എലിസബത്ത് ടെയ്‌ലര്‍ മരണത്തെ ജയിച്ച കലാകാരി

പ്രതിഭാധനയായ അഭിനേത്രി, നിശ്ചയദാര്‍ഢ്യമുള്ള സാമൂഹ്യപ്രവര്‍ത്തക തുടങ്ങിയ വിശേഷണങ്ങള്‍ക്കെല്ലാം അര്‍ഹയാണു അന്തരിച്ച എലിസബത്ത് ടെയ്‌ലര്‍. ഒരു കാലത്തു ലോകസിനിമയുടെ രോമാഞ്ചമായിരുന്നു അവര്‍. സമാനതകളില്ലാത്ത പോരാളി കൂടിയായിരുന്നു. ലോകസിനിമയുടെ തന്നെ നായികാസങ്കല്‌പത്തെ അടിമുടി ഉടച്ചുവാര്‍ത്ത ടെയ്‌ലര്‍. അവരുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഒരു പോരാട്ടമായിരുന്നു. സ്വയം വേദനിക്കുമ്പോഴും അന്യരുടെ വേദനയെക്കുറിച്ചോര്‍ത്ത മഹതി. എയ്‌ഡ്‌സ് എന്ന മാരക രോഗത്തിനെതിരെ പോരാടിയ ടെയ്‌ലര്‍, എയ്‌ഡ്‌സ് ബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ചികിത്സയ്‌ക്കുമായി മുന്നിട്ടു പ്രവര്‍ത്തിച്ചു.
താരപരിവേഷം തന്റെ നിസ്വാര്‍ത്ഥമായ സാമൂഹ്യപ്രവര്‍ത്തനത്തിന് ഒരിക്കലും ടെയ്‌ലര്‍ക്കു തടസ്സമായില്ല. മറിച്ച് ആ താരപദവിയെക്കൂടി തന്റെ ഉദ്യമങ്ങള്‍ക്കു ശക്തി പകരുന്നതിനായി നല്ലവണ്ണം ഉപയോഗപ്പെടുത്തുകയുമായിരുന്നു. ജീവിതത്തിന്റെ അവസാന മൂന്നു പതിറ്റാണ്ടുകള്‍ ടെയ്‌ലര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവച്ചു. അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ എയ്‌ഡ്‌സ് റിസേര്‍ച്ചിന്റെ സ്ഥാപകാംഗം കൂടിയാണു ടെയ്‌ലര്‍.
1932 ഫ്രെബ്രുവരി 27നു ലണ്ടനിലാണ് എലിസബത്ത് ടെയ്‌ലര്‍ ജനിച്ചത്. പിന്നീടു ഹോളിവുഡിലെ റാണിയായി ഉയര്‍ന്ന ടെയ്‌ലറെത്തേടി ഒട്ടനവധി പുരസ്‌കാരങ്ങളെത്തി. മികച്ച അഭിനേത്രിയെന്ന നിലയില്‍ രണ്ടുതവണ അക്കാദമി അവാര്‍ഡുകള്‍ തേടിയെത്തി. 1992ല്‍ എയ്‌ഡ്‌സിനെതിരായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ജീന്‍ നെര്‍ഷോള്‍ട്ട് ഹ്യുമാനിറ്റോയന്‍ അവാര്‍ഡും ലഭിച്ചു. വ്യക്തിജീവിതത്തിലെ പ്രത്യേകതകളും ടെയ്‌ലറെ ഏവരുടെയും ശ്രദ്ധാകേന്ദ്രമാക്കി. എട്ടുതവണ വിവാഹം കഴിച്ച ടെയ്‌ലര്‍ ഒളിവും മറവുമില്ലാത്ത തുറന്ന പ്രകൃതക്കാരിയായിരുന്നു.
https://www.facebook.com/Malayalivartha