നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു..... 88 വയസ്സായിരുന്നു... വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം

സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറ തെക്കുംഭാഗം പടന്നയില്‍ വീട്ടില്‍ കെ ടി സുബ്രഹ്മണ്യന്‍ എന്നാണ് മുഴുവന്‍ പേര്.
അരനൂറ്റാണ്ടിലേറെക്കാലം പ്രൊഫഷണല്‍ നാടകരംഗത്തു തിളങ്ങിയ ശേഷമാണ് സിനിമാ രംഗത്തെത്തുന്നത്. രാജസേനന്റെ ചേട്ടന്‍ ബാവ അനിയന്‍ ബാവയാണ് പടന്നയിലിന്റെ ആദ്യസിനിമ.
തുടര്‍ന്ന് 140 ഓളം സിനിമകളില്‍ അഭിനയിച്ചു. 21ാം വയസില്‍ കണ്ണംകുളങ്ങര അംബേദ്കര്‍ ചര്‍ക്ക ക്‌ളാസില്‍ നൂല്‍നൂല്‍പ്പ് ജോലിചെയ്യവെ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്.
സിനിമാ നടനായിട്ടും തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ അദ്ദേഹം ചെറിയ കട നടത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.
നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. സന്മനസുള്ളവര്‍ക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ സീരിയലുകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.
തുടര്‍ന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, ൈവക്കം മാളവിക, ആറ്റിങ്ങല്‍ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും നിരവധി ഫൈന്‍ആര്‍ട്‌സ് സൊസൈറ്റി അവാര്‍ഡുകളും ലഭിച്ചു.
നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാര്‍ഗം.
പുലര്‍ച്ചെ രണ്ടേമുക്കാലിന് എഴുന്നേറ്റ് രണ്ടരകിലോമീറ്റര്‍ നടന്ന് അതിരാവിലെ തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയിലെ പെട്ടിക്കടയിലെത്തുമായിരുന്നു. നാടകത്തില്‍നിന്നും പെട്ടിക്കടയില്‍നിന്നും ലഭിച്ച വരുമാനത്തില്‍നിന്നാണ് നാലുമക്കള്‍ക്കും വീടും ഉപജീവനമാര്‍ഗവും ഉണ്ടാക്കിക്കൊടുത്തത്. സിനിമയില്‍നിന്ന് കാര്യമായ സമ്പാദ്യമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
മതിയായ പ്രതിഫലംപോലും നല്‍കാതെ കബളിപ്പിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടായി. ഇനി ചാന്‍സ് ചോദിച്ച് ആരുടെയടുത്തും പോകില്ല. അങ്ങനെ പോകാതിരിക്കാനാണ് പെട്ടിക്കട നടത്തുന്നതെന്ന് പടന്നയില്‍ പറയുന്നു.
https://www.facebook.com/Malayalivartha