''ഞാൻ മരിക്കാൻ പോവുകയാണ്... താക്കോൽ ചവിട്ടിക്കടിയിൽ വച്ചിട്ടുണ്ട്; അവസാനമായി യാത്രാമൊഴി...

മഹേഷിന്റെ പ്രതികാരത്തിലെ മഹേഷിന്റെ ചാച്ചനെ അനശ്വരനാക്കിയ നടന്‍ കെഎല്‍ ആന്റണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് നടന്‍ ഫഹദ് ഫാസില്‍. 'എനിക്ക് തോന്നുന്നു ഇതു വളരെ നേരത്തേ ആയിപ്പോയെന്ന്. നിങ്ങളെ അറിഞ്ഞതും കണ്ടതും വളരെ സുന്ദരമായ അനുഭവങ്ങളായിരുന്നു, പ്രിയപ്പെട്ട ആന്റണി സാര്‍ നമുക്ക് അവിടെ വെച്ച് കണ്ടുമുട്ടാം' ഫഹദ് ഫേസ്ബുക്കില്‍ കുറിച്ചു.
മകനും എഴുത്തുകാരനുമായ ലാസര്‍ ഷൈന്‍ കുറിച്ചത് ഇങ്ങനെ:
ഉച്ചയോടെ ചാച്ചൻ വിളിച്ചു; ''ഞാൻ മരിക്കാൻ പോവുകയാണ്... താക്കോൽ ചവിട്ടിക്കടിയിൽ വച്ചിട്ടുണ്ടെ''ന്നു പറഞ്ഞു.
എത്താവുന്ന വേഗതയിൽ എല്ലാവരും ഓടി; ചാച്ചൻ പിടി തന്നില്ല.
അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം.
അമ്പിളി ചേച്ചി ഒപ്പറേഷൻ തിയറ്ററിലാണ്. കാണാൻ പോയതായിരുന്നു ചാച്ചൻ. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്‌ഷോറിൽ 4.25 ന് നിര്യാണം സ്ഥിരീകരിച്ചു.
വീട്ടിൽ ചെന്ന് ആ താക്കോലെടുക്കട്ടെ...
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. സിനിമയിലെന്ന പോലെ നാടക രംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു കെഎല്‍ ആന്റണി.ഫോര്‍ട്ട് കൊച്ചി സ്വദേശിയായ കെഎല്‍ ആന്റണി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകങ്ങള്‍ എഴുതിയും സംവിധാനം ചെയ്തും അഭിനയിച്ചും പ്രശസ്തനാണ്.
അടിയന്തരാവസ്ഥക്കാലത്തെ രാജന്‍ വിഷയം അടിസ്ഥാനമാക്കി എഴുതിയ ഇരുട്ടറ എന്ന നാടകം വലിയ വിവാദമായിരുന്നു. മാനുഷ പുത്രന്‍, ചങ്ങല, അഗ്നി, കുരുതി, തുടങ്ങി നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ ലീനയും നാടകങ്ങളില്‍ സജീവമായിരുന്നു. മഹേഷിന്റെ പ്രതികാരം കൂടാതെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള അടക്കമുളള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha