റിയ പിള്ളയുടെ ഗാര്‍ഹിക പീഡന കേസില്‍ വിധി! ലിവ് ഇന്‍ റിലേഷനുകളില്‍ എപ്പോഴും നഷ്ടം സംഭവിക്കുന്നത് സ്ത്രീകള്‍ക്കാണ്, റിയ പിള്ള നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പെയ്സിന് എതിരെ കോടതി വിധി

മുന്‍ പങ്കാളിയും നടിയുമായ റിയ പിള്ള നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പെയ്സിന് എതിരെ കോടതി വിധി. പെയ്സ് റിയ പിള്ളയ്ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ ചെലവിനത്തില്‍ നല്‍കണമെന്ന് മുംബൈ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു.
ലിവ് ഇന്‍ റിലേഷനുകളില്‍ എപ്പോഴും നഷ്ടം സംഭവിക്കുന്നത് സ്ത്രീകള്‍ക്കാണെന്ന്, കോടതി അഭിപ്രായപ്പെട്ടു. വിവാഹത്തിനു പുറത്തുള്ള ഇത്തരം ബന്ധങ്ങളെ സമൂഹം ഇപ്പോഴും വ്യാപകമായി അംഗീകരിച്ചിട്ടില്ല. പലപ്പോഴും അതു സംഘര്‍ഷത്തില്‍ എത്തുകയും സ്ത്രീകള്‍ക്കു മാത്രം നഷ്ടമുണ്ടാവുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നു.
ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളോട് വലിയ അനീതിയാണ് പാട്രിയാര്‍ക്കല്‍ സമൂഹം ചെയ്യുന്നത്. അവര്‍ക്കു ശേഷിക്കുന്ന അത്താണിയായ നിയമ നീതിന്യായ സംവിധാനങ്ങളും പൂര്‍ണമായും പര്യാപ്തമാണെന്നു പറയാനാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
2003 മുതല്‍ ബന്ധം തുടരുന്ന പെയ്സും റിയ പിള്ളയും 2005, 2006 വര്‍ഷങ്ങളിലാണ് ഒരുമിച്ചു താമസിച്ചത്. 2006ല്‍ ഇവര്‍ക്കു കുഞ്ഞു പിറന്നു. ബാന്ദ്രയിലേക്കു താമസം മാറിയ ശേഷം പെയ്സിന്റെ പിതാവ് ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇതിനു ശേഷമാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നാണ് റിയ പറയുന്നത്. കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെയ്സ് ബാന്ദ്ര കുടുംബ കോടതിയില്‍ അപേക്ഷ നല്‍കിയതിനു പിന്നാലെ റിയ ഗാര്‍ഹിക പീഡന പരാതി നല്‍കുകയായിരുന്നു.
ആക്ഷേപം തെളിയിക്കാന്‍ റിയയ്ക്കായെന്നും നിരപരാധിത്വം വ്യക്തമാക്കുന്നതിനുള്ള ഒന്നും പെയ്സിനു ഹാജരാക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താനുമായി ബന്ധം തുടങ്ങുന്ന സമയത്ത് റിയ വിവാഹിതയായിരുന്നെന്നും ഇതു തനിക്ക് അറിയാമായിരുന്നില്ലെന്നും പെയ്സ് വാദിച്ചു. കോടതി ഇത് അംഗീകരിച്ചില്ല.
സഞ്ജയ് ദത്തുമായുള്ള വിവാഹ മോചന കേസ് നടക്കുന്ന കാര്യം പെയ്സിന് അറിയാമായിരുന്നെന്ന് റിയ പിള്ള പറഞ്ഞു. പെയ്സ് വാടക വീട്ടിലാണ് താമസിക്കുന്നതു കണക്കിലെടുത്ത് വീട് ഒഴിഞ്ഞുകൊടുക്കാന്‍ റിയയ്ക്ക് കോടതി നിര്‍ദേശം നല്‍കി. വീടില്‍ തന്റെ പങ്കു കിട്ടണമെന്ന റിയയുടെ വാദം കോടതി അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha