വിവാഹപ്പിറ്റേന്ന് നവവധുവിന്റെ 30 പവന്റെ കാണാതായ ആഭരണങ്ങള്‍ കണ്ടെത്തി

വിവാഹം കഴിഞ്ഞ് അടുത്തദിവസം കരിവളളൂരില്‍ നവവധുവിന്റെ നഷ്ടപ്പെട്ട 30 പവന്‍ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ വീടിന് സമീപം സഞ്ചിയില്‍ കെട്ടി ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിനിയായ ആര്‍ച്ച സുധിയുടെ വിവാഹഭരണങ്ങളാണ് കണ്ടെത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ മൊഴി എടുക്കാനായി എത്തിയ പൊലീസ് വീടിനു സമീപത്ത് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു യുവതിയുടെ വിവാഹം. അടുത്ത ദിവസം ബന്ധുക്കളെ കാണിക്കാന്‍ ആഭരണം എടുത്തപ്പോഴാണ് മോഷണം പോയെന്ന് മനസിലായത്. നാല് പെട്ടികളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിരലടയാള വിദഗ്ധരും പൊലീസും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വിവാഹദിനത്തിലോ, തൊട്ടടുത്ത ദിവസമോ ആണ് മോഷണം നടന്നതെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നത്.
നഷ്ടപ്പെട്ട ആഭരണങ്ങള്‍ക്ക് 20 ലക്ഷം രൂപയോളം വില വരും. അലമാരയോ വാതിലോ തകര്‍ത്ത ലക്ഷണമില്ലായിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണം മുഴുവനും തിരികെ കിട്ടിയെന്നാണ് വിവരം.കവര്‍ച്ച നടത്തിയത് പ്രൊഫഷണല്‍ സംഘം അല്ലെന്ന കണ്ടെത്തലിലായിരുന്നു പൊലീസ്. വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആരെങ്കിലുമാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പലിയേരിയിലെ കെഎസ്ഇബി മുന്‍ ഓവര്‍സിയര്‍ ചൂരക്കാട്ട് മനോഹരന്റെ വീട്ടിലാണ് സംഭവം. മനോഹരന്റെ മകന്‍ എ.കെ. അര്‍ജുനാണ് ആര്‍ച്ചയുടെ ഭര്‍ത്താവ്. അര്‍ജുനും ആര്‍ച്ചയും തിരുവനന്തപുരത്ത് ഐടി ജോലിക്കാരാണ്. വജ്രാഭരണങ്ങളും പണവും രണ്ട് ബാഗുകളിലായുണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിരുന്നില്ല.
https://www.facebook.com/Malayalivartha