ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ഗായകനായി; ഗാനഗന്ധർവന്റെ സ്വര സാമ്യം കാരണം സംസ്ഥാന അവാർഡ് നിഷേധിക്കപ്പെട്ടു! അവാര്‍ഡ് നിഷേധിച്ചത് ശരിയല്ലെന്ന് അര്‍ജുനന്‍ മാസ്റ്റര്‍...

ഗാനഗന്ധർവന്റെ സ്വര സാമ്യം കൊണ്ട് ഇക്കൊല്ലത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് യുവ ഗായകൻ അഭിജിത്ത് വിജയന് നിഷേധിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍. ‘അഭിജിത്ത് വിജയന്‍ കഴിവുള്ള പാട്ടുകാരനാണ്. അദ്ദേഹത്തിന് ഈ ഒരു കാരണത്താല്‍ പുരസ്‌കാരം നിഷേധിച്ചെന്ന് ഇപ്പോഴാണറിയുന്നത്. അതില്‍ വളരെ വിഷമമുണ്ട്. അഭിജിത്തിന്റെ ശബ്ദത്തിന് യേശുദാസിന്റെ ശബ്ദവുമായി സാമ്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അഭിജിത്ത് ശബ്ദം അനുകരിച്ചതായും തോന്നിയില്ല. അത് ആ പയ്യന്റെ യഥാര്‍ഥ ശബ്ദമാണ്. അങ്ങനെയൊക്കെ അനുകരിക്കാന്‍ കഴിയുമോ?- അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞു.
യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്‌കാരം നിഷേധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയന്‍ പാടിയ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്‌കാരത്തിനായി അവസാന റൗണ്ടില്‍ എത്തിയത്. അവാര്‍ഡ് നിര്‍ണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങള്‍ക്കു മനസ്സിലായതെന്നാണ് വാര്‍ത്ത. അര്‍ജുനന്‍ മാസ്റ്ററായിരുന്നു ഭയാനകത്തിന്റെ സംഗീത സംവിധായകന്‍. അദ്ദേഹത്തിന് ഈ ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
ജൂറിയിലൊക്കെ വിവരമുള്ള ആളുകളല്ലേ ഇരിക്കുന്നത്? അവര്‍ക്കത് മനസിലാക്കാന്‍ കഴിയില്ലേ? പിന്നെ അമ്പത് വര്‍ഷം കഴിഞ്ഞപ്പോഴല്ലേ എനിക്ക് ഒരു പുരസ്‌കാരം കിട്ടുന്നത്. പുരസ്‌കാരം വൈകിയതില്‍ എനിക്ക് വിഷമമൊന്നുമില്ല. കഴിവുണ്ടെങ്കില്‍ അഭിജിത്തിനും നാളെ പുരസ്‌കാരം ലഭിക്കും- അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞു. ഭയാനകം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയരാജ് പറഞ്ഞിട്ടാണ് ഞാന്‍ അഭിജിത്തിനെ സിനിമയില്‍ പാടാന്‍ വിളിക്കുന്നത്. കൊല്ലത്ത് നന്നായി പാടുന്ന ഒരു പയ്യനുണ്ടെന്നു പറഞ്ഞു, അങ്ങനെ പാട്ടു പാടി കേട്ടപ്പോള്‍ സംവിധായകന്‍ ജയരാജിനും എനിക്കും ഇഷ്ടപ്പെട്ടു, അങ്ങനെ ചിത്രത്തില്‍ പാടിക്കുകയായിരുന്നു-അദ്ദേഹം പറഞ്ഞു.
ജൂറി അംഗവും സംഗീത സംവിധായകനുമായ ജെറി അമൽ ദേവ് അവാർഡ് നിർണയത്തെക്കുറിച്ച് പറയുന്നതിങ്ങനെ.
‘ഭയാനകത്തിലെ പാട്ടു പാടിയ അഭിജിത്തിന് മികച്ച ഗായകനുള്ള പുരസ്കാരം ലഭിക്കുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്നൊരു അഭിപ്രായം ജൂറി അംഗങ്ങൾക്കിടയിലുണ്ടായി. യേശുദാസിനെക്കുറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. പക്ഷേ ഒരു ഗായകൻ അയാളുടെ ശരിക്കുള്ള സ്വരത്തിലാണം പാടാൻ എന്ന അഭിപ്രായം എനിക്കുണ്ട്.’
അഭിജിത്തിന്റെ സ്വരവും യേശുദാസിന്റെ സ്വരവും തമ്മിൽ സാമ്യമുള്ളതിനാൽ അങ്ങനെ തോന്നിയതാവില്ലേ എന്ന ചോദ്യത്തിന് യേശുദാസ് ഉപയോഗിക്കാറുള്ള ചില ‘സംഗതികൾ’ പോലും അതേ പടി പകർത്താൻ അഭിജിത്ത് ശ്രമിച്ചുവെന്നാണ് ജെറി അമൽ ദേവ് മറുപടി പറഞ്ഞത്. എം.കെ അർജുനൻ മാസ്റ്റർക്ക് ഇത്തവണത്തെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്തതും ഭയാനകത്തിലെ പാട്ടുകളാണ്.
അതേ സമയം സംസ്ഥാന അവാർഡ് നിഷേധിക്കപ്പെട്ട അഭിജിത്ത് ഫേസ്ബുക്ക് ലൈവിൽ പ്രതികരണവുമായി എത്തി. ഗുരു സ്ഥാനിയനെന്ന നിലയിൽ സംഗീതം അഭ്യസിക്കാത്ത എന്നെ അർജുനൻ മാസ്റ്റർ ആ ജോലി ഏൽപ്പിച്ചു. മാഷ് പറയുന്നത് പോലെ ഞാൻ അത് പാടാൻ ശ്രമിച്ചു. പക്ഷെ അതിൽ വിവാദമായൊരു പ്രസ്താവന വന്നത് ദാസ് സാറിന്റെ ശബ്ദ സാമ്യം കാരണം സംസ്ഥാന അവാർഡ് നിഷേധിച്ചുവെന്നാണ്. അതിൽ എനിക്ക് വിഷമം ഉള്ള ഒരേ ഒരു കാര്യം മാത്രമേ ഉള്ളു, ദാസ് സാറിന്റെ ശബ്ദം അനുകരിച്ചുവെന്നുള്ളത്.
രണ്ടായിരത്തോളം ഗാനങ്ങൾ തമിഴിലും തെലുങ്കിലും മറ്റു ഭാഷകളിലുമായി എനിക്ക് പാടാൻ ദൈവം അനുഗ്രഹം തന്നു. പക്ഷെ ഇങ്ങനെ ഒരു പ്രസ്താവന വന്നതിലാണ് എനിക്ക് സങ്കടം വന്നത്. ദയവായിഎന്തെങ്കിലും തെറ്റ് ഇതിൽ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക! ഞാൻ ഇതുവരെ ദാസ് സാറിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. എന്റെ ശബ്ദത്തിലെ പാടാൻ ശ്രമിച്ചിട്ടുള്ളു. ഇനി അങ്ങോട്ടും അനുകരിക്കാൻ ശ്രമിക്കില്ല. ഞാൻ ഗുരു സ്ഥാനീയനായി കണ്ട് പൂജിക്കുന്ന ആളാണ് അദ്ദേഹം. പക്ഷെ ഇങ്ങനെ അനുകരിക്കുന്ന നിലയിൽ ഞാൻ പോയിട്ടില്ല. ദയവായി നിങ്ങൾ എന്റെ പാട്ടുകൾ കേൾക്കണം എന്നെ ഒരു ഗായകനായി തന്നെ സ്വീകരിക്കണം. അവാർഡ് നിഷേധിക്കപ്പെട്ടതിലല്ല, ശബ്ദം അനുകരിച്ചു എന്ന ആരോപണമാണ് തന്നെ വേദനിപ്പിച്ചതെന്നും അഭിജിത്ത് കൂട്ടിച്ചേർക്കുന്നു.
കൊല്ലം ഈസ്റ്റ് കല്ലട കിഴക്കേവിള തെക്കേമുറിയിൽ കൂലിപ്പണിക്കാരനായ വിജയന്റെയും പ്രസന്നയുടെയും മകനാണ് അഭിജിത്ത് വിജയൻ.
https://www.facebook.com/Malayalivartha