രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു; ആക്രമണം സംബന്ധിച്ച സൂചന പുറത്ത് വന്നത് അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ച് വിട്ടതോടെ...

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേന ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാന സർവീസുകൾ റദ്ദാക്കി. നിരവധി സർവീസുകൾ വഴി തിരിച്ചുവിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ എന്നിവ സർവീസ് തടസപ്പെടുമെന്ന് അറിയിച്ചു. പാകിസ്താനിലേക്കുള്ള വിമാന സർവീസുകൾ താൽകാലികമായി ഖത്തർ എയർവേയ്സ് നിർത്തിവെച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഉൾപ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
ബഹാവൽപൂർ, മുരിദ്കെ, ഗുൽപൂർ, ഭിംബർ, ചക് അമ്രു, ബാഗ്, കോട്‌ലി, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ പാകിസ്താൻ ഭീകരരുടെ ഒമ്പത് ഒളിത്താവളങ്ങളിലേക്കാണ് ഇന്ത്യൻ സൈന്യം പുലർച്ചെ 1.44 ഓടെയാണ് തിരിച്ചടി നടത്തിയത്. ലഷ്കർ ആസ്ഥാനവും ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഒളിത്താവളങ്ങളും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ വ്യോമമേഖലയിൽനിന്ന് ഇന്നലെ അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ചു വിട്ടതോടെയാണ് ആക്രമണം സംബന്ധിച്ച് അഭ്യൂഹം പരന്നത്. ഇതേ സമയത്തു തന്നെ പാക്കിസ്ഥാനോട് അടുത്ത ഇന്ത്യൻ വ്യോമമേഖലയും ഒഴിഞ്ഞു കിടന്നു. കറാച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനവും അവിടെയിറങ്ങാതെ മടങ്ങി. പാക്ക് അധിനിവേശ കശ്മീരിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി കാണിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ പ്രചരിച്ചു. പിന്നാലെ, പുലർച്ചെ 1.44ന് ഇന്ത്യ ആക്രമണവിവരം സ്ഥിരീകരിച്ചു.
പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സേന ആക്രമിച്ചത്. 1971 നു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനിൽ ഇന്ത്യ ആക്രമണം നടത്തുന്നത്. കര, വ്യോമ, നാവികസേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചാണ് ഭീകരക്യാംപുകൾ തകർത്തത്. അതിർത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് ആരംഭിച്ചതോടെ മേഖലയിലെ ജനങ്ങളെ ബങ്കറുകളിലേക്കു മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha