പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അമ്മുവിന്റെ അമ്മ എന്ന സീരിയലിലെ നടന്‍ സുഭാഷ് മനസുതുറക്കുന്നു...

സീരിയലുകളിലെ ഓരോ നടനും നടിയും സ്വന്തം വീട്ടിലെ കുടുംബാംഗത്തെപ്പോലെയാണ് മലയാളിക്ക്. അതുകൊണ്ട് തന്നെ സീരിയല്‍ താരങ്ങള്‍ക്ക് ഇന്ന് ആരാധകരും ഏറെയാണ്. മഴവില്‍ മനോരമയിലെ അമ്മുവിന്റെ അമ്മ എന്ന സീരിയലില്‍ മാളവിക വെയ്ല്‍സിന്റെ ഭര്‍ത്താവായി അഭിനയിക്കുന്ന സുഭാഷ് എന്ന പുതുമുഖ നടന് മിനിസ്‌ക്രീനില്‍ ആരാധകരേറെയാണ്. സുഭാഷ് തന്റെ സീരിയൽ ആരങ്ങേറ്റത്തെക്കുറിച്ച് മനസുതുറക്കുന്നു
മസ്‌ക്കറ്റില്‍ ബിസിനസ് ചെയ്യുന്ന സുഭാഷ് രണ്ടു മാസം കൂടുമ്പോഴാണ് നാട്ടില്‍ വരുന്നത്. നേരത്തെ ക്ലീന്‍ ഷേവായിരുന്നു. ഈ അടുത്ത കാലത്താണ് താടി വച്ച് തുടങ്ങിയത്. സീരിയല്‍ താരം സൗപര്‍ണിക എന്റെ ഭാര്യയാണ്. അങ്ങനെ ഞാന്‍ നാട്ടില്‍ എത്തിയപ്പോള്‍ ഞാനും ഭാര്യയും ചേര്‍ന്നൊരു സെല്‍ഫി വാട്‌സാപ്പില്‍ ഇട്ടു. അങ്ങനെ എന്റെ താടി വച്ച ഫോട്ടോ കണ്ട് സീരിയലിന്റെ നിര്‍മാതാവ് സജിന്‍ രാഘവന്‍ വിളിക്കുകയായിരുന്നു. ഈ രൂപത്തിലൊരാളെ അന്വേഷിക്കുകയായിരുന്നു.
സുഭാഷ് ഈ കഥാപാത്രത്തിന് യോജിക്കുമെന്നു തോന്നുന്നു എന്നു പറഞ്ഞു. അഭിനയിക്കുമോ എന്ന് ചോദിച്ചു, ഇത്രയും വലിയ ആളുകള്‍ പറയുമ്പോള്‍ നമുക്ക് നിരസിക്കാന്‍ കഴിയില്ല. അങ്ങനെയാണ് ഇതിലേക്ക് എത്തുന്നത്. ഇതിന്റെ സംവിധായകന്‍ ഷൈജു സുകേഷിനേയും നേരത്തേ തന്നെ പരിചയമുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് എന്നെ ഈ സീരിയലിലേക്ക് ക്ഷണിച്ചത്. ഷൈജു നേരത്തെ മറ്റൊരു സീരിയലിലേക്ക് എന്നെ വിളിച്ചിരുന്നു. അന്ന് പോകാന്‍ കഴിഞ്ഞില്ല. നേരത്തെ ഞാന്‍ കുറച്ച് തടിച്ച ആളായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് തടി കുറച്ചത്. 22 കിലോയോളം കുറച്ചു. അന്ന് എന്നെ കണ്ടിട്ടുള്ളവര്‍ക്കൊന്നും ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയില്ല.
