നടിയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷി ബാലചന്ദ്ര കുമാര്‍ ആശുപത്രിയിൽ: പ്രവേശിപ്പിച്ചത് കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരം തുടങ്ങാനിരിക്കെ : രണ്ട് വൃക്കകളും സ്തംഭിച്ച സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിനെ തുടര്‍ച്ചയായ ഡയാലിസിസിന് വിധേയനാക്കി

നടിയെ ആക്രമിച്ച കേസ് വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേ കേസിലെ മുഖ്യസാക്ഷി ബാലചന്ദ്ര കുമാര്‍ ആശുപത്രിയിൽ. കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. 20 സാക്ഷികളെ ആണ് രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കാനുളളത്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണമുണ്ടായത്. 39 സാക്ഷികളില്‍ മുഖ്യസാക്ഷിയായ ബാലചന്ദ്ര കുമാര്‍ വിസ്താരത്തിന് ഉടന്‍ കോടതിയില്‍ ഹാജരായേക്കില്ല. ബാലചന്ദ്ര കുമാര്‍ ആശുപത്രിയിലാണ് എന്നാണ് റിപ്പോര്‍ട്ട്. വൃക്ക രോഗത്തെ തുടര്‍ന്നാണ് ബാലചന്ദ്ര കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കിയിരിക്കുകയാണ്. രണ്ട് വൃക്കകളും സ്തംഭിച്ച സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിനെ തുടര്‍ച്ചയായ ഡയാലിസിസിന് വിധേയമാക്കുകയാണ്. അദ്ദേഹത്തിന്റെ നിലവിലുളള ആരോഗ്യസ്ഥിതി പരിഗണിച്ചാല്‍ എറണാകുളം കോടതിയില്‍ വിസ്താരത്തിന് ഹാജരാകാന്‍ സാധിച്ചേക്കില്ല.
ജനുവരി 31നകം നടിയെ ആക്രമിച്ച കേസിലെ വിസ്താരം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തന്റെ വിസ്താരം കമ്മീഷനെ ഉപയോഗിച്ച് പൂര്‍ത്തിയാക്കണം എന്നാണ് ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് കോടതിയാണ് തീരുമാനമെടുക്കേണ്ടത്. മഞ്ജു വാര്യര്‍, പള്‍സര്‍ സുനിയുടെ അമ്മ, സാഗര്‍ വിന്‍സെന്റ് അടക്കമുളളവരെ രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസ് വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയായിരുന്നു സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രംഗപ്രവേശം. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ നടന്‍ ദിലീപിന്റെ പങ്ക് സൂചിപ്പിക്കുന്ന നിരവധി ആരോപണങ്ങള്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിക്കുകയുണ്ടായി. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് അടക്കം ബാലചന്ദ്ര കുമാര്‍ ആരോപിച്ചു. ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് ഈ ദൃശ്യങ്ങള്‍ കണ്ടതിന് താന്‍ സാക്ഷി ആണെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ പങ്കും അന്വേഷിക്കണമെന്ന് ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെട്ടിരുന്നു.
നിരവധി ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറുകയും മാധ്യമങ്ങള്‍ വഴി പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. പുതിയ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പോലീസ് പ്രതി ചേര്‍ക്കുകയും ചെയ്തു. ബാലചന്ദ്ര കുമാറിനെ ആദ്യഘട്ടത്തില്‍ പത്ത് ദിവസത്തോളം വിസ്തരിച്ചിരുന്നു.. പ്രതിഭാഗം ക്രോസ് വിസ്താരം പൂര്‍ത്തിയാകാനുണ്ട്. എന്നാല്‍ അനാരോഗ്യം കാരണം ബാലചന്ദ്ര കുമാറിന് കോടതിയിൽ ഹാജരാകാനാവില്ല.
ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിക്കുക. ക്രൈംബ്രാഞ്ചിന് നേരത്തെ സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു എന്ന മൊഴി നല്‍കിയിരുന്നു. ഇത് തന്നെയാണ് വിസ്താരത്തിലും സായ് ശങ്കര്‍ ആവര്‍ത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ ദിലീപ് രംഗത്തെത്തിയിരുന്നു. വിചാരണ നടപടികള്‍ വൈകും എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ദിലീപ് സാക്ഷി വിസ്താരത്തെ എതിര്‍ക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരിയിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഇതോടെയാണ് മഞ്ജു വാര്യര്‍ അടക്കമുള്ളവരുടെ സാക്ഷി വിസ്താരത്തിന് വഴിയൊരുങ്ങിയത്. തനിക്ക് എതിരെ ഗൂഢാലോചനയുണ്ട് എന്ന് പറഞ്ഞ് അതിജീവിതയ്ക്കും മഞ്ജു വാര്യര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി വെച്ചിരിക്കുന്നത്.
അതേസമയം സാക്ഷി വിസ്താരത്തിനിടയിലും ആദ്യ കേസില്‍ രണ്ട് വര്‍ഷമായി തുടരുന്ന വിചാരണ നടപടികള്‍ ഫെബ്രുവരി അവസാന വാരത്തോടെ പൂര്‍ത്തിയാക്കാനാണ് സാധ്യത. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ മാര്‍ച്ചില്‍ അന്തിമ വിധി പ്രസ്താവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതോടെ ആദ്യ കേസില്‍ വിചാരണ നിലച്ചിരുന്നു. ഇത് പിന്നീട് നംവബര്‍ 10 ന് പുനഃരാരംഭിച്ചു. കേസില്‍ രഹസ്യ വിചാരണയാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. വിചാരണ കോടതി മാറ്റണം എന്ന് അതിജീവിത പറഞ്ഞിരുന്നെങ്കിലും ഹൈക്കോടതി അനുവദിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha


























