മോഹന്ലാലിന്റെ കണ്ണുകളില്‍പ്പോലും അഭിനയം: സന്ദര്‍ഭോചിതമായ സംഭാഷണങ്ങള്‍: ഒടിയനെക്കുറിച്ച് മന്ത്രി ജി സുധാകരന്‍ എഴുതുന്നു

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പോടെ റിലീസിനെത്തിയ ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാലിന് ഓസ്‌കാര്‍ നേടിക്കൊടുക്കുമെന്നുവരെ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണുയരുന്നത്. സിനിമയ്‌ക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നതായി സംവിധായകന്‍ പറഞ്ഞു. ഇപ്പോള്‍ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ജി സുധാകരന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ഒടിയനെക്കുറിച്ച് മന്ത്രി നിരൂപണം നടത്തിയിരിക്കുന്നത്.
ഡിസംബർ 14 ന്‍റെ കേരള ഹർത്താലിനെ അതീജിവിച്ചാണ് മലയാളി പ്രേക്ഷകർ കാത്തിരുന്ന ഒടിയന്‍ എന്ന സിനിമ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. പക്ഷേ പെട്ടെന്ന് തന്നെ ചിത്രത്തിന് എതിരെ കുപ്രചരണ വാർത്തകള്‍ കേട്ടു. അതുകൊണ്ട് സിനിമ ഒന്ന് കാണണമെന്ന് തോന്നി. ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
കെ.ഹരികൃഷ്ണൻ വ്യത്യസ്തമായ കഥയൊരുക്കി വി.എ.ശ്രീകുമാർ മേനോൻ അതിമനോഹരമായി സംവിധാനം ചെയ്ത്, അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ചുവാരിയരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാർ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രം. എം.ജയചന്ദ്രന്‍റെ മികച്ച സംഗീതവും, പ്രഭാവർമ്മയുടെ ഗാനവും, ഷാജി കുമാറിന്‍റെ ഛായാഗ്രഹണവും ചിത്രത്തെ ആസ്വാദ്യകരമാക്കിയിട്ടുണ്ട്.
ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്‍റെ യൗവ്വനവും വാർദ്ധക്യവും ചിത്രത്തിൽ അവതരിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ നല്ല ശാരീരിക വഴക്കം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട് എന്ന് മറുചിന്തയില്ലാതെ വിശേഷിപ്പിക്കാം. മഞ്ജുവാരിയരുടെതും തുല്യതയില്ലാത്ത അഭിനയമികവ് തന്നെ. സിനിമയിലാകെ വളരെ സന്ദർഭോചിതമായി സംഭാഷണം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വർത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥനീങ്ങുന്നത്. മൂല്യബോധമുള്ള സിനിമയാണ്.
https://www.facebook.com/Malayalivartha