മാതൃദിനത്തിൽ 'അമ്മ'യുടെ വിയോഗം! താങ്ങാനാകാതെ മോഹൻലാലും, ആന്റണി പെരുമ്പാവൂരും!

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. നാളെ രാവിലെയാണ് മരണാനന്തര ചടങ്ങുകൾ നടക്കുക. മോഹൻലാൽ ഫാൻസ് അസോസിയേഷനാണ് മരണവാർത്ത പുറത്തുവിട്ടത്. മരണാനന്തര മാതൃദിനത്തിലാണ് ആന്‍റണിക്ക് വലിയ നഷ്ടമുണ്ടായിരിക്കുന്നത്. 1968 ഒക്ടോബറിൽ ആണ് ഏലമ്മ- ജോസഫ് ദമ്പതികൾക്ക് ആന്റണി പെരുമ്പാവൂർ ജനിക്കുന്നത്. മലേക്കുടി ജോസഫ് ആന്റണി എന്നായിരുന്നു ആദ്യ പേര്. മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ 2000ലാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്.
ഇന്ന്മലയാളത്തിലെ ഏറ്റവും വലിയ നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. ആദ്യ സിനിമ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഹിറ്റുകളിൽ ഒന്നായി മുദ്രണം ചെയ്യപ്പെട്ട നരസിംഹം ആയിരുന്നു. അതുവരെ മലയാളം കണ്ട എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തി എഴുതിയ മഹാവിജയം നേടിയ സിനിമ കൂടിയായിരുന്നു ഇത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ പുറത്തിറങ്ങിയതോടെ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രത്തിന്റെ നിർമ്മാതാവായി ആന്റണി മാറി. എലോൺ ആണ് ആശീർവാദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഈ ബാനറിൽ തന്നെയാണ് ഒരുങ്ങുന്നത്.
1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്. പല താരങ്ങൾക്കു വേണ്ടിയും വാഹനം ഓടിക്കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചി അമ്പലമുകളിലെ വീട്ടിൽപ്പോയി മോഹൻലാലിനെ കൂട്ടിക്കൊണ്ട് വരുന്നതോടെയാണ് മോഹൻലാലുമായുള്ള സൗഹൃദത്തിന്റെ തുടക്കം. മോഹൻലാലിന്റെ സ്ഥിരം ഡ്രൈവറായി തുടക്കമിട്ടെങ്കിലും പിന്നീട് മാനേജരും നിത്യജീവിതത്തിലെ അടുത്ത സുഹൃത്തുമായി ആന്റണി പ്രസിദ്ധി നേടി. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്. ഏറെ തിയറ്ററുകളുടെയും ഉടമയായ ആന്റണിയുടെ ഭാര്യ ശാന്തി, മക്കൾ അനീഷ, ആശിഷ് എന്നിവരാണ്.
അക്ഷരാർത്ഥത്തിൽ ലാലേട്ടന്റെ എല്ലാ വളർച്ചയിലും നിഴലുപോലെ കൂട്ടായി ആന്റണിയും ഉണ്ടായിരുന്നു. "എന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമാണ്, എന്റെ എല്ലാമാണ് ലാൽ സാർ" എന്നൊക്കെയാണ് ആന്റണി പെരുമ്പാവൂർ ഈ ബന്ധത്തെ വിശേഷിപ്പിക്കുന്നത്. ഡ്രൈവറായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആന്റണി പെരുമ്പാവൂരിനെ കുറിച്ച് ഒരു ചാനൽ പരിപാടിയിൽ മോഹൻലാൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എപ്പോഴാണ് ആന്റണി ലാലിൻറെ ജീവിതത്തിലേക്ക് വരുന്നത്? എങ്ങിനെ ആയിരുന്നു അത്?" എന്ന് നടനും അവതാരകനുമായ സിദ്ധിഖ് ചോദിക്കുന്ന ചോദ്യത്തിന് ലാലേട്ടൻ പറഞ്ഞ മറുപടി "വളരെ അപ്രതീക്ഷിതമായിട്ടാണ് അത് സംഭവിച്ചത്. മൂന്നാം മുറ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ആണ് ഞാൻ ആന്റണിയെ കാണുന്നത്.
നമുക്ക് ചില മനുഷ്യരെ കാണുമ്പോൾ താല്പര്യം ഒക്കെ തോന്നില്ലേ, ആ താല്പര്യത്തോട് കൂടി ഞാൻ ആന്റണിയെ എന്റെ ഡ്രൈവർ ആയി ക്ഷണിച്ചു. ആ സമയത്ത് എനിക്ക് കാർ ഉണ്ടെങ്കിലും ഒരു പേഴ്‌സണൽ ഡ്രൈവർ ഒന്നും ഇല്ലായിരുന്നു. അങ്ങിനെ ചോദിച്ചപ്പോൾ ആന്റണി സമ്മതിച്ചു.ആ സമയത്ത് തന്നെയാണ് എന്റെ കല്യാണവും നടക്കുന്നത്.
എന്റെ ഭാര്യയും ആന്റണിയും ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വരുന്നത്." ആൻ്റണി പെരുമ്പാവൂർ മോഹൻലാലിൻറെ ആത്മമിത്രമായി വളർന്ന കാഴ്ച ഓരോ മലയാളിയ്ക്കും അസൂയ തോന്നും വിധം ആയിരുന്നു. സ്വന്തം അമ്മയെപ്പോലെ തന്നെയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ 'അമ്മ മോഹൻലാലിനും. ഈ വിയോഗം താരത്തെയും തളർത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha