സിനിമാ സെറ്റുകളില്‍ വീണ്ടും കഞ്ചാവ് പൂക്കുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമകളുടെ ലൊക്കേഷനുകളിലും തിരക്കഥാ ചര്‍ച്ചാ ക്യാമ്പുകളിലും കഞ്ചാവ് പൂക്കുന്നു. ഷൈന്‍ടോം ചാക്കോയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുകയും നീലാകാശം പച്ചക്കടലിന്റെ തിരക്കഥാകൃത്ത് കഞ്ചാവിന്റെ ലഹരിയില്‍ നഗ്‌നനായി വീട്ടമ്മയുടെ മുന്നിലെത്തിയതും വിവാദമായതോടെ ന്യൂജെന്‍ സിനിമാക്കാരുള്‍പ്പെടെ ലഹരിയുടെ ഉപയോഗം കുറച്ചിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ ആറിത്തണുത്തപ്പോള്‍ വീണ്ടും ലൊക്കേഷനുകളില്‍ പോലും ലഹരിയുടെ ഉപയോഗം പരസ്യമായി നടക്കുന്നു. സിനിമയുടെ ക്യാപ്ടനായ സംവിധായകന്‍ വരെ ആനന്ദലഹരിയിലായാല്‍ പിന്നെ ആര്‍ക്ക് ആരെ നിയന്ത്രിക്കാനാവും.
ന്യൂജെന്‍ എന്ന് പറഞ്ഞ് താടിയും മുടിയും വളര്‍ത്തി, കുളിക്കാതെ നടക്കുന്ന ധാരാളം പേര്‍ ഇപ്പോള്‍ പല സെറ്റുകളിലുമുണ്ട്. ഇവരുടെ കീശയില്‍ തപ്പിനോക്കിയാല്‍ കഞ്ചാവ് കാണും. തൃശൂരില്‍ അടുത്തിടെ ഒരു സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ഷോട്ടിന് സമയമായപ്പോള്‍ സംവിധായകനെ കാണാനില്ല. അസിസ്റ്റന്റ് തിരക്കി ചെല്ലുമ്പോള്‍ ജനറേറ്ററിന് അടുത്തുള്ള കാറിനുള്ളിലിരുന്ന് സംവിധായകന്‍ കഞ്ചാവടിക്കുന്നു. കാറിന്റെ ഡിക്കി തുറന്ന് വച്ചിട്ടുമുണ്ടായിരുന്നു. മുമ്പ് മലയാളത്തില്‍ കഞ്ചാവ് വലിക്കുന്ന സംവിധായകരുണ്ടായിരുന്നു. പക്ഷെ, അവരൊക്കെ അലമ്പ് കാണിക്കാതെ അതിന്റെ മാസ്മരിക ഉള്‍ക്കൊണ്ട് മികച്ച സിനിമകള്‍ സൃഷ്ടിച്ചിരുന്നു.
പൊലീസുമായും രാഷ്ട്രീയക്കാരുമായുള്ള ബന്ധമാണ് സിനിമാക്കാര്‍ക്ക് ലഹരി ഉപയോഗിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നത്. മലയാളത്തിലെ പ്രമുഖരായ പല താരങ്ങളും ഇതിനെതിരെയാണ്. ഇവരെ നിയന്ത്രിക്കണമെന്ന് ഇവരെല്ലാം സ്വകാര്യ സദസുകളില്‍ ആവശ്യപ്പെടാറുണ്ട്. കൊച്ചി കൊക്കയിന്‍ കേസില്‍ പൊലീസിന് കിട്ടിയ ലാപ്‌ടോപ്പില്‍ ന്യൂജന്‍ സംവിധായകരും ചില നടിമാരും ഡ്രഗ്‌സ് ഉള്‍പ്പെടെയുള്ള ലഹരികള്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തരവകുപ്പിലെ ഉന്നതന്‍ ഇടപെട്ട് സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