അഞ്ച് വര്‍ഷം മുമ്പ് ദൂരദര്‍ശന്റെ സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്, പിന്നെ ആ ഫീല്‍ഡ് മാറി. പുതിയ അവസരങ്ങളൊന്നും തേടിപ്പോയില്ല. ബിസിനസുമായി മുന്നോട്ടു പോയി. നടനാവണമെന്ന് ആഗ്രഹമുള്ള ഒട്ടേറെപ്പേര്‍ നമ്മുടെ നാട്ടിലുണ്ട്, കഴിവുള്ളവരാണെല്ലാവരും. എനിക്ക് നടനാവണമെന്ന് എല്ലാവരും പറയുമെങ്കിലും പക്ഷെ അവരൊന്നും അവസരങ്ങള്‍ തേടിപ്പോകാറില്ല. അങ്ങനെ ഒതുങ്ങിപ്പോകുകയാണ് പതിവ്. അതുകൊണ്ട് അഭിനയം എനിക്ക് ഇഷ്ടമാണ്.
അമ്മുവിന്റെ അമ്മയില്‍ കുറച്ച് ഭ്രാന്തുള്ള ആളായിട്ടാണ് അഭിനയിക്കുന്നത്. ആദ്യം എനിക്ക് കുറച്ച് ഭയമുണ്ടായിരുന്നു. പക്ഷെ അപ്പോള്‍ സൗപര്‍ണികയാണ് പറഞ്ഞത് ഇത്തരം കഥാപാത്രങ്ങളാണ് ശരിക്കും ഒരു നടന്‍ അഭിനയിക്കേണ്ടതെന്ന്. സാധാരണ നായകനോ വില്ലനോ ഒക്കെ ആകാന്‍ എല്ലാവര്‍ക്കും സാധിക്കും. ഇത് പക്ഷെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണെന്ന്. ചില സീനുകളൊക്കെ കാണുമ്പോള്‍ ഇങ്ങനെയല്ല അങ്ങനെ ചെയ്യേണ്ടിയിരുന്നു എന്നൊക്കെ സൗപര്‍ണിക പറയും.
ഭാര്യയുമായി ഒരുമിച്ചൊരു സീരിയല്‍ ആഗ്രഹമുണ്ട്. മറ്റാരേക്കാളും കംഫര്‍ട്ടബിള്‍ ആയിരിക്കുമല്ലോ, സ്വന്തം ഭാര്യയുടെ കൂടെ അഭിനയിക്കുന്നത്. പക്ഷെ അങ്ങനെയൊക്കെ പറഞ്ഞാലും അവള്‍ നോക്കി നില്‍ക്കുമ്പോള്‍ എനിക്ക് അഭിനയിക്കാന്‍ കുറച്ച് ചമ്മലുണ്ട്. അമ്മുവിന്റെ അമ്മ ഷൂട്ട് ചെയ്യുന്നത് കൊച്ചിയിലാണ്. ആ സമയത്ത് അവള്‍ക്ക് തിരുവനന്തപുരത്ത് ഷൂട്ടുണ്ടായിരുന്നു. എന്നോട് ഉടന്‍ കൊച്ചിയിലേക്ക് വരാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞു. കാരണം അവളുടെ മുന്നില്‍ വച്ച് അഭിനയിക്കുമ്പോള്‍ ചമ്മലുണ്ടാവും.
ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. പുറത്തു പോകുമ്പോള്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ടോ, ടിവി ഷോ ചെയ്യുന്നുണ്ടോ എന്നൊക്കെ വന്ന് ചോദിക്കും. ഒരു ദിവസം റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഒരു ചേച്ചി വന്ന് എന്തിനാ മോനേ അമ്മുവിനോട് ഇങ്ങനെയൊക്കെ ചെയ്യുന്നത്, അവള്‍ പാവമാണ് എന്നൊക്കെ പറഞ്ഞു.. അവര്‍ക്കറിയാം സീരിയലാണെന്ന്. എങ്കിലും അവര്‍ അറിയാതെ പറഞ്ഞു പോയി. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഞങ്ങളുടേത്. എന്റെ സഹോദരി സബിതയും സീരിയല്‍ താരമാണ്.
https://www.facebook.com/Malayalivartha