ഉണ്ണിമുകന്ദന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് ശേഷം മമ്മൂട്ടിയുടെ പേര് ഉപയോഗിച്ചും തട്ടിപ്പ്

ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യംകണ്ടാണ് വിളിച്ചത്. മകള്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഭരതനാട്യം, കുച്ചിപ്പുഡി, മോണോ ആക്ട് എന്നിവയില്‍ സമ്മാനം നേടിയ കാര്യം അറിയിച്ചു. 'മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് കുറച്ച് കുട്ടികളെ വേണം. സ്‌ക്രീന്‍ ടെസ്റ്റുണ്ടാകും. എറണാകുളത്തുവെച്ച് ഓഡിഷനുമുണ്ട്. പ്രമുഖ ഹോട്ടലിലാണ്. ചെറിയ ചെലവുവരും. മേക്കപ്പിനും മറ്റുമാണ്. 5000 രൂപ അത്രമാത്രം. ഒരു മാസത്തിനുള്ളില്‍ ഷൂട്ടിങ് തുടങ്ങും. അതിനുള്ള തിരക്കിലാണ് ഞങ്ങള്‍. നിങ്ങള്‍ വന്നാല്‍മതി'.
രേഖ വിവരം ഭര്‍ത്താവിനോടുപറഞ്ഞു. ഞായറാഴ്ചയല്ലേ നിങ്ങള്‍ക്കും വന്നുകൂടേ എന്നെല്ലാം നിര്‍ബന്ധിച്ചപ്പോള്‍ അജിത് എതിര്‍പ്പ് പറഞ്ഞില്ല. പറഞ്ഞസമയത്ത് എറണാകുളത്തെ ഹോട്ടലിലെത്തി. അവിടെ നല്ലതിരക്ക്. രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളുടെ നീണ്ട നിരയുണ്ട്. പേര് രജിസ്റ്റര്‍ചെയ്യണം. പേരും വിലാസവും പറഞ്ഞപ്പോള്‍ പണം കൊണ്ടുവന്നിട്ടുണ്ടോയെന്ന് ചോദിച്ചു. 5000 രൂപ കൊടുത്തു. കുറച്ചുകഴിഞ്ഞപ്പോള്‍ മോളെ ഒരു മുറിയിലേക്കു വിളിച്ചു മേക്കപ്പ് ചെയ്യാനാണ്. അമ്മയും കൂടെ കയറിക്കോളാന്‍ പറഞ്ഞു. അജിത് അസ്വസ്ഥനായി പുറത്തുനിന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ അയാളെയും അകത്തേക്കുവിളിച്ചു. വെള്ളിവെളിച്ചത്തില്‍ മകള്‍. ക്യാമറ റെഡി.
മറ്റ് രക്ഷിതാക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമിരുന്നു അയാള്‍. പ്രോംപ്റ്റര്‍ പറഞ്ഞതനുസരിച്ച് ആ ഭാഗം നന്നായി അഭിനയിച്ചു. പാട്ടുപാടി. ആങ്കറുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്കി. അടുത്തയാളെ വിളിക്കുമ്പോഴേക്കും അജിത്തും കുടുംബവും ഇറങ്ങി. അടുത്ത ദിവസം മേല്‍വിലാസത്തില്‍ അവരുടെ കുട്ടിയുടെ പ്രകടനത്തിന്റെ സി.ഡി.യും ലഭിച്ചു. പിന്നെ വിളിയൊന്നുമുണ്ടായില്ല. ഭാഗ്യമില്ലെന്ന് വിചാരിച്ചു. എങ്കിലും ഭാര്യയുടെ നിര്‍ബന്ധത്തിനുവഴങ്ങി പഴയ നമ്പറില്‍ വിളിച്ചുനോക്കി. ആ നമ്പര്‍ നിലവിലില്ലെന്നാണ് മറുപടികിട്ടിയത്. സി.ഡി.യും വലിയ ഹോട്ടലില്‍നിന്ന് ചായയും കിട്ടിയില്ലേ. അയ്യായിരം രൂപയല്ലേ പോയതെന്ന് ഭാര്യ സമാധാനിപ്പിച്ചു.
ഇത് ആ കൊച്ചുകുടുംബത്തെമാത്രമല്ല ആയിരക്കണക്കിന് കുടുംബങ്ങളെ പറ്റിക്കുന്നതിന്റെ ആദ്യഭാഗം മാത്രമാണെന്നാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ആലപ്പി അഷ്‌റഫ് പറയുന്നത്. ഈ സ്റ്റാര്‍ഹണ്ടിങ്ങിന് ഹോട്ടല്‍ വാടകയുള്‍പ്പെടെ അവര്‍ക്കുവേണ്ടിവന്നത് വെറും 15,000 രൂപമാത്രമാണ്. പക്ഷേ, ഇവര്‍ നേടിയത് ലക്ഷങ്ങള്‍. മുന്നൂറോളം പേരെ അവര്‍ വിളിച്ചിട്ടുണ്ടാവും. ഇവരില്‍നിന്ന് പണമായിമാത്രം നേടാവുന്നത് 15 ലക്ഷം.
കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇവര്‍ വയനാട്ടിലോ തലശ്ശേരിയിലോ പോയി പരസ്യം നല്കും. ഈ പണി തുടരും. വിലകൂടിയ കാറില്‍ പ്രമുഖതാരങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളുമായി ഇവര്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഇവരുടെ പളപളപ്പില്‍ മയങ്ങി മാനംപോകുന്നവരുമുണ്ട്. അയ്യായിരം രൂപയുടെ പേരില്‍ പോലീസില്‍ പരാതിനല്കാനൊന്നും ആരും തയ്യാറാവുന്നില്ലെന്നതാണ് തട്ടിപ്പുകാരുടെ ധൈര്യം. ഇത്തരക്കാരാവും ഫഹദ് ഫാസിലിനെവെച്ച് പരസ്യം നല്കിയതെന്നും അദ്ദേഹം സംശയിക്കുന്നു.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
വിളിക്കുന്നവരെക്കുറിച്ച് വിശദമായി അന്വേഷിക്കുക. ഇവര്‍ പറയുന്ന ചിത്രം എടുക്കുന്നുണ്ടോയെന്ന് തിരക്കണം. മകന്‍/മകള്‍ ആര്‍ക്കൊപ്പമാണ് അഭിനയിക്കുന്നതെന്നും അവര്‍ പറഞ്ഞ താരങ്ങളോട് ഇങ്ങനെയൊരു ചിത്രമുണ്ടോയെന്നും തിരക്കുക. കുട്ടികളെ അഭിനയിപ്പിക്കാമെന്ന് പറഞ്ഞെത്തുന്ന ഇടനിലക്കാരെക്കുറിച്ച് വിശദമായി തിരക്കണം. വഞ്ചിക്കപ്പെട്ടെന്ന് തോന്നിയാല്‍ അപ്പോള്‍ത്തന്നെ പോലീസില്‍ പരാതി നല്കുക.
https://www.facebook.com/Malayalivartha
























