങള്‍ വിലയിരുത്താനുമുള്ള വിവരങ്ങള്‍ ലഭിക്കും. നിരീക്ഷണ വിവരങ്ങള്‍ രണ്ടോ മൂന്നോ ദിവസത്തിനകം സൗജന്യമായി ലഭ്യമാകുന്നതാണ്.
ബഹിരാകാശ പേടകത്തില്‍ മൂന്നു സഞ്ചാരികളെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രധാന വിക്ഷേപണങ്ങളിലൊന്ന് ഈ വര്‍ഷം ഡിസംബറില്‍ നടക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ അറിയിച്ചു. ആളില്ലാത്ത ക്രൂ മൊഡ്യൂളാണ് ഭ്രമണപഥത്തിലെത്തിക്കുക.
വ്യോംമിത്ര എന്ന റോബോട്ടിനെയും വഹിച്ചാവും യാത്ര. ഇതിനുശേഷം രണ്ട് ആളില്ലാ വിക്ഷേപണങ്ങള്‍ കൂടി നടത്തിയശേഷം 2027 മാര്‍ച്ചിലായിരിക്കും മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശയാത്രയുള്ളത്.
"
https://www.facebook.com/Malayalivartha