സോഷ്യല്‍ മീഡിയയില്‍ വൈറലായി ഡബ്‌സ്മാഷ്

ഡബ്‌സ്മാഷുകള്‍ അരങ്ങുവാഴുമ്പോള്‍ മികച്ചത് ഏത് അല്ലാത്തത് ഏത് എന്ന് മനസിലാക്കാന്‍ സാധിക്കാത്ത വിധത്തിലാണ് പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിലത് ചിരിപ്പിക്കുമെങ്കിലും ചിലത് തീര്‍ത്തും നിരാശപ്പെടുത്തും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ഡബ്‌സ്മാഷ് ആരേയും ചിരിപ്പിക്കും. എന്തിന്, ആ ശബ്ദത്തിന് ഉടമയായ ഭാഗ്യ ലക്ഷ്മിയേപ്പോലും അതിശയിപ്പിച്ചിരിക്കുന്നു ഇത്.
മരിയ എന്ന മിടുക്കിയാണ് ഇപ്പോള്‍ വൈറലാകുന്ന ഡബ്‌സ്മാഷിലെ താരം. തേന്‍മാവിന്‍ കൊമ്പത്ത് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ പ്രശ്‌സ്തമായ ഒരു രംഗമാണ് മരിയ അവതരിപ്പിച്ചിരിക്കുന്നത്. നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പണം നല്‍കി കാളവണ്ടിയില്‍ കയറി ഇരിപ്പുറപ്പിച്ച ശോഭനയുടെ വേഷം ഏതൊരു അഭിനേത്രിക്കും ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ അതേ സീന്‍ ഒരു ഡ്ബ്‌സ്മാഷിലുമപ്പുറം ഒരു അനുഭവമാക്കിമാറ്റിയിരിക്കുന്നു മരിയ.
പല ഷോട്ടുകളായി വിഭജിച്ചാണ് ചിത്രത്തില്‍ ആ സീന്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഡബ്‌സ്മാഷില്‍ ഒരൊറ്റ ഷോട്ട് പോലെ ദൈര്‍ഘ്യമേറിയ രംഗം വളരെ മികവോടെയും തന്മേയത്വത്തോടെയും അവതരിപ്പിച്ചിരിക്കുന്നു. ശോഭനയുടെ അതേ വേഷമാണ് മരിയയും ഉപയോഗിച്ചിരിക്കുന്നത്. അതേ അഭിനയവും അതേ ഭാവങ്ങളും. അതും തുടര്‍ച്ചയായി ചെയ്യുന്നതിന്റെ ഒരു ഇടര്‍ച്ചയും ഇല്ലാതെ.
സിനിമയില്‍ ശോഭനയ്ക്ക് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി പോലും ഈ പ്രകടനം കണ്ട് അതിശയിച്ചു. താന്‍ ഡബ്ബ് ചെയ്തത് ശോഭനയ്ക്കാണോ അതോ ഈ കുട്ടിക്കോ എന്ന് ചോദിച്ച് അവര്‍ വീഡിയോ പങ്കുവച്ചു. ഗായികമാരായ സിതാര കൃഷ്ണകുമാറും രാജലക്ഷ്മിയും വീഡിയോ ഷെയര്‍ ചെയ്തു. ഭാഗ്യ ലക്ഷ്മി ഷെയര്‍ ചെയ്തതിന് സ്വന്തം സോഷ്യല്‍ മീഡിയയിൽ നന്ദിയുമറിയിക്കുന്നു മരിയ.
മികച്ച പ്രതികരണങ്ങളാണ് താഴെ വരുന്നതെല്ലാം. ഇതാ മലയാളത്തിലെ ഏറ്റവും നല്ല നടിയുടെ സിംഹാസനം ഒഴിഞ്ഞു കിടപ്പുണ്ട് മോളങ്ങ് കേറിയിരുന്നാട്ടേ എന്നുംമറ്റുമുള്ള കമന്റുകള്‍ മരിയയ്ക്കുലഭിച്ച വലിയ പുരസ്‌കാരമായിത്തന്നെ പരിഗണിക്കാം. ഡബ്‌സ്മാഷുകള്‍ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണ് എന്നാണ് ഒരു കമന്റ്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് മരിയ എന്നാണ് പൊതുവെ വിലയിരുത്തല്‍. ഭര്‍ത്താവ് പ്രിന്‍സ് ആന്റണി അഗസ്റ്റിന്‍ മികച്ച പിന്തുണയും പോത്സാഹനവുമായി മരിയയോടൊപ്പമുണ്ട്. രണ്ടുപേരും നാടക രംഗത്ത് സജീവമാണ്.
https://www.facebook.com/Malayalivartha

























