പ്രേം നസീറിനെപ്പോലൊരു നടന്‍ ഇനി ഉണ്ടാകില്ല

'ഇന്ന് താരങ്ങള്‍ക്ക് കാരവാന്‍, അന്ന് നസീര്‍ സാറിന് കസേര പോലും വേണ്ട'. സിനിമ അദ്ദേഹത്തിന് കച്ചവടമല്ലായിരുന്നു. ആത്മാര്‍ത്ഥമായ പ്രണയമായിരുന്നു അതിനോട്. പ്രിയതാരം ഷീല, പ്രേം നാസിറിനെക്കുറിച്ചുള്ള തന്റെ മനോഹരമായ ഓര്‍മ്മകള്‍ പ്രേക്ഷകരോട് പങ്കുവയ്ക്കുന്നു. 107 സിനിമയില്‍ നസീര്‍ സാറുമായി അഭിനയിച്ചു അതും ഗിന്നസ് റെക്കോര്‍ഡ്. വളരെ അഭിമാനമുണ്ട്. മലയാള സിനിമയായതുകൊണ്ടാണ് അത് സാധിച്ചത്. സിനിമ കാണുന്നവര്‍ ഞങ്ങള്‍ ജോഡിയായി അഭിനയിക്കുന്നത് ഇഷ്ടപ്പെട്ടു. ഞങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് പ്രൊഡ്യൂസേഴ്‌സ് അവരുടെ സിനിമയ്ക്കുവേണ്ടി ഞങ്ങളെ തിരഞ്ഞെടുത്തത്. ഒരു ദിവസം കൊണ്ട് നടന്നതല്ല 107 പടങ്ങള്‍ കുറേ വര്‍ഷങ്ങളുടെ പ്രയത്‌നമാണ്. എങ്കിലും ഞങ്ങള്‍ക്ക് ബോറടിച്ചില്ല.
പഴയ ഷൂട്ടിംഗും പുതിയതും വല്ലാതെ മാറിയിരിക്കുന്നു. അന്നത്തെ കാലത്തെ ഷൂട്ടിങ് എവിഎം സ്റ്റുഡിയോയിലും വാഹിനി സ്റ്റുഡിയോയിലുമായിരുന്നു കൂടുതലും. മലയാളം പടത്തിനുവേണ്ടിയുള്ള സെറ്റ് അവര്‍ തന്നെ ഇടും. തമിഴ്, തെലുങ്ക് ഹിന്ദി പടത്തിനുമാണ് വലിയ സെറ്റ് ഇടുന്നത്. അവരുടെ ഷൂട്ടിങ് കഴിഞ്ഞ് സെറ്റ് പൊളിച്ചു മാറ്റുന്നതിനുമുമ്പ് രണ്ട് ദിവസത്തേക്ക് മലയാളം പടത്തിനുവേണ്ടി വാടകയ്ക്ക് എടുക്കും. വിവിധ ഭാഷകളിലെ ഷൂട്ടിങ് നടക്കുമ്പോള്‍ എല്ലാവരും വന്ന് അവിടെയുള്ള മരങ്ങളുടെ തണലത്ത് ഇരിക്കും. മരക്കസേരയാണ് അന്നത്തെകാലത്ത് ഇരിക്കാന്‍ തന്നിരുന്നത്. ചില സമയത്ത് ഈ കസേരകള്‍ ഷൂട്ടിങ് ആവശ്യത്തിനായി കൊണ്ടുപോകുകയും ചെയ്യും. തമിഴിലും തെലുങ്കിലും ഉള്ള നടീനടന്മാര്‍ സ്വന്തമായി പ്ലാസ്റ്റിക് നെയ്ത കസേര കൊണ്ടുവരികയാണ് പതിവ്. ആ കസേരയുടെ പുറകില്‍ എം ജി ആര്‍, ജയലളിത എന്നിങ്ങനെ എഴുതിയിട്ടുണ്ടാവും. അതില്‍ ആരും കയറി ഇരിക്കില്ല. ഞാന്‍ രണ്ട് കസേര വാങ്ങി. ഒന്നില്‍ പ്രേം നസീര്‍ മറ്റൊന്നില്‍ ഷീല എന്നും എഴുതി. നസീര്‍ സാറിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ സാറിന് നാണക്കേട് എന്തിനാ ഇതൊക്കെ അതൊന്നും നടക്കില്ല. മറ്റുള്ള ആളുകള്‍ക്ക് ഇരിക്കാന്‍ പറ്റാത്ത സമയത്ത് നമുക്ക് കസേരയുടെ ആവശ്യമുണ്ടോ എന്ന്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം കസേര ഉപയോഗിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഓരോരുത്തര്‍ക്കും കാരവാന്‍ ഉള്ളപ്പോള്‍ അന്ന് ഒരു കസേരയില്‍ ഇരിക്കാന്‍ പോലും അദ്ദേഹം മടിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ഇല്ലാത്ത സൗകര്യം നമുക്ക് എന്തിനാണ് എന്ന് ചിന്തിക്കുന്ന ഒരാളായിരുന്നു നസീര്‍ സര്‍. നസീര്‍ സാര്‍ നല്ലൊരു ജനകീയ നേതാവുകൂടിയാണെന്ന് എത്രപേര്‍ക്കറിയാം. നല്ല നിലയില്‍ ജീവിച്ച ഒരു നടനുണ്ടായിരുന്നു. അദ്ദേഹവും നസീര്‍ സാറും ആത്മാര്‍ഥ സുഹൃത്തുക്കളായിരുന്നു. പിന്നീട് അദ്ദേഹത്തിന് പടങ്ങളൊന്നും ഇല്ലാതെ സാമ്പത്തികമായി ഭയങ്കര ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന്റെ മരണം വരെ കൂടെ താമസിപ്പിച്ച് നസീര്‍ സാര്‍ ആണ് നോക്കിയത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മരണംവരെ നസീര്‍ സാര്‍ സാമ്പത്തികമായി സഹായിച്ചിരുന്നു.
https://www.facebook.com/Malayalivartha
























