ഞാനും മാസ്സാണ് മക്കളെ; വിമര്‍ശകരെ നൈസായിട്ട് ട്രോളി ഗോപി സുന്ദര്‍

കോപ്പിയടി വിവാദങ്ങള്‍ ഒരുപാട് വന്നെങ്കിലും പാട്ടുകൊണ്ട് ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ കയ്യിലെടുക്കുന്ന താരമാണ് ഗോപി സുന്ദര്‍. എത്രയൊക്കെ കോപ്പിയടി ആരോപിച്ചാലും ആ പാട്ടുകള്‍ക്കൊക്കെ പ്രത്യേക സൗന്ദര്യമുണ്ടെന്ന് വിമര്‍ശകര്‍ വരെ അംഗീകരിക്കുന്നതാണ്. ഇപ്പോള്‍ വിമര്‍ശകരെ നൈസായിട്ട് കൊട്ടി താനും മാസാണെന്ന് തെളിയിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. കാളിദാസ്-ഐശ്വര്യ ലക്ഷ്മി ചിത്രം 'അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍ക്കടവി'ന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഇങ്ങനെ പറഞ്ഞത്. ഗോപിസുന്ദറിന്റെ വാക്കുകള്‍ ഇങ്ങനെ: 'കുറെ കാലമായി അണ്ണാ മാസ് മാസ് എന്നാണു ഞാന്‍ കേള്‍ക്കുന്നത്. കാരണം മാസിന്റെ കയ്യിലാണു നമ്മുടെ സിനിമയിരിക്കുന്നത്. ഞാനും പക്ക മാസ് തന്നെയാണ്. അതുകൊണ്ടു തന്നെ ചവിട്ടിപ്പിടിച്ചു കൊണ്ട് മാസായിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കും എന്നു തന്നെയാണു പ്രതീക്ഷ.'
അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റ പശ്ചാത്തല സംഗീതം ഒരുക്കുന്നതിനിടെയാണ് അര്‍ജന്റീന ഫാന്‍സിന്റെ ഓഡിയോ ലോഞ്ചിനെത്തിയതെന്നും ഗോപി സുന്ദര്‍ പറഞ്ഞു. അതുകൊണ്ട് ഇന്നലെയിട്ട ഷര്‍ട്ടുമായി ഓടിയെത്തിയതാണെന്നും ഒന്നും വിചാരിക്കേണ്ടെന്നും ചടങ്ങിനെത്തിയ അരുണ്‍ ഗോപിയോടു ഗോപി സുന്ദര്‍ പറഞ്ഞത് സദസ്സില്‍ ചിരി പടര്‍ത്തി.
കാളിദാസിനെയും ഐശ്വര്യ ലക്ഷ്മിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍കടവ്. സാധാരണ മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനായിരിക്കും നിര്‍വഹിക്കുന്നത്. എന്നാല്‍ ഇത്തവണ ഗോപി സുന്ദറാണു ചിത്രത്തിന്റെ സംഗീതം. ബി.കെ. ഹരിനാരായണന്റെതാണു വരികള്‍. മുപ്പതോളം പുതുമുഖങ്ങളുള്ള ചിത്രം അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ്.
https://www.facebook.com/Malayalivartha