ഷൂട്ടിങ് കഴിഞ്ഞ് ഫോൺ വിളിച്ചിട്ടും മറുപടിയില്ല; കതക് തുറന്നപ്പോൾ നടുക്കുന്ന കാഴ്ച; രഞ്ജുഷയെ ആ രോഗം അലട്ടി..? അന്വേഷണം

പ്രശസ്ത സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോനെ വാടക ഫ്‌ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. കുടുംബ പ്രശ്‌നങ്ങളടക്കം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കുമെന്നാണ് വിവരം. ഇന്ന് രാവിലെയാണ് രഞ്ജുഷ മേനോനെ ശ്രീകാര്യത്തെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പങ്കാളിയും സീരിയല്‍ നടനുമായ മനോജാണ് രഞ്ജുഷയുടെ മരണവിവരം ആദ്യം പോലീസില്‍ അറിയിച്ചത്.
രാവിലെ താന്‍ ഷൂട്ടിങ്ങിനായി ഫ്‌ളാറ്റില്‍ നിന്ന് പോയെന്നും തുടര്‍ന്ന് രഞ്ജുഷയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ലെന്നുമാണ് മനോജിന്റെ മൊഴി. ഇതോടെ ഫ്‌ളാറ്റില്‍ തിരികെ എത്തിയപ്പോളാണ് കിടപ്പുമുറിയിലെ സീലിങ്ഫാനില്‍ രഞ്ജുഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കുരുക്കഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും മനോജ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഏറെനാളായി ശ്രീകാര്യം കാരിയത്തെ ഫ്‌ളാറ്റില്‍ വാടകയ്ക്കാണ് രഞ്ജുഷയുടെയും ഭർത്താവിന്റെയും താമസം. ദമ്പതികൾക്ക് ഒരു മകളുണ്ട്. അതിനിടെ, രണ്ടു ദിവസം മുമ്പ് രഞ്ജുഷയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി സഹപ്രവര്‍ത്തകരും വെളിപ്പെടുത്തി. രണ്ടു ദിവസം മുന്‍പ് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ടിരുന്നതായും ആശുപത്രിയില്‍ പോയിരുന്നതായും സീരിയല്‍ സംവിധായകനായ സുനില്‍ ദേവിയോട് പറഞ്ഞു.
സംഭവത്തില്‍ നിലവില്‍ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവരെ അലട്ടിയിരുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. രഞ്ജുഷയുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്.
രഞ്ജുഷയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റുകളിൽ വിഷാദം, വിശ്വാസം, പിന്തുണ മുതലായ വിഷയങ്ങൾ സംബന്ധിച്ച പോസ്റ്റുകളാണുള്ളത്. 'ഉറക്കമാണ് എന്റെ ഏക ആശ്വാസം, അപ്പോൾ എനിക്ക് ദുഃഖമില്ല, ദേഷ്യമില്ല, ഞാൻ തനിയെയല്ല, ഞാൻ ഒന്നുമല്ല' എന്നർത്ഥമാക്കുന്ന ഒരു പോസ്റ്റ് പേജിൽ വന്നത് ഒക്ടോബർ 16ന്. ഇതിനു ശേഷം രണ്ടു പോസ്റ്റുകൾ കൂടി വന്നിരുന്നു. ഇൻസ്റ്റഗ്രാമിലും സജീവമായിരുന്നു.
സ്ത്രീ എന്ന സീരിയലിലൂടെയായിരുന്നു രഞ്ജുഷ മേനോന്റെ ടെലിവിഷന്‍ അരങ്ങേറ്റം. നിരവധി സിനിമകളിലും സീരിയലുകളിലുമാണ് രഞ്ജുഷ അഭിനയിച്ചിട്ടുള്ളത്. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകളിലാണ് രഞ്ജുഷ വേഷമിട്ടിട്ടുള്ളത്. നിലവിൽ പല സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇൻക്വസ്‌റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
10.45 ഓടെയാണ് വിവരം ശ്രീകാര്യം പൊലീസില്‍ റിപ്പോർട്ട് ചെയ്തത്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലെത്തിയ താരമണ് രഞ്ജുഷ.
കൈരളി ടെലിവിഷനിലെ നക്ഷത്രദീപങ്ങൾ എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയിലെ മൽസരാർത്ഥി ആയിരുന്നു. തുടക്കകാലത്ത് നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
മികച്ച നർത്തകി കൂടിയായ താരം ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്. 2018 ൽ ഷാഫി സംവിധാനം ചെയ്ത ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിൽ സലിം കുമാർ അവതരിപ്പിച്ച ലോനപ്പൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയ രഞ്ജുഷ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശവപ്പെട്ടി കച്ചവടക്കാരനായ ലോനപ്പന്റെ മകൻ മരിക്കുമ്പോൾ, സലിം കുമാറിനോടു കിടപിടിക്കുന്ന അഭിനയം കാഴ്ചവച്ച് പ്രേക്ഷകരെ കയ്യിലെടുത്തു രഞ്ജുഷ. എങ്കിലും പിന്നെ സിനിമകളിൽ അധികം കണ്ടിട്ടില്ല. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അഭിനേതാവായി അരങ്ങേറ്റം നടത്തിയ രഞ്ജുഷ പിന്നീട് മിനി സ്ക്രീനിലെ മിന്നും താരമായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha