ലേഡി ആമീര്‍ ഖാന്‍: പ്രതിഫലം തിരികെ കൊടുത്ത് താരമായി സായ് പല്ലവി

സിനിമ ജയിച്ചാല്‍ അത് താരത്തിന്റെ കഴിവ്, പരാജയപ്പെട്ടാല്‍ നഷ്ടം നിര്‍മ്മാതാവിനു മാത്രം എന്ന സ്ഥിതിവിശേഷം സിനിമയിലുണ്ട്. മിക്ക താരങ്ങളും അഭിനയിക്കുക പണം വാങ്ങുക പോവുക എന്ന രീതിയാണ്. ചിത്രം പരാജയപ്പെട്ടാല്‍ നിര്‍മ്മാതാവിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് പലരും ചിന്തിക്കാറില്ല. ഇവിടെ വ്യത്യസ്തയാവുകയാണ് നടി സായി പല്ലവി. സിനിമ പരാജയമായതിനെ തുടര്‍ന്ന് പ്രതിഫലത്തുക വേണ്ടെന്ന് വെച്ചിരിക്കുകയാണ് നടി. തെലുങ്ക് ചിത്രമായ 'പടി പടി ലെച്ചേ മനസു'ലെ പ്രതിഫലമാണ് സായ് വേണ്ടെന്ന് വെച്ചത്. മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ ഖാനാണ് സായ്ക്കു മുന്‍പ് ഇത്തരത്തില്‍ പ്രതിഫലം വേണ്ടെന്നു വെച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്.
ഏകദേശം 22 കോടി ബജറ്റില്‍ റിലീസ് ചെയ്ത ചിത്രം കലക്ഷനില്‍ ആകെ നേടിയത് 8 കോടി രൂപ മാത്രമാണ്. ഇതിലൂടെ വലിയ സാമ്പത്തിക നഷ്ടമാണ് സിനിമയുടെ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഉണ്ടായത്.
ഹനു രാഘവപുഡി സംവിധാനം ചെയ്ത ചിത്രത്തില്‍ സായി പല്ലവിയും ശര്‍വാനന്ദുമാണ് പ്രധാനവേഷത്തില്‍ എത്തിയത്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ചിത്രം റിലീസ് ചെയ്തിരുന്നെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.
ചിത്രം ഇറങ്ങുന്നതിനും മുമ്പ് ഇതിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെ ട്ടിരുന്നെങ്കിലും ചിത്രം വേണ്ടത്ര വിജയം നേടിയില്ല. 22 കോടി രുപയ്ക്ക് വിറ്റു പോയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ നിന്നും എട്ടു കോടി രൂപ മാത്രമാണ് സ്വന്തമാക്കാനായത്.
അഡ്വാന്‍സായി കുറച്ച് തുക സായ് പല്ലവി കൈപ്പറ്റിയിരുന്നു. പ്രതിഫലത്തിന്റെ ബാക്കി തുക നല്‍കാന്‍ നിര്‍മാതാക്കള്‍ സമീപിച്ചപ്പോഴാണ് ആ തുക താരം സ്വീകരിക്കാതിരുന്നത്. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ് പ്രതിഫലയിനത്തില്‍ വേണ്ടെന്ന് വെച്ചത്. ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രയാസത്തിലായിരുന്ന നിര്‍മാതാക്കള്‍ക്ക് സായിയുടെ നിലപാട് ചെറിയ ആശ്വാസമല്ല നല്‍കിയത്. സായി പല്ലവിയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ച് നിരവധി നിര്‍മാതാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്.
ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച സായിക്ക് അവിടെയും ആരാധകര്‍ ഏറെയാണ്. ഫിദക്ക് ശേഷം മിഡില്‍ ക്ളാസ് അബ്ബായി, കണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ തിയറ്ററില്‍ എത്തിയ സായിയുടെ ചിത്രമായിരുന്നു പടി പടി ലെച്ചേ മനസു. തമിഴ് ചിത്രമായ മാരി 2 വാണ് സായ് പല്ലവിയുടേതായി അവസാനമെത്തിയ ചിത്രം. ധനുഷ് നായകനായെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. സൂര്യ നായകനാകുന്ന എന്‍ജികെ, ഫഹദുമൊത്തൊരു ചിത്രം എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.
https://www.facebook.com/Malayalivartha