മമ്മൂട്ടി വീണ്ടും 'ചന്തു'?, രഞ്ജിത്തിന്റെ തിരക്കഥയില്‍ ഹരിഹരന്റെ മെഗാ പ്രോജക്ട്

വീണ്ടും വമ്പന്‍ പ്രോജക്ടുകളുമായി മലയാള സിനിമ കൂട്ടുകെട്ടുകള്‍: ജയിക്കാനായി വീണ്ടും ചന്തുവെത്തുന്നു. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തെത്തിയ 'ഒരു വടക്കന്‍ വീരഗാഥ'യിലെ നായകകഥാപാത്രം 'ചന്തു ചേകവറാ'യി. 'ബാഹുബലി' കാലത്ത് ഇന്ത്യന്‍ സിനിമയിലാകെ പുരാണവും ഐതിഹ്യവുമൊക്കെ സിനിമാരൂപത്തില്‍ കൂടുതല്‍ കൂടുതല്‍ പുറത്തിറങ്ങാനുള്ള സാധ്യത തെളിയുകയാണ്. എംടിയുടെ തന്നെ തിരക്കഥയില്‍ അദ്ദേഹത്തിന്റെ പ്രശസ്തകൃതി 'രണ്ടാമൂഴം' സിനിമയാക്കാന്‍ ഒരുങ്ങുകയാണ് പരസ്യചിത്ര സംവിധായകന്‍ വി.ആര്‍.ശ്രീകുമാര്‍ മേനോന്‍. മഹാഭാരതത്തില്‍ നിന്ന് എംടി 'കണ്ടെത്തിയ' ഭീമസേനനെ അവതരിപ്പിക്കുന്നത് മോഹന്‍ലാലും.
'വീരഗാഥ'യിലെ ചന്തുവിന്റെ രൂപം മലയാളി ഇനിയും മറന്നിട്ടില്ലാത്തതുകൊണ്ട് 'രണാമൂഴ'ത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ചും അതിന്റെ പ്രഖ്യാപനവേളയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. രണ്ടാമൂഴത്തിലെ ഭീമനെ മമ്മൂട്ടി അവതരിപ്പിച്ചിരുന്നെങ്കിലോ എന്ന ആഗ്രഹം പലരും അവിടെ പ്രകടിപ്പിച്ചു. അത്തരമൊരു കഥാപാത്രത്തെ മമ്മൂട്ടി ഇനിയും അവതരിപ്പിക്കുമോ? അതിന് സാധ്യതയുണ്ടെന്നാണ് പുതിയ സൂചനകള്‍. 'രണ്ടാമൂഴം' സംവിധാനം ചെയ്യാന്‍ നേരത്തേ ആലോചിച്ചിരുന്ന, 'വടക്കന്‍ വീരഗാഥ'യടക്കം തിരശ്ശീലയിലെത്തിച്ച ഹരിഹരനാണ് അത്തരമൊരു പ്രോജക്ടിനെക്കുറിച്ച് ആലോചിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തുമായി ചേര്‍ന്ന് മറ്റൊരു വടക്കന്‍പാട്ട് നായകനായ 'പയ്യംപിള്ളി ചന്തു'വിന്റെ കഥ സിനിമയാക്കാന്‍ പോവുകയാണെന്ന് ഇത്തവണത്തെ ഭാഷാപോഷിണിയില്‍ നല്‍കിയ അഭിമുഖത്തിലാണ് ഹരിഹരന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആ പ്രോജക്ടിന്റെ ചര്‍ച്ച പുരോഗമിക്കുന്നതേയുള്ളുവെന്നും അനൗണ്‍സ്‌മെന്റ് ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും ഹരിഹരന്‍ പറഞ്ഞു.
വടക്കന്‍ പാട്ടിലെ ഒരു കഥയാണ് സിനിമയാക്കാന്‍ ആലോചിക്കുന്നത്. അത് എഴുതാന്‍ രഞ്ജിത്തിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. രഞ്ജിത്ത് തിരക്കഥ പൂര്‍ത്തിയാക്കിയാലേ ആ പ്രോജക്ടിനെക്കുറിച്ച് പറയാന്‍ പറ്റൂ. ഒരു ഫസ്റ്റ് ഡിസ്‌കഷന്‍ കഴിഞ്ഞിട്ടേയുള്ളൂ ഇപ്പോള്‍.
ഹരിഹരന്‍ 'പയ്യംപിള്ളി ചന്തു' സിനിമയായാല്‍ മമ്മൂട്ടിയാവും നായകനെന്ന സൂചനയും ഹരിഹരന്‍ നല്‍കി. ഈ പ്രോജക്ട് യാഥാര്‍ഥ്യമായാല്‍ 'വീരഗാഥ'യിലെ 'ചന്തു ചേകവറി'ന് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന വടക്കന്‍പാട്ട് നായകനാവും അത്.
എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി 'രണ്ടാമൂഴം' സംവിധാനം ചെയ്യാനുള്ള ആലോചനയില്‍ നിന്ന് പിന്മാറിയതിന്റെ കാരണം ഹരിഹരന്‍ നേരത്തേ വിശദീകരിച്ചിരുന്നു. അതിങ്ങനെയായിരുന്നു..'പഴശ്ശിരാജയ്ക്കുശേഷം മറ്റൊരു പ്രോജക്ട് കൂടി ചെയ്യണമെന്ന ആവശ്യവുമായി ഗോകുലം ഗോപാലന്‍ ഞങ്ങളെ സമീപിച്ചപ്പോള്‍, എങ്കില്‍ രണ്ടാമൂഴം ചെയ്യാമെന്ന് പറഞ്ഞത് ഞാനാണ്. എംടിയുടെ പ്രശസ്തമായ നോവലുകളില്‍ ഒന്നാണത്. എംടിക്കും ആ നിര്‍ദ്ദേശം ഇഷ്ടമായി. എഴുത്തും തുടങ്ങി. മോഹന്‍ലാലിനെയാണ് കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ മോഹന്‍ലാല്‍ എന്നെ കാണാന്‍ വീട്ടിലെത്തി. അന്ന് രണ്ടാമൂഴത്തിന്റെ പുസ്തകരൂപം എന്നോട് ചോദിച്ചുവാങ്ങിയിട്ടാണ് അദ്ദേഹം മടങ്ങിയത്. രണ്ടാമൂഴത്തിന്റെ എഴുത്ത് പുരോഗമിക്കുന്നതിനിടയില്‍ എംടി ഒരുകാര്യം പറഞ്ഞു. ഇത് ഒരു സിനിമയില്‍ ഒതുക്കുവാന്‍ ആകില്ല. അങ്ങനെ ചെയ്താല്‍ നോവലിലെ പല പ്രധാനഭാഗങ്ങളും ഒഴിവാക്കേണ്ടി വരും. അതുകൊണ്ട് രണ്ടുസിനിമകള്‍ ചെയ്യാം. എന്നാല്‍ രണ്ടുസിനിമകള്‍ ചെയ്യാന്‍ ഗോകുലം ഒരുക്കമായിരുന്നില്ല. അങ്ങനെ ആ പ്രോജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഇപ്പോള്‍ അത് പല ഭാഷകളിലായി എടുക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് നല്ല തീരുമാനമാണ്. ലോകം ശ്രദ്ധിക്കുന്ന ഒരു സിനിമയായി അതിന് മാറാന്‍ കഴിയും..'
https://www.facebook.com/Malayalivartha
























