രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ പൃഥ്വിരാജ് കേട്ട തിരക്കഥയേത്?

പകലന്തിയോളം ഷൂട്ടിംഗ്, അതിന് ശേഷം കഥ കേള്‍ക്കുക എന്നത് താരങ്ങളെ സംബന്ധിച്ച് വലിയ പ്രയാസമുള്ള കാര്യമാണ്. പലരും അതിന് മുതിരാറില്ല, പകരം ലൊക്കേഷനില്‍ ഷോട്ടുകളുടെ ഇടവേളകളിലാണ് കഥ കേള്‍ക്കുന്നതും തിരക്കഥ വായിച്ച് കേള്‍ക്കുന്നതും. എന്നാല്‍ മനസിന് പിടിച്ച വിഷയവും കഥാപാത്രവുമാണെങ്കില്‍ എത്രസമയം മെനക്കെടാനും താരങ്ങള്‍ തയ്യാറാകും. പൃഥ്വിരാജ് അത്തരത്തിലൊരാളാണ്. ബ്ലസി ആട് ജീവിതത്തിന്റെ തിരക്കഥ രാത്രി എട്ട് മണിക്ക് വായിച്ച് തുടങ്ങി അവസാനിച്ചപ്പോഴേക്കും പുലര്‍ച്ചെ മൂന്ന് മണിയായി. അത് വരെ യാതൊരു മുഷിപ്പും പൃഥ്വിരാജിന് ഉണ്ടായില്ലെന്ന് മാത്രമല്ല, കഥാപാത്രത്തെ കുറിച്ചുള്ള ഉത്കണ്ഠ കൂടുകയും ചെയ്തു.
നജീബിന് പൂര്‍വ്വ മാതൃകകള്‍ ഇല്ലാത്തതാണ് പൃഥ്വിരാജ് നേരിടുന്ന വലിയ വെല്ലുവിളി. അതിന്റെ ത്രില്ലും ഉത്തരവാദിത്തബോധവും താരം മറച്ചുവയ്ക്കുന്നില്ലെന്ന് സംവിധായകന്‍ ബ്ലസി പറഞ്ഞു. നോവല്‍ അത് പോലെ സിനിമയാക്കുകയല്ല, ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അത് നായകനായ നജീവീനെ കുറിച്ച് നോവലില്‍ പറയാത്ത കാര്യങ്ങളാണ്. നവംബറില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചിക്കുന്നത്. കുവൈത്തിലും ഖത്തറിലുമായിരിക്കും ചിത്രീകരണം. പൃഥ്വിരാജിന്റെ ശരീരപ്രകൃതിയിലുള്‍പ്പെടെ മാറ്റം വരുത്തേണ്ടതിനാല്‍ നീണ്ട ഷെഡ്യൂളുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
പൃഥ്വിരാജിനെ മാത്രമേ ഇപ്പോള്‍ കാസ്റ്റ് ചെയ്തിട്ടുള്ളു. അറബിനടന്‍മാരും ബോളിവുഡില്‍ നിന്നുള്ളവരും സിനിമയിലുണ്ടാവും. അതിന്റെ ചര്‍ച്ചകള്‍ക്കായി സംവിധായകന്‍ ദുബായില്‍ പോയിരുന്നു. രണ്ട് വര്‍ഷത്തോളം എടുത്താണ് ബ്ലസി തിരക്കഥ പൂര്‍ത്തിയാക്കിയത്. അത് തന്നെ പലതവണ മാറ്റിയെഴുതിയിരുന്നു. പൃഥ്വിരാജിന്റെ തിരക്ക് കാരണമാണ് പ്രോജക്ട് നീണ്ട് പോയത്. എന്നാല്‍ രണ്ട് മാസം മുമ്പാണ് ഡേറ്റ് ഉറപ്പ് നല്‍കിയത്.
https://www.facebook.com/Malayalivartha

























