എനിക്ക് ബ്രയിന്‍ ട്യൂമർ; ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ ചിത്രം പുറത്തിറങ്ങാന്‍ ആഗ്രഹിച്ചു; വെളിപ്പെടുത്തലുമായി ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാർ

ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം പറയുന്ന സൂപ്പര്‍ 30 തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഹൃത്വിക് റോഷന്‍ ആണ് ആനന്ദ് കുമാറിന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. ആനന്ദ് കുമാര്‍ എന്ന മനുഷ്യന്‍ പാവപ്പെട്ട കുട്ടികളെ തന്റെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസിലൂടെ വിജയത്തിലേക്ക് നയിച്ച യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ആനന്ദ് കുമാര്‍.
തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്നും ജീവിച്ചിരിക്കുന്ന സമയത്തു തന്നെ സിനിമ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അനന്ദകുമാര്‍ വ്യക്തമാക്കി. 'സിനിമ വളരെപ്പെട്ടന്ന് തന്നെ പൂര്‍ത്തിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മരണം എന്നുവരുമെന്ന് നമുക്ക് പ്രവചിക്കാനാകില്ല. ഞാന്‍ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ എന്റെ ബയോപിക് എടുക്കണമെന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിച്ചിരുന്നു. 2014 ല്‍ ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടപ്പോഴാണ് ഞാന്‍ ആശുപത്രിയില്‍ പോയതും ടെസ്റ്റുകള്‍ ചെയ്തതും. ചെവിക്കും തലച്ചോറിനുമിടയിലുള്ള ഒരു നാഡിയിലാണ് ട്യൂമര്‍ ബാധ. ഇപ്പോഴും ചികിത്സയിലാണ്. എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ഹൃത്വികിനല്ലാതെ മറ്റാര്‍ക്കും തന്റെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും അനന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബിഹാറിലെ പട്ന സ്വദേശി ആനന്ദ്കുമാറിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. റിലയന്‍സ് എന്റര്‍ടെയ്ൻമെന്റും ഫാന്റം ഫിലിംസും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. മൃണാല്‍ താക്കൂറാണ് ചിത്രത്തില്‍ നായിക. വിരേന്ദ്ര സക്സേന, പങ്കജ് ത്രിപാഠി, ജോണി ലിവര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
ആയിരക്കണക്കിന് പാവപ്പെട്ട വിദ്യാർഥികളെ ഐഐടികളുടെ പടി കടത്തിയ ആളാണ് ആനന്ദ്. ആനന്ദ് കുമാറും അദ്ദേഹത്തിന്റെ സൂപ്പര്‍ 30 എന്ന സൗജന്യ പഠന പരിപാടിയും ഇന്ത്യയ്ക്കകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്ന വിജയകരമായ ഒരു പഠന പദ്ധതിയാണ്. രാജ്യത്തെ പരമോന്നത വിദ്യാഭ്യാസസ്ഥാപനങ്ങളായ ഐ.ഐ.ടി.കളിലേക്ക് അഖിലേന്ത്യാതലത്തിൽ നടക്കുന്ന സംയുക്തപ്രവേശനപരീക്ഷയ്ക്ക് (ജെ.ഇ.ഇ.) 14വർഷത്തിനിടെ സൂപ്പർ 30 പ്രതിഭ മിനുക്കിയ 390 കുട്ടികളിൽ 333പേർ കൃത്യമായി ലക്ഷ്യം നേടി.
2015ല്‍ ഫ്രഞ്ച് സംവിധായകന്‍ പാസ്‌കല്‍ പ്ലിസണ്‍ ആനന്ദ് കുമാറിനെ കുറിച്ച് ഒരു ഡോക്യുമെന്ററി എടുത്തിരുന്നു. ഡിസ്‌കവറി ചാനല്‍, അല്‍ജസീറ എന്നിവയുള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളും ആനന്ദ് കുമാറിനെയും സൂപ്പര്‍ 30യെയും കുറിച്ചു പരിപാടികള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha