സൂരജും ജിയയും ഒരുമിച്ചു ജീവിക്കുകയായിരുന്നൂവെന്ന് അമ്മ

വിവാഹം കഴിച്ചില്ലെങ്കിലും സൂരജ് പഞ്ചോളിയുമൊത്ത് ജിയാഖാന്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നൂവെന്ന് മൊഴി. ജിയയുടെ മാതാവ് റാബിയ പോലീസിനു നല്‍കിയ മൊഴിയിലാണ് ഇത് വ്യക്തമാക്കിയത്. ഒരു വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നും അവര്‍ മൊഴി നല്‍കി. ജിയയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജിനെതിരെ ശക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.
ഈ മാസം 13 വരെ സൂരജിനെ പോലീസ് കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. ബോളിവുഡ് താരം ആദിത്യ പഞ്ചോളിയുടെയും മദനോല്‍സവം ഉള്‍പ്പെടേയുള്ള മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബോളിവുഡ് താരം സെറീന വഹാബിന്റെയും മകനാണ് സൂരജ്. തന്റെ മരണത്തിനു കാരണം സൂരജാണെന്നു വ്യക്തമാക്കിക്കൊണ്ട് ജിയ മരണത്തിന് മുന്‍പ് അഞ്ചു പേജ് വരുന്ന കത്ത് എഴുതിവെച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സൂരജിനെ അറസ്‌റ്റ് ചെയ്‌തത്.
ജൂണ്‍ 4ന് രാത്രി പതിനൊന്നു മണിക്കാണ് ജിയാഖാനെ മുംബൈയിലെ ജുഹു ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാംഗോപാല്‍ വര്‍മയുടെ നിശബ്ദിലൂടെയാണ് ജിയ ബോളിവുഡില്‍ എത്തിയത്.
https://www.facebook.com/Malayalivartha