കേന്ദ്ര തൊഴിൽ അവസരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ അറിയാം

കേന്ദ്ര തൊഴിൽ അവസരങ്ങൾ ഇനി വിരൽത്തുമ്പിൽ. കേന്ദ്രമന്ത്രാലയങ്ങളിലെ വിവിധങ്ങളായ തൊഴിലവസരങ്ങളുടെ വിവരങ്ങൾക്ക് ഏകജാലക ഓൺലൈൻ സംവിധാനം നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുപ്പു തുടങ്ങി. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകകൂടിയാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത് നടപ്പിൽ വരുത്താനായി കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് മന്ത്രിസഭകളുമായി കൂടിയാലോചനകൾ നടത്തിക്കഴിഞ്ഞു.
യുവാക്കൾക്ക് തൊഴിലവസരമൊരുക്കാൻ ഏകപരിഹാര സംവിധാനമുണ്ടാക്കണമെന്ന കാഴ്ചപ്പാടിലാണ് ഏകജാലകമെന്ന് ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ഇനി മുതൽ ഏത് വകുപ്പിലെയും തൊഴിൽ സംബന്ധമായ വിവരങ്ങൾ അറിയാൻ പല വെബ്സൈറ്റുകൾ തപ്പിനടക്കേണ്ട പ്രത്യേകം സജ്ജമാക്കിയ വെബ്‌സൈറ്റിൽ നോക്കിയാൽ മതി.
രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ മൊബൈലിൽ എസ്.എം.എസ്സോ ഇ-മെയിൽ വഴിയോ സ്ഥിരീകരണം ലഭിക്കും. പരീക്ഷയുടെ തിയ്യതി, ഇന്റർവ്യൂ തുടങ്ങിയവയൊക്കെ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾക്കും ഏകജാലകം പരിഹാരമാവും. ഓരോ മാസവും കേന്ദ്രസർക്കാർ തൊഴിലവസരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും പേഴ്‌സണൽ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
https://www.facebook.com/Malayalivartha