ഇതായിരിക്കണം അപ്പന്‍...നീ അവനെ പുകഴ്ത്താനൊന്നും പോകേണ്ട; ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞ സിദ്ദിഖിന് മമ്മൂട്ടി നല്‍കിയ മറുപടി

ദുല്‍ഖര്‍ മമ്മൂട്ടിയെക്കാള്‍ വളരും. എന്തൊരു ലാളിത്യമാണവന്. എന്റെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയാണ് ദുല്‍ഖര്‍. കാര്‍ണിവലിന്റെ സെറ്റില്‍വെച്ചാണ് അവനെ ആദ്യമായി കണ്ടത്. പിന്നീട് പലതവണ കണ്ടു. കാണുമ്പോള്‍ ചിരിക്കും. ചോദിച്ചാല്‍ അതിന് മറുപടി പറയും, അധികം സംസാരിക്കാത്ത പ്രകൃതം. അവന്‍ സിനിമയില്‍ അഭിനയിക്കാന്‍വരുന്നു എന്നു കേട്ടപ്പോള്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. ഉസ്താദ് ഹോട്ടലില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഞാന്‍ അവന്റെ സിന്‍സിയറിറ്റി തിരിച്ചറിഞ്ഞു.
ഗ്ലിസറിനിടാതെ അവന്‍ കണ്ണുനിറയ്ക്കുന്നത് കണ്ടിട്ടുണ്ട്. അക്കാര്യം മമ്മൂക്കയോട് വിളിച്ചുപറഞ്ഞപ്പോള്‍ 'നമുക്കു വേണ്ടപ്പെട്ടവര്‍ എന്തു ചെറിയ കാര്യം ചെയ്താലും നമുക്ക് വലിയ കാര്യമായി തോന്നും. അതുകൊണ്ടാണത്. നീ അവനെ വിളിച്ച് പുകഴ്ത്താനൊന്നും പോകേണ്ട…' എന്ന് പറഞ്ഞു. അത്തരം പ്രയത്‌നത്തില്‍ അവന് സംസ്ഥാന അവാര്‍ഡ് കിട്ടി. കഴിവുറ്റ കലാകാരന്റെ വലിയ വളര്‍ച്ചയാണ് പിന്നീട് കണ്ടത്. അഭിനയത്തിനൊപ്പം അവന്‍ രസകരമായി ഡബ്ബ് ചെയ്യുകയും ചെയ്യും. ആ ശബ്ദം കേട്ടാല്‍ വികാരം മനസ്സിലാക്കാം.
സിനിമയില്‍ രണ്ടുതരം ആര്‍ട്ടിസ്റ്റുമാരുണ്ട്. ഒന്നാമത്തെത് സൂപ്പര്‍ താരങ്ങളാണ്. അവരെ ആശ്രയിച്ചാണ് സിനിമ നില്‍ക്കുന്നത്. അവരില്ലെങ്കില്‍ ചില സിനിമ നടക്കില്ല. പക്ഷേ, ഞങ്ങളെപ്പോലുള്ള സഹനടന്മാര്‍ സിനിമയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. നമ്മളില്ലെങ്കിലും സിനിമ ഉണ്ടാകും. ഇന്നത്തെക്കാലത്ത് പിടിച്ചുനില്‍ക്കാന്‍ സ്വയം നവീകരിച്ചുകൊണ്ടിരിക്കണം, വേഷത്തിലും അവതരണത്തിലും എല്ലാം. ഒരോ ചിത്രത്തിലും ഒരു നല്ല നടനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍.
https://www.facebook.com/Malayalivartha
























